കേരളത്തിൽ കാലവർഷം വ്യാപിച്ചു
Sunday, June 11, 2023 12:24 AM IST
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്തു വ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. സംസ്ഥാനത്ത് പരക്കെ കാലവർഷത്തിന്റെ ഭാഗമായുള്ള മഴ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചു. വരും ദിവസങ്ങളിലും മഴ തുടരും.
ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ആറ് ജില്ലകളിൽ ഇന്നും രണ്ട് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, എന്നിവിടങ്ങളിൽ ഇന്നും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ എഴ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണു സാധ്യത.
മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ അതിതീവ്ര ചുഴലിയായി സ്ഥിതി ചെയ്യുന്ന ബിപർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനവും കേരളത്തിൽ കനത്ത മഴയ്ക്കിടയാക്കും. വീണ്ടും ശക്തി പ്രാപിക്കുന്ന ബിപോർജോയ് അടുത്ത 24 മണിക്കൂറിൽ വടക്ക് കിഴക്ക് ദിശയിലും തുടർന്നുള്ള മൂന്ന് ദിവസം വടക്ക്-പടിഞ്ഞാറ് ദിശയിലും സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇതിനു പുറമെ വടക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ബംഗ്ലാദേശ് മ്യാൻമർ തീരത്തിനു സമീപം അതി ശക്തമായ ന്യൂനമർദമായി ശക്തി പ്രാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.