ആൾക്കൂട്ടക്കൊല: യുപി മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കോൺഗ്രസ്
Tuesday, October 7, 2025 1:52 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഡ്രോൺ മോഷ്ടിച്ചുവെന്നാരോപിച്ച് ദളിത് യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിൽ യുപി മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.
പ്രത്യേക അന്വേഷണസംഘത്തെ കേസ് എൽപ്പിക്കണമെന്നും കൊല്ലപ്പെട്ട ഹരിഓമിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നൽകി കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും കോൺഗ്രസ് എസ്ടി വിഭാഗം അധ്യക്ഷൻ രാജേന്ദ്രപാൽ ഗൗതം ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവീട്ടിലേക്കു നടന്നുപോവുകയായിരുന്ന ഹരിഓമിനു ചുറ്റും ചിലർ വട്ടംകൂടുകയും ഡ്രോൺ കവർച്ച ചെയ്ത സംഘത്തിലെ ആളാണെന്നു പറഞ്ഞ് വടികളും ബെൽറ്റുകളും ഉപയോഗിച്ചു മർദിക്കുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.