ഗാസയിൽ ആറ് ബന്ദികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
Monday, September 2, 2024 12:42 AM IST
ടെൽ അവീവ്: ഹമാസ് തീവ്രവാദികളുടെ കസ്റ്റഡിയിലായിരുന്ന ആറു ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രേലി സേന ഗാസയിൽനിന്നു വീണ്ടെടുത്തു. തെക്കൻ ഗാസയിലെ റാഫയിൽ തുരങ്കത്തിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇസ്രേലി സേന എത്തുന്നതിനു തൊട്ടുമുന്പ് ഭീകരർ ഇവരെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നുവെന്നു സൈനിക വക്താവ് ഡാനിയൽ ഹാഗാരി അറിയിച്ചു. വെടിനിർത്തലിനു താത്പര്യമില്ലാത്ത ഇസ്രയേലാണ് ബന്ദികളുടെ മരണത്തിന് ഉത്തരവാദിയെന്നു ഹമാസ് നേതാവ് ഇസ്സത് അൽ റിഷ്ഖ് പ്രതികരിച്ചു.
ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ തെക്കൻ ഇസ്രയേലിൽനിന്നു ഗാസയിലേക്കു തട്ടിക്കൊണ്ടുപോകപ്പെട്ട കാർമൽ ഗത്, ഈഡൻ യെരുശാൽമി, ഹെർഷ് ഗോൾഡ്ബെർഗ് പോളിൻ, അലക്സാണ്ടർ ലുബാനോവ്, അൽമോഗ് സരുസി, ഒരി ഡാനിയോ എന്നിവരുടെ മൃതദേഹങ്ങളാണു ശനിയാഴ്ച കണ്ടെത്തിയത്. ഇതിൽ ഹെർഷ് ഗോൾഡ്ബെർഗിന് അമേരിക്കൻ പൗരത്വവുമുണ്ട്.
കൊലപാതകികൾക്കു ശിക്ഷ നല്കുന്നതുവരെ ഇസ്രയേൽ വിശ്രമിക്കില്ലെന്നു പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ബന്ദികളെ കൊന്നവർക്കു വെടിനിർത്തലിൽ താത്പര്യമില്ലെന്നും അവശേഷിക്കുന്ന ബന്ദികളുടെ മോചനത്തിൽ ഇസ്രേലി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നെതന്യാഹുവിനെ കുറ്റപ്പെടുത്തി ബന്ദികളുടെ കുടുംബാംഗങ്ങൾ രംഗത്തു വന്നു. പതിനൊന്നു മാസം ഭീകരരുടെ പീഡനങ്ങൾ അതിജീവിച്ചവരാണു കൊല്ലപ്പെട്ടതെന്നും വെടിനിർത്തൽ വൈകുന്നതാണ് ഇവരുടെ മരണത്തിനു കാരണമായതെന്നും നെതന്യാഹുവിനാണ് ഇതിന്റെ ഉത്തരവാദിത്വമെന്നും ഇവർ പറഞ്ഞു.
അമേരിക്കൻ പൗരന്റെ മരണത്തിൽ പ്രസിഡന്റ് ജോ ബൈഡൻ ദുഃഖം രേഖപ്പെടുത്തി. ബന്ദികളുടെ മരണത്തിനു ഹമാസ് വില നല്കേണ്ടിവരുമെന്നും യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസിനെ ഉന്മൂലനം ചെയ്യണമെന്ന് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ കമല ഹാരിസ് ആവശ്യപ്പെട്ടു.