ജമ്മു കാഷ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കാൻ നീക്കം
Tuesday, August 5, 2025 2:37 AM IST
ന്യൂഡല്‍ഹി: മണിക്കൂറുകളുടെ ഇടവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയത് ജമ്മു കാഷ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നത് ചര്‍ച്ച ചെയ്യാനായിരുന്നുവെന്ന് അഭ്യൂഹം.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ സത് ശര്‍മ, ലഡാക്ക് ലഫ്. ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്ത ഉള്‍പ്പെടെ പ്രമുഖരുമായി വെള്ളി, ശനി ദിവസങ്ങളില്‍ അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. തിങ്കളാഴ്ച ജമ്മു കാഷ്മീര്‍ ഷിയാ അസോസിയേഷന് പ്രസിഡന്റ് ഇമ്രാന് റാസ അന്‍സാരിയും ആഭ്യന്തരമന്ത്രിയെ കണ്ടിരുന്നു.
ജമ്മു കാഷ്മീരിനു സവിശേഷാധികാരം നല്കുന്ന 370-ാം വകുപ്പ് എടുത്തുകളഞ്ഞതിന്റെ വാര്‍ഷികദിനമായ ഇന്ന് എന്‍ഡിഎ മുന്നണിയിലെ എംപിമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നും പറയപ്പെടുന്നു. ഇവയെല്ലാം കൂട്ടിവായിച്ചാണ് ജമ്മു കാഷ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിച്ചേക്കുമെന്ന പ്രചാരണം ശക്തമായത്. ഇന്നു നിർണായക പ്രഖ്യാപനം ഉണ്ടായേക്കാമെന്നാണ് അഭ്യൂഹം.
2019 ഓഗസ്റ്റ് അഞ്ചിനാണ് 370-ാം വകുപ്പ് കേന്ദ്രം എടുത്തുകളഞ്ഞത്. ജമ്മു ആൻഡ് കാഷ്മീര്‍, ലഡാക്ക് എന്നിങ്ങനെ കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തു. ഇതോടൊപ്പം നിയമസഭയും പിരിച്ചുവിട്ടു. ലഫ്. ഗവര്‍ണര്‍മാരിലൂടെ ഭരണം കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തു.
സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് പിന്നീട് പലതവണ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പറഞ്ഞിരുന്നു. 370-ാം വകുപ്പ് റദ്ദാക്കിയത് 2023 ഡിസംബറില്‍ സുപ്രീംകോടതി ശരിവച്ചെങ്കിലും സംസ്ഥാനപദവി സാധ്യമായ വേഗത്തില്‍ പുനഃസ്ഥാപിക്കണമെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട നിയമയുദ്ധത്തിൽ കേന്ദ്രത്തിനു ലഭിച്ച നിർദേശം. 2024ല്‍ ഒമര്‍ അബ്ദുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സംസ്ഥാനപദവിയെന്ന ആവശ്യം കൂടുതല്‍ ശക്തമായി. പഹല്‍ഗാം ഭീകരാക്രമണം ഉള്‍പ്പെടെ ഉയർത്തിക്കാട്ടിയായിരുന്നു വാദം.
വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് ?
സംസ്ഥാന പദവി പുനഃസ്ഥാപിച്ചാല്‍ ജമ്മു കാഷ്മീരിൽ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടത്താമെന്നത് അനുകൂലമായി മോദി സർക്കാർ വിലയിരുത്തുന്നു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിൽ നാഷണൽ കോൺഫറൻസ് ഒരിക്കലും തടസമാകില്ലെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി.
370-ാം വകുപ്പ് എടുത്തുകളഞ്ഞതിനുശേഷം ആദ്യമായി 2024 സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 90 സീറ്റിൽ 49 സീറ്റ് നേടി നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം അധികാരത്തിലേറുകയായിരുന്നു.
നാഷണൽ കോൺഫറൻസിന് 42 സീറ്റ് ലഭിച്ചപ്പോൾ കോൺഗ്രസിന് ആറു സീറ്റ് ലഭിച്ചു. സഖ്യത്തിലുള്ള സിപിഎമ്മിന് ഒരു സീറ്റും ലഭിച്ചു. 29 സീറ്റിലാണ് ബിജെപി വിജയിച്ചത്. മൂന്നു സീറ്റിൽ പിഡിപിയും എഎപി, ജെപിസി കക്ഷികൾ ഒന്നുവീതം സീറ്റിലും സ്വതന്ത്രർ ഏഴു സീറ്റിലും വിജയിച്ചു.