യുഎസിൽ അറസ്റ്റിലായ കൊറിയക്കാരെ തിരിച്ചെത്തിക്കും
Monday, September 8, 2025 2:07 AM IST
സീയൂൾ: ജോർജിയ സംസ്ഥാനത്തെ ഹ്യുണ്ടായ് വാഹനനിർമാണ കേന്ദ്രത്തിൽ അമേരിക്കൻ കുടിയേറ്റവകുപ്പ് നടത്തിയ റെയ്ഡിൽ അറസ്റ്റിലായ ദക്ഷിണകൊറിയൻ പൗരന്മാരെ മടക്കി അയയ്ക്കും. അമേരിക്കയുമായി ദക്ഷിണകൊറിയ നടത്തിയ ചർച്ചയിലാണ് തീരുമാനം. നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ ഇവരെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കുമെന്ന് ദക്ഷിണകൊറിയൻ സർക്കാർ അറിയിച്ചു.
വ്യാഴാഴ്ചത്തെ റെയ്ഡിൽ അറസ്റ്റിലായ 475 പേരിൽ ഭൂരിഭാഗവും ദക്ഷിണകൊറിയക്കാരാണ്. ഹ്രസ്വകാല, ടൂറിസ്റ്റ് വീസകളിലെത്തിയ ഇവർ ചട്ടം ലംഘിച്ച് തൊഴിലെടുത്തതിന്റെ പേരിലായിരുന്നു അറസ്റ്റെന്ന് അമേരിക്കൻ വൃത്തങ്ങൾ പറയുന്നു. അറസ്റ്റിലായവർക്ക് ദക്ഷിണകൊറിയൻ സർക്കാർ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഏഷ്യ-പസഫിക് സാന്പത്തിക സഹകരണ സമിതി ഉച്ചകോടിയുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ട്രംപ് അടുത്ത മാസം ദക്ഷികൊറിയ സന്ദർശിച്ചേക്കുമെന്ന് സൂചനയുണ്ട്.