ഷിബു സോറൻ അന്തരിച്ചു
Tuesday, August 5, 2025 2:36 AM IST
റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും രാജ്യത്തെ പ്രമുഖ ആദിവാസിവിഭാഗം നേതാവുമായ ഷിബു സോറൻ (81) അന്തരിച്ചു.
വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാംഗഡ് ജില്ലയിലെ ജന്മനാട്ടിൽ നടക്കും. ഷിബു സോറനോടുള്ള ആദരസൂചകമായി ജാർഖണ്ഡ് നിയമസഭാ സമ്മേളനം നിർത്തിവച്ചു. സംസ്ഥാനത്ത് മൂന്നു ദിവസം ദുഃഖാചരണം നടത്തും.
ജാർഖണ്ഡ് രൂപവത്കരണത്തിനു സുപ്രധാന പങ്കു വഹിച്ച നേതാവാണ് ഷിബു സോറൻ. മൂന്നു തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായ ഷിബു സോറൻ എട്ടു തവണ ലോക്സഭാംഗമായി. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ മകനാണ്.
ഷിബു സോറന്റെ നിര്യാണത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ അനുശോചിച്ചു. ഡൽഹിയിലെ ആശുപത്രിയിലെത്തി ഷിബു സോറന് പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു.