റിസർവ് ബാങ്ക് റിപ്പോ നിരക്കുയർത്തി; വായ്പകൾ ചെലവേറും
Friday, September 30, 2022 11:57 PM IST
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് (ബിപിഎസ്) ഉയര്‍ത്തി 5.9 ശതമാനമാക്കിയ പശ്ചാ ത്തലത്തിൽ പുതിയ ധനനയത്തെക്കുറിച്ച് വിവിധ ബാങ്ക് മേധാ വികളുടെ പ്രതികരണങ്ങൾ.
അപ്രതീക്ഷിതമായി ഒന്നുമില്ല : കെ. പോള്‍ തോമസ്, എംഡി, സിഇഒ ഇസാഫ് സ്മോള്‍
ഫിനാന്‍സ് ബാങ്ക്
റിപ്പോ നിരക്ക് വര്‍ധിപ്പിച്ച ആര്‍ബിഐയുടെ പുതിയ ധനനയത്തില്‍ അപ്രതീക്ഷിതമായി ഒന്നുമില്ല. യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് വലിയ തോതില്‍ വര്‍ധിപ്പിച്ച പശ്ചാത്തലത്തില്‍ ഇതു പ്രതീക്ഷിച്ചതാണ്. വായ്പാ നിരക്ക് ഉയര്‍ന്നു നില്‍ക്കുമെങ്കിലും ബിസിനസ് വളര്‍ച്ചയുണ്ടാകുമെന്ന് ശുഭപ്രതീക്ഷയുണ്ട്. കാരണം ഉയര്‍ന്ന വളര്‍ച്ചാ നിരക്കും വരാനിരിക്കുന്ന ആഘോഷ സീസണും ഡിമാന്‍ഡ് വര്ധിപ്പിക്കുകയെ ഉള്ളൂ. കൂടാതെ ഈ വര്‍ഷത്തെ പ്രതീക്ഷിച്ചതിലും മികച്ച മണ്‍സൂണ്‍ ഗ്രാമീണ മേഖലയിലെ ബിസിനസ് വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വെല്ലുവിളികളെ പ്രതിരോധിക്കാന്‍ സഹായിക്കും: മുരളി രാമകൃഷ്ണൻ എംഡി ആൻഡ്
സിഇഒ, സൗത്ത് ഇന്ത്യന്‍ ബാങ്ക്
പല രാജ്യങ്ങളിലെയും സമ്പദ്വ്യവസ്ഥകളെ ബാധിച്ച ആഗോള സമ്പദ് വിപണിയിലെ പ്രക്ഷുബ്ധാന്തരീക്ഷം ഉയര്‍ത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ ഉതകുന്ന തരത്തിലാണ് ആര്‍ബിഐ പുതിയ ധനനയം പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോ നിരക്കുകള്‍ 50 ബേസിസ് പോയിന്റുകളും (5.9 %) എസ്ഡിഎഫ് 5.65 ശതമാനമായും പരിഷ്കരിച്ചത് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി ആയിരുന്നു. ആഗോളതലത്തില്‍ മാന്ദ്യ ഭീഷണിയും ഉയര്‍ന്ന പണപ്പെരുപ്പവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ കരുത്തോടെ നിലകൊള്ളുന്നു. അതേസമയം, ആഭ്യന്തര വളര്‍ച്ച നല്ല പ്രവണത കാണിക്കുന്നത് തുടരുമെന്നും അടുത്ത സാമ്പത്തിക വര്‍ഷം ഇത് ഉയരുമെന്നുമാണ് വിശ്വാസം.
പണലഭ്യത കൂടുതൽ അനുകൂലമായേക്കാം: വെങ്കട്ടരാമന് വെങ്കടേശ്വരന്, ഗ്രൂപ്പ് പ്രസിഡന്റ്, സിഎഫ്ഒ, ഫെഡറല്‍ ബാങ്ക്
പൊതുസമവായത്തിന് അനുസൃതമായിട്ടാണ് റിപ്പോ നിരക്കിൽ 50 ബേസ് പോയിന്റെ വർധന വരുത്തിയിരിക്കുന്നത്. ആഗോളരംഗത്ത് വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തന്നെ ഇന്ത്യയുടെ വളർച്ചയിൽ റിസർവ് ബാങ്കിന് ആത്മവിശ്വാസമാണുള്ളത്. പണലഭ്യതയിലെ കുറവ് താത്കാലികമാണെങ്കിലും അവശ്യം വേണ്ട നടപടികൾ റിസർവ് ബാങ്ക് സ്വീകരിക്കുന്നുണ്ട്.
നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പകുതിയില്‍ സർക്കാർ ചെലവഴിക്കുന്ന തുകയിൽ വർധന ഉണ്ടാകുന്നതോടെ പണലഭ്യത കൂടുതൽ അനുകൂലമായേക്കാം. ചുരുക്കിപ്പറഞ്ഞാൽ, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനൊപ്പം വളർച്ചയ്ക്ക് സഹായമേകുന്ന ഒരു നയമാണ് ആർബിഐ സ്വീകരിച്ചിരിക്കുന്നത്.
മികച്ച ധനനയം, പണപ്പെരുപ്പത്തെ നിയന്ത്രിക്കും: വി പി നന്ദകുമാര്‍, എംഡി ആൻഡ് സിഇഒ, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്
ആഗോള രാഷ്ട്രീയ പിരിമുറുക്കങ്ങള്‍, പ്രധാന കേന്ദ്ര ബാങ്കുകളുടെ നിരക്കു വര്‍ധനകള്‍, ഉയരുന്ന പണപ്പെരുപ്പം തുടങ്ങിയവ ഉയര്‍ത്തുന്ന പല വെല്ലുവിളികളെയും പരിഗണിച്ചുള്ള മികച്ച ധനനയമാണിത്. വ്യവസ്ഥാപിതമായ പണലഭ്യതയെ മികച്ച മാതൃകയില്‍ നിലനിര്‍ത്തിയാണ് റിപ്പോ നിരക്ക് 50 ബിപിഎസ് വര്‍ധിപ്പിച്ചത്. ഇത് പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതോടൊപ്പം ഇന്ത്യന്‍ കറന്‍സിയെ വലിയ ചാഞ്ചാട്ടത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുമെന്നാണ് എന്റെ അഭിപ്രായം. ജിഡിപി നിരക്ക് ഏഴു ശതമാനമാക്കി താഴ്ത്തിയത് കൂടുതല്‍ യാഥാര്‍ഥ്യബോധമുള്ള സമീപനമാണ്. മൊത്തത്തില്‍, പ്രതീക്ഷിച്ച രീതിയിൽ തന്നെയാണ് പുതിയ ധനനയം.