എംപിക്കും രക്ഷയില്ല...എംപിയുടെ മാല പൊട്ടിച്ചു: മോഷണം അതീവ സുരക്ഷാമേഖലയിൽ
Tuesday, August 5, 2025 2:36 AM IST
ന്യൂഡൽഹി: തമിഴ്നാട്ടിൽനിന്നുള്ള കോണ്ഗ്രസ് എംപി ആർ. സുധയുടെ സ്വർണമാല മോഷ്ടാവ് തട്ടിപ്പറിച്ചു. ഡൽഹിയിലെ അതീവ സുരക്ഷാമേഖലയും വിവിധ രാജ്യങ്ങളുടെ എംബസികൾ സ്ഥിതിചെയ്യുന്നതുമായ ചാണക്യപുരിയിലെ പോളണ്ട് എംബസിക്കു മുന്പിൽ ഇന്നലെ രാവിലെ 6.15നും 6.20നും ഇടയിലാണു മോഷണം നടന്നത്.
ഹെൽമെറ്റ് ധരിച്ചു സ്കൂട്ടറിൽ എതിർദിശയിൽനിന്ന് എത്തിയ വ്യക്തി മാല തട്ടിപ്പറിക്കുകയായിരുന്നുവെന്ന് ആർ. സുധ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഇന്നലെ രാവിലെ രാജ്യസഭാ എംപി രാജാത്തിക്കൊപ്പം നടക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. ഡൽഹിയുടെ സുരക്ഷാച്ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് വിഷയം ചൂണ്ടിക്കാട്ടി എംപി കത്തയച്ചു.
വിഷയം പാർലമെന്റിൽ ഉന്നയിക്കാനും എംപിമാർ ശ്രമം നടത്തി. കോണ്ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കൊപ്പം സുധ സ്പീക്കർ ഓം ബിർളയെ കണ്ട് ആശങ്കയറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത ഡൽഹി പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതിക്രമം നടക്കുന്പോൾ നിരവധി പേർ പരിസരത്തുണ്ടായിരുന്നുവെന്നും സഹായം അഭ്യർഥിച്ചിട്ടും ആരുമെത്തിയില്ലെന്നും നോക്കിനിൽക്കുകയായിരുന്നുവെന്നും സുധ ആരോപിച്ചു. അതുവഴി വന്ന പോലീസ് പട്രോളിംഗ് സംഘത്തോടു വിഷയം പറഞ്ഞപ്പോൾ ചാണക്യപുരി സ്റ്റേഷനിൽ പരാതി നൽകാനാണ് ആവശ്യപ്പെട്ടത്.
സംഭവം മാനസികമായി ഏറെ തളർത്തിയെന്നും മാല വലിച്ചപ്പോൾ കഴുത്തിനു പരിക്കേൽക്കുകയും ചുരിദാർ കീറുകയും ചെയ്തതായും എംപി മാധ്യമങ്ങളോടു പറഞ്ഞു. അതീവ സുരക്ഷാമേഖലയിലുണ്ടായ ഈ അതിക്രമം തന്നെ ഞെട്ടിച്ചുവെന്നും ദേശീയതലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയിൽ ഒരു സ്ത്രീക്ക് സുരക്ഷിതമായി നടക്കാനാകുന്നില്ലെങ്കിൽ രാജ്യത്ത് മറ്റെവിടെയാണ് അതു സാധിക്കുകയെന്നും എംപി ചോദിച്ചു.