നോവ ഉത്സവവേദിയിൽ കൊല്ലപ്പെട്ടവർക്ക് കണ്ണീർപ്രണാമം
Tuesday, October 8, 2024 3:02 AM IST
ഗാസ സ്ക്വയർ: ഹമാസ് ഭീകരർ ഗാസ സ്ക്വയറിലെ നോവ ഉത്സവവേദിയിൽ നടത്തിയ കൂട്ടക്കുരുതിയുടെ ഓർമയിൽ ആയിരങ്ങൾ ഒത്തുചേർന്നു. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് റെയിം പാർക്കിംഗിൽ നോവ ഉത്സവത്തിനിടെ ഹമാസ് ഭീകരർ അതിക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്.
364 പേരെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കിയ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടവരും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ ആയിരങ്ങളാണ് ഇന്നലെ കണ്ണീർപ്രണാമം അർപ്പിക്കാൻ ഒത്തുകൂടിയത്.
ഉറ്റവരെ നഷ്ടമായതിന്റെ വേദനയിലും പ്രിയപ്പെട്ടവരുടെ ഓർമ നിലനിർത്തുമെന്ന ആത്മവിശ്വാസമാണ് എല്ലാവരും പ്രകടിപ്പിച്ചത്. ഒന്നാംവാർഷികത്തിൽ രണ്ട് അനുസ്മരണചടങ്ങുകളാണ് റെയിം പാർക്കിംഗ് മേഖലയിൽ നടന്നത്.
പുലർച്ചെ 6.25 നു നടന്ന ചടങ്ങിൽ ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗ് ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു. ഉച്ചയോടെ നടന്ന രണ്ടാമത്തെ അനുസ്മരണ പരിപാടിയിലും ഒട്ടേറെപ്പേരാണ് ഭാഗഭാക്കായത്.
ഹമാസിന്റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനായി സ്ഥലത്തെ കണ്ടെയ്നറുകളിൽ ഒളിച്ച ഒരു ഡസനിലേറെ ആളുകളെ ഹമാസ് തീവ്രവാദി തെരിഞ്ഞുപിടിച്ചു വെടിവയ്ക്കുകയായിരുന്നു. നാലുപേർ മാത്രമാണ് വെടിവയ്പിൽനിന്ന് രക്ഷപ്പെട്ടത്.
നോവ ഉത്സവവേദിയിൽ നടന്ന ആക്രമണത്തിൽ ഒട്ടേറെപ്പേർക്കു പരിക്കേറ്റിരുന്നു. നിരവധി സ്ത്രീകളെയാണു ഹമാസ് ഭീകരർ ബലാത്സഗം ചെയ്തത്. ഉത്സവസ്ഥലത്തുനിന്നു നാൽപതോളം പേരെ ബലമായി ഗാസയിലെത്തിച്ച് ബന്ദികളാക്കുകയും ചെയ്തു.
ജീവിതം ഒരിക്കലും പഴയതുപോലെ ആകില്ലെന്നായിരുന്നു ആക്രമണത്തിൽ മകനെ നഷ്ടപ്പെട്ട ചാഗിത് ലാവി എന്ന അമ്മ വിതുന്പിപ്പറഞ്ഞത്. ഇവരെപ്പോലെ ഒട്ടേറെയാളുകളാണ് കണ്ണീരോടെ തങ്ങളുടെ അനുഭവങ്ങൾ അനുസ്മരണവേദിയിൽ പങ്കുവച്ചത്.