നിരോധിത പലസ്തീൻ സംഘടനയ്ക്കുവേണ്ടി പ്രകടനം; 890 പേർ അറസ്റ്റിൽ
Monday, September 8, 2025 2:07 AM IST
ലണ്ടൻ: പലസ്തീൻ ആക്ഷൻ എന്ന സംഘടനയ്ക്കു നിരോധനം ഏർപ്പെടുത്തിയതിൽ പ്രതിഷേധപ്രകടനം നടത്തിയ 890 പേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പാർലമെന്റിനു സമീപമായിരുന്നു പ്രതിഷേധം.
ബ്രിട്ടീഷ് പാർലമെന്റ് ഭീകരവിരുദ്ധ നിയമപ്രകാരം ജൂലൈയിലാണ് സംഘടനയെ നിരോധിച്ചത്. സംഘടനാംഗങ്ങൾ ബ്രിട്ടീഷ് വ്യോമസേനാ താവളത്തിൽ അതിക്രമിച്ചു കടന്ന് ചില വിമാനങ്ങൾക്കു കേടുപാടുണ്ടാക്കിയതിനെത്തുടർന്നായിരുന്നു നിരോധനം. ഗാസ യുദ്ധത്തിൽ ബ്രിട്ടീഷ് സർക്കാർ ഇസ്രയേലിനെ പിന്തുണയ്ക്കുന്നു എന്നാണ് സംഘടനയുടെ ആരോപണം.
നിരോധനത്തിനു പിന്നാലെ സംഘടനയ്ക്ക് അനുകൂലമായി പ്രകടനങ്ങൾ വർധിച്ചുവരികയാണ്. മുന്പും നൂറുകണക്കിനു പേർ അറസ്റ്റിലായിരുന്നു. ഇതിൽ നല്ലൊരു വിഭാഗത്തിനും 60 വയസിനു മുകളിലാണു പ്രായമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.