ധർമസ്ഥലയിൽ വീണ്ടും അസ്ഥികളും സാരിയുടെ ഭാഗവും കണ്ടെത്തി
Tuesday, August 5, 2025 2:36 AM IST
മംഗളൂരു: ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകളെത്തുടർന്ന് നടക്കുന്ന പരിശോധനയിൽ കൂടുതൽ തെളിവുകൾ പുറത്തുവരുന്നു.
വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പതിനൊന്നാമതായി അടയാളപ്പെടുത്തിയ സ്ഥലത്തുനിന്ന് മനുഷ്യാസ്ഥികളും ഒരു സാരിയുടെ ഭാഗവും കണ്ടെത്തി. സ്ത്രീയുടെ മൃതദേഹമാണ് ഇവിടെ മറവുചെയ്തിരുന്നതെന്ന കാര്യം ഇതോടെ ഉറപ്പായി.
കേസിലെ സാക്ഷിയായ മുൻ ശുചീകരണ തൊഴിലാളി നേരത്തേ പറഞ്ഞിരുന്ന സ്ഥലത്തുനിന്ന് അല്പം മാറിയാണ് ഇന്നലെ കുഴിയെടുത്ത് പരിശോധന നടത്തിയതെന്നാണു സൂചന. സാക്ഷിയുടെതന്നെ ആവശ്യപ്രകാരമാണു സ്ഥലംമാറ്റിയത്.
സാക്ഷിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശോധനയിൽ ഇത് രണ്ടാംതവണയാണ് മനുഷ്യാസ്ഥികൾ ലഭിക്കുന്നത്. ആറാമതായി അടയാളപ്പെടുത്തിയ സ്ഥലത്തുനിന്നാണു നേരത്തേ അസ്ഥികൾ ലഭിച്ചിരുന്നത്. അത് പുരുഷന്റെ അസ്ഥികളാണെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്.
വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ധർമസ്ഥല ട്രസ്റ്റിനെതിരായി വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സെഷൻസ് കോടതി ഉത്തരവ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. മാധ്യമപ്രവർത്തകനായ നവീൻ സൂറിഞ്ചെയാണ് ഉത്തരവിനെതിരായി ഹൈക്കോടതിയെ സമീപിച്ചത്.