അമേരിക്കൻ പ്രതിരോധ വകുപ്പിനെ യുദ്ധകാര്യ വകുപ്പാക്കി
Sunday, September 7, 2025 2:07 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ പേര് യുദ്ധകാര്യ വകുപ്പ് എന്നാക്കി പ്രസിഡന്റ് ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചു. ലോകത്തിന്റെ ഇന്നത്തെ അവസ്ഥവച്ച് ഇതാണ് ഉചിതമായ പേരെന്ന് അദ്ദേഹം പറഞ്ഞു.
പേരുമാറ്റം ഔദ്യോഗികമായി പൂർണമാകണമെങ്കിൽ ട്രംപിന്റെ ഉത്തരവ് കോൺഗ്രസ് അംഗീകരിക്കേണ്ടതുണ്ട്.
1789 മുതൽ 1947 വരെ യുദ്ധകാര്യ വകുപ്പ് എന്നായിരുന്നു പേര്. രണ്ടാം ലോഹമഹായുദ്ധം അവസാനിച്ചതിനു പിന്നാലെ പുനഃസംഘടിപ്പിച്ച് പ്രതിരോധ വകുപ്പ് എന്നാക്കുകയായിരുന്നു.
ഈ പേരുമാറ്റത്തിനുശേഷം വലിയ യുദ്ധങ്ങളൊന്നും ജയിക്കാൻ അമേരിക്കയ്ക്കു കഴിഞ്ഞിട്ടില്ലെന്ന് ട്രംപിനൊപ്പമുണ്ടായിരുന്ന വകുപ്പ് മേധാവി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. വകുപ്പ് ഇനി പ്രതിരോധത്തിൽ മാത്രമല്ല, ആക്രമണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.