"എന്തും പറയാമെന്ന് കരുതരുത്'; രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതി വിമർശനം
Tuesday, August 5, 2025 2:36 AM IST
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി.
അരുണാചൽപ്രദേശിൽ ചൈനീസ് സൈന്യം ഇന്ത്യൻ സൈനികരെ മർദിക്കുന്നുവെന്നും ഇന്ത്യയുടെ 2000 ചതുരശ്ര കിലോമീറ്റർ ചൈന കൈയടക്കിയെന്നുമുള്ള രാഹുലിന്റെ പ്രസ്താവനയാണ് ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിമർശനത്തിനിടയാക്കിയത്.
രാഹുലിന്റെ പരാമർശത്തിനെതിരേ നൽകിയ മാനനഷ്ടക്കേസ് ചോദ്യം ചെയ്തു സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ വിമർശനം.
അതിർത്തിയിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാടിനെയാണു രാഹുൽ ചോദ്യം ചെയ്തത്.എന്നാൽ 2000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം ചൈന കൈവശപ്പെടുത്തിയെന്നതിന് എന്തു തെളിവാണ് രാഹുലിന്റെ പക്കലുള്ളതെന്ന് കോടതി ചോദിച്ചു. ഒരു യഥാർഥ ഇന്ത്യക്കാരനാണെങ്കിൽ ഇത്തരം പ്രസ്താവനകൾ നടത്തില്ല. അഭിപ്രായസ്വാതന്ത്ര്യം ഉള്ളതുകൊണ്ട് എല്ലാം പറയാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.
ഇത്തരം വിഷയം പാർലമെന്റിൽ ഉന്നയിക്കുന്നതിനു പകരം സമൂഹമാധ്യമത്തിൽ പ്രസ്താവന നടത്തുന്നതിനെതിരേയും കോടതി മുന്നറിയിപ്പ് നൽകി. സുപ്രീംകോടതി രാഹുലിനെ രൂക്ഷമായി വിമർശിച്ചെങ്കിലും കേസുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ നടപടിക്കു താത്കാലിക സ്റ്റേ അനുവദിച്ചു.
2022ലെ ഭാരത് ജോഡോ യാത്രയ്ക്കിടയിലായിരുന്നു രാഹുലിന്റെ വിവാദ പരാമർശം. ഇതിനെതിരേ സമർപ്പിച്ച പരാതിയിൽ ലക്നോയിലെ പ്രത്യേക കോടതി രാഹുലിന് സമൻസ് അയച്ചിരുന്നു.
ഇതു ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സൈന്യത്തിനുനേരേ അപകീർത്തിപരമായ പ്രസ്താവനകൾ നടത്താൻ ആവിഷ്കാരസ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കോടതി സമൻസ് സ്റ്റേ ചെയ്തില്ല. തുടർന്നാണു സുപ്രീംകോടതിയെ സമീപിച്ചത്.
കേന്ദ്രത്തിനെതിരേ കോണ്ഗ്രസ്
രാഹുലിനെ സുപ്രീംകോടതി ശാസിച്ചതിനു പിന്നാലെ കേന്ദ്രസർക്കാരിനെതിരേ വിമർശനവുമായി കോണ്ഗ്രസ്. 2020 ലെ ഗാൽവാൻ സംഭവത്തിനുശേഷം രാജ്യം ഒന്നടങ്കം നിരവധി ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
എന്നാൽ കേന്ദ്രസർക്കാർ ചൈനയുമായുള്ള നയതന്ത്ര വിഷയത്തിൽ ന്യായീകരണം മാത്രമാണു നിരത്തിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു. പ്രധാനമന്ത്രി എന്തിനാണ് ഇക്കാര്യത്തിൽ ചൈനയ്ക്കു ക്ലീൻ ചിറ്റ് നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.