ശന്പള പരിഷ്കരണ കുടിശിക ഉടൻ പിഎഫിൽ നിക്ഷേപിക്കില്ല
Friday, March 31, 2023 1:23 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു സാന്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശന്പള പരിഷ്കരണ കുടിശികയുടെ ആദ്യ ഗഡു പിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന പ്രഖ്യാപനം നീട്ടി.
സംസ്ഥാനത്തെ 5.5 ലക്ഷം സർക്കാർ ജീവനക്കാരുടെ 20 മാസത്തെ കുടിശിക തുകയിൽ അഞ്ചു മാസത്തെ കുടിശിക നാളെ ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന പ്രഖ്യാപനമാണു സാന്പത്തിക പ്രതിസന്ധിയെത്തുടർന്നു നീട്ടിവച്ചത്.
ആദ്യഗഡു പിഎഫിൽ നിക്ഷേപിക്കാൻ ഏകദേശം 1,350 കോടി രൂപ വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്തു നടപ്പാക്കിയ ശന്പള പരിഷ്കരണ കുടിശിക തുക നാലു ഗഡുക്കളായി നൽകുമെന്നായിരുന്നു അന്നു ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്ക് പ്രഖ്യാപിച്ചത്.
2023 ഏപ്രിൽ ഒന്ന്, ഒക്ടോബർ ഒന്ന്, 2024 ഏപ്രിൽ ഒന്ന്, ഒക്ടോബർ എന്നിങ്ങനെ നൽകുമെന്നായിരുന്നു പ്രഖ്യാപനം. ആദ്യ രണ്ടു ഗഡുക്കൾ പിഎഫിൽ ലയിപ്പിക്കുമെന്നും മറ്റുള്ളവ പണമായി നൽകുമെന്നുമായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീട് നാലു ഗഡുക്കളും പിഎഫിൽ ലയിപ്പിക്കുമെന്നു തിരുത്തി. ഇതിലെ ആദ്യ ഗഡുവാണ് നാളെ പിഎഫ് അക്കൗണ്ടുകളിൽ നിക്ഷേപിക്കേണ്ടിയിരുന്നത്. ഇതാണ് സാന്പത്തിക പ്രതിസന്ധിയെ തുടർന്നു മാറ്റിവച്ചത്.
ശന്പള വർധനയ്ക്കു മുൻകാല പ്രാബല്യം നൽകിയപ്പോൾ, 2019 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി വരെയുള്ള ശന്പള വർധനയുടെ കുടിശികയാണ് ജീവനക്കാർക്കു നൽകാനുള്ളത്. ഏകദേശം 5400 കോടി രൂപയാണ് ജീവനക്കാർക്ക് ശന്പള കുടിശിക ഇനത്തിൽ മാത്രം കൊടുക്കേണ്ടത്. ഇതിൽ ആദ്യഗഡുവായി മാത്രം 1350 കോടി പിഎഫിൽ നിക്ഷേപിക്കേണ്ടതുണ്ട്. സെക്രട്ടേറിയറ്റിലെ ഒരു അസിസ്റ്റന്റിന് കുടിശിക ഇനത്തിൽ മാത്രം ഒരു ലക്ഷത്തോളം രൂപ നൽകേണ്ടതുണ്ട്.
സാന്പത്തിക വർഷം ഇന്ന് അവസാനിക്കാനിരിക്കേ ട്രഷറിയിലും കടുത്ത നിയന്ത്രണങ്ങളാണ് തുടരുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്കു നൽകേണ്ട പദ്ധതി വിഹിതത്തിൽ 77 ശതമാനത്തോളം മാത്രമാണു ചെലവഴിക്കാനായത്. കഴിഞ്ഞ മാസങ്ങളിലെ ചരക്കു സേവന നികുതി പിരിവും അട്ടിമറിക്കപ്പെട്ടു. നികുതി പിരിവ് പ്രതീക്ഷിച്ചതിലും വളരെയേറെ താഴ്ന്നു.
മാർച്ചിൽ 6300 കോടി രൂപയാണു സംസ്ഥാനം കടമെടുത്തത്. തദ്ദേശ സ്ഥാപനങ്ങളുടെ മൂന്നാം ഗഡുവിനെ വീണ്ടും മൂന്നു ഗഡുക്കളാക്കിയതോടെ തദ്ദേശ സ്ഥാപന തലത്തിൽ നടക്കേണ്ട വികസന പ്രവർത്തനങ്ങൾ നടത്താനായില്ല.