യുക്രെയ്നിൽ പാശ്ചാത്യസേനയെ അനുവദിക്കില്ല: പുടിൻ
Sunday, September 7, 2025 2:07 AM IST
മോസ്കോ: യുദ്ധാനന്തര യുക്രെയ്ന്റെ സുരക്ഷയ്ക്കായി പാശ്ചാത്യസേനയെ വിന്യസിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യുക്രെയ്നിൽ വിന്യസിക്കുന്ന ഏതു സൈനികനെയും ആക്രമിക്കാനുള്ള അവകാശം റഷ്യക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച പാരീസിൽ ചേർന്ന യുക്രെയ്ൻ അനുകൂല രാജ്യങ്ങളുടെ ഉച്ചകോടിയിലുണ്ടായ തീരുമാനത്തോടുള്ള പ്രതികരണമായിട്ടാണ് പുടിൻ ഇതു പറഞ്ഞത്. വെടിനിർത്തലുണ്ടായാൽ അതു പാലിക്കപ്പെടുന്നു എന്നുറപ്പാക്കാനായി യുക്രെയ്നിൽ സേനയെ വിന്യസിക്കാൻ 26 രാജ്യങ്ങൾ തയാറാണെന്നാണു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അറിയിച്ചത്. പതിനായിരക്കണക്കിനു വിദേശ സൈനികരായിക്കും എത്തുകയെന്നു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പിന്നീട് അറിയിച്ചു.
അതേസമയം, വെടിനിർത്തൽ നീക്കങ്ങൾ മന്ദഗതിയിലാണ്. യുഎസ് പ്രസിഡന്റ് ട്രംപ് കഴിഞ്ഞമാസം പുടിനെ അലാസ്കയിലേക്കു ക്ഷണിച്ചുവരുത്തിയെങ്കിലും തീരുമാനങ്ങളൊന്നും ഉണ്ടായില്ല. യുദ്ധാനന്തര യുക്രെയ്ന്റെ സുരക്ഷയിൽ അമേരിക്കൻ പങ്കാളിത്തം പരിമിതമായിരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.