ശ്രീലങ്കൻ കാറ്റാടിപ്പാടം പദ്ധതികളിൽനിന്ന് അദാനി പിന്മാറി
Friday, February 14, 2025 4:42 AM IST
കൊളംബോ: ശ്രീലങ്കൻ സർക്കാർ തീരുവ കുറച്ചതിനെത്തുടർന്ന് ലങ്കൻ കാറ്റാടിപ്പാടം പദ്ധതികളിൽനിന്ന് അദാനി ഗ്രൂപ്പ് പിന്മാറി. 100 കോടി ഡോളറിന്റെ വമ്പൻ പദ്ധതിയിൽനിന്നാണ് അദാനി പിന്മാറുന്നത്. 2026 പകുതിയോടെ പൂർത്തിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന പദ്ധതിക്ക് പരിസ്ഥിതി സംഘടനകളിൽനിന്നും എതിർപ്പുണ്ടായിരുന്നു.
പാരിസ്ഥിതിക പ്രശ്നം ചൂണ്ടിക്കാട്ടി ശ്രീലങ്കൻ സുപ്രീംകോടതിയിൽ നിയമയുദ്ധവും നടന്നുവന്നിരുന്നു. കഴിഞ്ഞ മേയിൽ, ശ്രീലങ്കയുടെ മുൻ സർക്കാർ അദാനിയിൽനിന്നു വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിരുന്നു.
എന്നാൽ, അനുര കുമാര ദിസനായകെയുടെ പുതിയ സർക്കാർ വൈദ്യുതി കരാറുകൾ അവലോകനം ചെയ്യാൻ തീരുമാനിച്ചതോടെ വൈദ്യുതിക്കു നൽകുന്ന തുകയിൽ കുറവ് വരുത്തുവാൻ ചർച്ചകൾ ആരംഭിച്ചതായി കഴിഞ്ഞ മാസം സർക്കാർ അറിയിച്ചിരുന്നു. സാമ്പത്തികമായി ലാഭകരമല്ലാത്തതിനാൽ പദ്ധതികളിൽനിന്ന് പിന്മാറുന്നുവെന്നാണ് അദാനി ഗ്രീൻ എനർജി ശ്രീലങ്കയെ അറിയിച്ചിരിക്കുന്നത്.