ചീഫ് ജസ്റ്റീസിനു നേർക്ക് ഷൂ എറിയാൻ അഭിഭാഷകന്റെ ശ്രമം
Tuesday, October 7, 2025 1:52 AM IST
ന്യൂഡൽഹി: സനാതന ധർമത്തെ വിമർശിച്ചുവെന്നാരോപിച്ച് സുപ്രീംകോടതി നടപടിക്രമങ്ങൾക്കിടെ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിക്കുനേരേ ഷൂ എറിയാൻ അഭിഭാഷകന്റെ ശ്രമം.
സനാതനധർമത്തെ അപമാനിക്കുന്നത് ഇന്ത്യ സഹിക്കില്ലെന്ന മുദ്രാവാക്യമുയർത്തി ഡൽഹി സ്വദേശിയായ രാകേഷ് കിഷോർ(71) എന്ന അഭിഭാഷകനാണു തുറന്ന കോടതിയിൽ ചീഫ് ജസ്റ്റീസിനെതിരേ അതിക്രമത്തിനു ശ്രമിച്ചത്.
കാലിൽ കിടന്ന സ്പോർട്സ് ഷൂ എറിയാനുള്ള അഭിഭാഷകന്റെ ശ്രമം ശ്രദ്ധയിൽപ്പെട്ട സുരക്ഷാജീവനക്കാർ ഉടൻ ഇടപെടുകയും പിടികൂടുകയുമായിരുന്നു. തന്റെ പ്രതിഷേധം ചീഫ് ജസ്റ്റീസിനുനേരേ മാത്രമാണെന്നും ബെഞ്ചിലെ മറ്റ് അംഗമായ മലയാളി ജഡ്ജി വിനോദ് ചന്ദ്രനോട് ക്ഷമ പറയുന്നതായും സുരക്ഷാജീവനക്കാർ പിടിച്ചുകൊണ്ടുപോകുന്നതിനിടയിൽ അഭിഭാഷകൻ വിളിച്ചുപറയുന്നുണ്ടായിരുന്നു.
പ്രതി 2011 മുതൽ സുപ്രീംകോടതി ബാർ അസോസിയേഷന്റെ അംഗമാണ്. നടപടി വേണ്ടെന്ന ചീഫ് ജസ്റ്റീസിന്റെ നിർദേശത്തെത്തുടർന്ന് മൂന്ന് മണിക്കൂറോളം കസ്റ്റഡിയിലെടുത്തശേഷം പ്രതിയെ വിട്ടയച്ചു.
മധ്യപ്രദേശിലെ ഖജുരാഹോയിലെ ക്ഷേത്രത്തിൽ വിഷ്ണുവിഗ്രഹം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ അത്തരം കാര്യങ്ങൾ ദൈവത്തോടു പോയി പറയൂവെന്ന് ചീഫ് ജസ്റ്റീസ് അഭിപ്രായപ്പെട്ടിരുന്നു.
പബ്ലിസിറ്റി ആഗ്രഹിച്ചുള്ള കേസാണിതെന്നും ഭഗവാൻ വിഷ്ണുവിന്റെ ഉറച്ച ഭക്തനാണെങ്കിൽ നിങ്ങൾ പ്രാർഥിക്കൂ, ഫലം ലഭിക്കുമെന്നുമായിരുന്നു ചീഫ് ജസ്റ്റീസ് ഹർജിക്കാരനോടു പറഞ്ഞത്. കഴിഞ്ഞ മാസമാണ് ചീഫ് ജസ്റ്റീസ് വിഷ്ണുവിഗ്രഹം സംബന്ധിച്ച കേസ് പരിഗണിച്ചത്. കേസിനിടയിൽ നടത്തിയ പരാമർശമാണ് ഇന്നലത്തെ അതിക്രമത്തിനു കാരണം.
ഗവായ് നടത്തിയത് സനാതന ധർമത്തിനെതിരാണെന്നും പരാമർശം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് അന്നുതന്നെ ഒരുകൂട്ടം ആളുകൾ രംഗത്തു വന്നിരുന്നു. എന്നാൽ ചീഫ് ജസ്റ്റീസ് പരാമർശം പിൻവലിക്കാൻ തയാറായില്ല. സംഭവത്തിൽ സുപ്രീംകോടതി ബാർ അസോസിയേഷൻ അഭിഭാഷകനെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
നീതിന്യായ വ്യവസ്ഥയ്ക്കു നേരേയുള്ള അതിക്രമമെന്ന് രാഹുൽ ഗാന്ധി
ചീഫ് ജസ്റ്റീസിനുനേരേയുണ്ടായ അതിക്രമം രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയുടെ അന്തസിനും ഭരണഘടനയുടെ ആത്മാവിനുമെതിരേയുണ്ടായ അതിക്രമമാണെന്ന് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു.
കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങിയവർ അപലപിച്ചു.