കുർബാനയ്ക്കിടെ വൈദികനു വെടിയേറ്റു
Sunday, April 14, 2024 2:10 AM IST
യാങ്കോൺ: മ്യാൻമറിൽ കത്തോലിക്കാ വൈദികന് കുർബാനയ്ക്കിടെ വെടിയേറ്റു. കച്ചിൻ സംസ്ഥാനത്ത് വെള്ളിയാഴ്ചയായിരുന്നു സംഭവം.
മോഹ്നിൻ പട്ടണത്തിലെ സെന്റ് പാട്രിക് ഇടവകപ്പള്ളിയിൽ രാവിലെ കുർബാന അർപ്പിക്കുകയായിരുന്ന ഫാ. പോൾ ഷേൻ ആംഗ് ആണ് ആക്രമിക്കപ്പെട്ടത്.
മുഖം മറച്ച് മോട്ടോൾ സൈക്കിളിലെത്തിയ രണ്ടു പേർ നാല്പതുകാരനായ വൈദികനു നേർക്ക് നിറയൊഴിക്കുകയായിരുന്നു. അക്രമികൾ തുടർന്ന് രക്ഷപ്പെട്ടു.
വൈദികൻ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിനുള്ള പ്രേരണ വ്യക്തമല്ല. 2021ൽ പട്ടാളാഭരണകൂടം ജനാധിപത്യ നേതാവ് ആംഗ് സാൻ സൂചി അടക്കമുള്ളവരെ തടവിലാക്കി ഭരണം പിടിച്ചശേഷം മ്യാൻമറിൽ ക്രൈസ്തവ ന്യൂനപക്ഷം പീഡിപ്പിക്കപ്പെടുകയാണ്.