ബിഹാർ വോട്ടർപട്ടിക: ലോക്സഭ സ്തംഭിച്ചു
Tuesday, August 5, 2025 2:36 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ബിഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (സ്പെഷൽ ഇന്റൻസീവ് റിവിഷൻ-എസ്ഐആർ) ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ ലോക്സഭ വീണ്ടും സ്തംഭിച്ചു. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറന്റെ നിര്യാണത്തിൽ ഒരു മിനിറ്റ് മൗനമാചരിച്ചശേഷം രാജ്യസഭ ഇന്നലെ രാവിലെ പിരിഞ്ഞു.
ലോക്സഭ ചേർന്നയുടൻ ബിഹാർ വോട്ടർ പട്ടിക പുതുക്കൽ പ്രശ്നം ചർച്ച ചെയ്യണമെന്ന് പതിപക്ഷ ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു. ചോദ്യോത്തരവേള നിർത്തിവച്ചു പ്രശ്നം അടിയന്തരമായി ചർച്ച ചെയ്യണമെന്ന ആവശ്യം ഇന്നലെയും സ്പീക്കർ നിഷേധിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് ലോക്സഭയും ഉച്ചകഴിഞ്ഞു രണ്ടുവരെ നിർത്തിവച്ചു.
ഉച്ചകഴിഞ്ഞ് ചേർന്നപ്പോൾ 2025ലെ ദേശീയ കായിക ഭരണബിൽ അവതരിപ്പിക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും പ്രതിപക്ഷം സഭയിൽ പ്രതിഷേധം തുടർന്നു. ഇതേത്തുടർന്ന് ഇന്നു രാവിലെ ചേരുന്നതുവരെ സഭ പിരിയുകയായിരുന്നു. പ്രതിപക്ഷ ബഹളത്തിനിടയിലും പ്രധാന കായികബിൽ അവതരിപ്പിച്ചു പാസാക്കാൻ സർക്കാർ നടത്തിയ ശ്രമം ഇന്നലെ പാളി.
പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചും ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും ഇരുസഭകളിലും നടന്ന രണ്ടു ദിവസത്തെ ചർച്ചയൊഴികെ, ജൂലൈ 21ന് ആരംഭിച്ച വർഷകാല സമ്മേളനം ഏതാണ്ട് പൂർണമായി സത്ംഭിച്ചു. ബിഹാറിലെ വോട്ടർ പട്ടികയിൽനിന്നു ലക്ഷക്കണക്കിനാളുകളെ നീക്കം ചെയ്ത പ്രശ്നത്തിനുപുറമേ ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീകളെയും ഒരു ആദിവാസി യുവാവിനെയും അന്യായമായി അറസ്റ്റ് ചെയ്തു ജയിലിലടച്ച സംഭവത്തിലും ഇരുസഭകളിലും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. പാർലമെന്റിനുപുറത്തും യുഡിഎഫ്, എൽഡിഎഫ് എംപിമാർ രണ്ടു വിഷയങ്ങളിലും പ്രതിഷേധ ധർണ നടത്തി.
ബിഹാറിലെ വോട്ടർ പട്ടിക പുതുക്കൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിയായതിനാൽ ചർച്ചയില്ലെന്ന നിലപാടിലാണു കേന്ദ്രസർക്കാർ. എന്നാൽ ജനാധിപത്യ സംവിധാനത്തിൽ ലക്ഷക്കണക്കിന് പൗരന്മാർക്കു വോട്ടവകാശം ഇല്ലാതാക്കുന്നതിൽ സാങ്കേതികന്യായം പറഞ്ഞു തടിതപ്പാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് സംയുക്ത പ്രതിപക്ഷം ഒറ്റക്കെട്ടായി പറയുന്നു.
കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതോടെ അർഹരായ ലക്ഷക്കണക്കിന് ബിഹാറികൾ പട്ടികയിലില്ലെന്ന് പ്രതിപക്ഷം പറയുന്നു. ഇതുവരെ 11 ദിവസം പാർലമെന്റ് സമ്മേളിച്ചതിൽ ഒന്പതു ദിവസവും ഇരുസഭകളിലെയും നടപടികളെല്ലാംതന്നെ തടസപ്പെട്ടു. ഇന്നു രാവിലെയും പ്രതിപക്ഷ പ്രതിഷേധം തുടർന്നേക്കും.