പെണ്‍കുട്ടികളുടെ പരാതിയിൽ നടപടിയെടുക്കാതെ ഛത്തീസ്ഗഡ് പോലീസ്
Tuesday, August 5, 2025 2:37 AM IST
ന്യൂഡൽഹി: കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്യാൻ പോലീസ് കാണിച്ച ശുഷ്കാന്തി ബജ്രംഗ്ദളിനെതിരേ മൂന്നു പെണ്‍കുട്ടികൾ നൽകിയ പരാതിയിൽ കാണിക്കാതെ ഛത്തീസ്ഗഡ് പോലീസ്.
ബലാത്സംഗ ഭീഷണിയടക്കം പെണ്‍കുട്ടികൾ നൽകിയ പരാതിയാണ് മണിക്കൂറുകൾ പിന്നിട്ടിട്ടും എഫ്ഐആർ അടക്കമുള്ള ഒരു നടപടിയും സ്വീകരിക്കാതെ കാത്തുകിടക്കുന്നത്.
കന്യാസ്ത്രീമാർ അറസ്റ്റിലായി മണിക്കൂറുകൾക്കുള്ളിൽ മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ വകുപ്പുകൾ ചുമത്തി എഫ്ഐആർ ഇട്ടു കേസ് രജിസ്റ്റർ ചെയ്ത പോലീസ്, കാര്യങ്ങൾ പരിശോധിച്ചശേഷം മാത്രമേ പെണ്‍കുട്ടികളുടെ പരാതിയിൽ കേസെടുക്കൂവെന്ന നിലപാടിലാണ്.
പെണ്‍കുട്ടികൾ ആദിവാസി വിഭാഗത്തിൽപ്പെട്ടവരായിട്ടുകൂടി പരാതിക്കാർക്കെതിരേയുള്ള നടപടി ഇനിയും വൈകുകയാണ്. കന്യാസ്ത്രീകൾക്കെതിരേ മൊഴി നൽകാനായി ബലാത്സംഗ ഭീഷണിയടക്കം മുഴക്കിയ ബജ്രംഗ്ദൾ നേതാവ് ജ്യോതി ശർമയടക്കമുള്ളവർക്കെതിരേയാണു പെണ്‍കുട്ടികൾ പരാതിയുമായി രംഗത്തുവന്നത്. കന്യാസ്ത്രീമാർക്കു ജാമ്യം ലഭിച്ചതിനു പിന്നാലെയാണു പെണ്‍കുട്ടികൾ പരാതിയുമായി പോലീസിനെ സമീപിച്ചത്.
തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും കന്യാസ്ത്രീമാർക്കെതിരേ മൊഴി നൽകാൻ നിർബന്ധിച്ചുവെന്നുമടക്കമുള്ള പരാതിയിൽ നടപടിയാവശ്യപ്പെട്ടു പെണ്‍കുട്ടികൾ അഞ്ച് പോലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങിയതായി സിപിഐ നാരായണ്‍പുർ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഫൂൾ സിംഗ് വ്യക്തമാക്കി.
ആദ്യം പരാതി നൽകാനായി പട്ടികജാതി- പട്ടിക വർഗങ്ങൾക്കായുള്ള പോലീസ് സ്റ്റേഷനെ സമീപിച്ചു. അവിടെ പരാതി സ്വീകരിക്കില്ലെന്നു വിശദമാക്കിയ പോലീസുകാർ എസ്പി ഓഫീസിലേക്കു പോകാൻ നിർദേശിച്ചു.
എസ്പി ഓഫീസിൽ എത്തിയാണു പരാതി നൽകാനായത്. എന്നാൽ, പരാതി ബന്ധപ്പെട്ടവർ ഗൗരവത്തിൽ പരിഗണിക്കുന്നില്ലെന്നും ഫൂൾ സിംഗ് ആരോപിച്ചു. പോലീസ് സമാന നിലപാട് തുടർന്നാൽ പെണ്‍കുട്ടികളുടെ കുടുംബം മുഖേന കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കന്യാസ്ത്രീമാർ അറസ്റ്റിലായതിനുശേഷം ബജ്രംഗ്ദൾ പ്രവർത്തകർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടികളിൽ ഒരാളുടെ അമ്മ പറഞ്ഞു. തങ്ങളുടെ അനുവാദത്തോടെയാണു പെണ്‍കുട്ടികൾ കന്യാസ്ത്രീമാർക്കൊപ്പം പോയതെന്നും തെറ്റായ ആരോപണങ്ങളാണു കന്യാസ്ത്രീകൾക്കുനേരേ ഉന്നയിക്കുന്നതെന്നും അവർ പറഞ്ഞു.