അനുറ്റിൻ ചാൺവിരക്കുൾ തായ് പ്രധാനമന്ത്രി
Sunday, September 7, 2025 2:07 AM IST
ബാങ്കോക്ക്: തായ്ലൻഡിലെ പ്രധാനമന്ത്രിയായി പ്രതിപക്ഷ ഭൂംജയ്തായ് പാർട്ടിയുടെ നേതാവ് അനുറ്റിൻ ചാൺവിരക്കുൾ തെരഞ്ഞെടുക്കപ്പെട്ടു. പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ ഭരണകക്ഷിയായിരുന്ന പ്യൂ തായ് പാർട്ടിയുടെ ചെയ്കാസം നിറ്റ്സിരിയെ ആണ് തോൽപ്പിച്ചത്.
സഭയിൽ സന്നിഹിതരായിരുന്ന 490 അംഗങ്ങളിൽ 311 പേർ അനുറ്റിൻ ചാൺവിരക്കുളിനെ പിന്തുണച്ചു. മുൻ പ്രധാനമന്ത്രി പേതോംഗ്താൻ ഷിനിവത്രയെ ഭരണഘടനാ കോടതി പുറത്താക്കിയതിനെത്തുടർന്നാണു പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്.
അധികാര ദുർവിനിയോഗം തടയുമെന്നും നിയമവാഴ്ച ഉറപ്പാക്കുമെന്നും തെരഞ്ഞെടുപ്പിനു പിന്നാലെ ചാൺവിരക്കുളി പറഞ്ഞു.
അന്പത്തിയെട്ടുകാരനും ശതകോടീശ്വരനുമായ അനുറ്റിൻ ചാരൺവിരക്കുൾ 2012 മുതൽ ഭൂംജെയ്തായ് പാർട്ടി നേതാവാണ്. മുന്പ് പലവട്ടം ഡെപ്യൂട്ടി പ്രധാനമന്ത്രിയായിട്ടുണ്ട്.
പ്രധാന പ്രതിപക്ഷ കക്ഷിയായ പീപ്പിൾസ് പാർട്ടിയുടെ പിന്തുണയാണ് അദ്ദേഹത്തെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചത്. നാലു മാസത്തിനകം പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണം എന്ന ഉപാധിയിലാണ് ഈ പാർട്ടി ചാൺവിരക്കുളിനു പിന്തുണ നല്കിയത്.