ലഡാക്ക് കലാപം: സോനം വാംഗ്ചുകിന്റെ തടങ്കലിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
Tuesday, October 7, 2025 1:52 AM IST
ന്യൂഡൽഹി: ലഡാക്ക് കലാപത്തെത്തുടർന്ന് പരിസ്ഥിതിപ്രവർത്തകൻ സോനം വാംഗ്ചുകിന്റെ തടങ്കൽ ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്രസർക്കാരിൽനിന്നു വിശദീകരണം തേടി സുപ്രീംകോടതി.
ജസ്റ്റീസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണു വിശദീകരണം തേടി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചത്. ദേശീയ സുരക്ഷാനിയമ (എൻഎസ്എ) പ്രകാരം തടങ്കിൽ പാർപ്പിച്ചിരിക്കുന്ന വാംഗ്ങ്ചുകിനെ മോചിപ്പിക്കണമെന്നാവശ്യപ്പട്ട് ഭാര്യ ഗീതാഞ്ജലി ആംഗ്മോയാണു സുപ്രീംകോടതിയെ സമീപിച്ചത്.
വാംചുകിനെ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നതിന്റെ കാരണങ്ങൾ ഭാര്യയെ ബോധ്യപ്പെടുത്തണമെന്ന് ഹർജിക്കാർക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. എന്നാൽ തടങ്കലിലുള്ള വാംഗ്ചുകിന് അതിന്റെ കാരണങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഭാര്യയെ അതു ബോധ്യപ്പെടുത്തേണ്ട നിയമപരമായ ബാധ്യതയില്ലെന്നും കേന്ദ്ര സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. എന്നാൽ കാരണങ്ങൾ ഭാര്യയെ അറിയിക്കണമെന്ന് ആവശ്യപ്പെടുന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി തയാറാകണമെന്ന് സിബൽ ആവശ്യപ്പെട്ടെങ്കിലും ബെഞ്ച് അതിനു തയാറായില്ല.
അതേസമയം, കാരണം വ്യക്തമാക്കുന്നതിൽ എന്താണു തടസമെന്ന് സോളിസിറ്റർ ജനറലിനോട് കോടതി ചോദിച്ചു. അത്തരമൊരു ആവശ്യത്തിന് നിയമപരമായ യാതൊരു ബാധ്യതയുമില്ലെന്നും ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ച് ഹർജിക്കാരൻ പുതിയൊരു പ്രശ്നം സൃഷ്ടിക്കാൻ ശ്രമിക്കുകയാണും സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി.
അറസ്റ്റിനുള്ള കാരണങ്ങൾ വ്യക്തമാക്കാതെ അതുമായി ബന്ധപ്പെട്ട ഉത്തരവിനെ ചോദ്യം ചെയ്യാൻ സാധിക്കില്ലെന്നും അതിനാലാണു ഹർജിക്കാർ അതു തേടുന്നതെന്നും കപിൽ സിബൽ കോടതിയിൽ പറഞ്ഞു. തുടർന്ന് കാരണങ്ങൾ വ്യക്തമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. വിഷയത്തിൽ ഈ മാസം 14ന് വീണ്ടും വാദം കേൾക്കും.