മാസപ്പടി: മാത്യു കുഴൽനാടന്റെ ഹർജി സുപ്രീംകോടതി തള്ളി
Tuesday, October 7, 2025 1:52 AM IST
ന്യൂഡൽഹി: മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോണ്ഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
അഴിമതി ആരോപണങ്ങളിൽ അന്വേഷണത്തിന് ഉത്തരവിടാൻ വിസമ്മതിച്ച വിജിലൻസ് കോടതിയുടെയും ഹൈക്കോടതിയുടെയും വിധിയിൽ ഇടപെടാൻ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് വിസമ്മതിച്ചു. രാഷ്ട്രീയപോരാട്ടത്തിനു കോടതിയെ വേദിയാക്കരുതെന്ന് ഹർജി പരിഗണിച്ചയുടൻ ചീഫ് ജസ്റ്റീസ് പറഞ്ഞു.
എന്നാൽ അത്തരമൊരു ഉദ്ദേശ്യമില്ലെന്നും ഒരുഘട്ടത്തിൽ ചില വിഷയങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിരുന്നതായും ഹർജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗുരു കൃഷ്ണകുമാർ കോടതിയിൽ പറഞ്ഞു. കരിമണൽ കന്പനിയായ സിഎംആർഎല്ലും മുഖ്യമന്ത്രിയുടെ മകളുടെ കന്പനിയും തമ്മിൽ ഒരു കരാർ ഉണ്ടായിരുന്നു.
1.72 കോടി രൂപ അവരുടെ കന്പനിക്കു നൽകി. ആദായനികുതി ഇടക്കാല സെറ്റിൽമെന്റ് ബോർഡിന് മുന്പാകെയുള്ള നടപടിക്രമങ്ങളിൽ മുഖ്യമന്ത്രിയുടെ മകളുടെ കന്പനി ഒരു സേവനവും നൽകിയിട്ടില്ലെന്ന് സിഎംആർഎൽ സമ്മതിച്ചതാണെന്നും ഇതു സംശയം ഉണ്ടാക്കുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയതായും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.