യുദ്ധവാർഷികത്തിൽ അനുസ്മരണ പരിപാടികളുമായി ഇസ്രയേൽ
Monday, October 7, 2024 11:27 PM IST
ടെൽ അവീവ്: ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാർഷികദിനത്തിൽ ഇസ്രയേലിൽ അനുസ്മരണപരിപാടികൾ നടന്നു. യുദ്ധം തുടരുന്നതിനാൽ അതീവജാഗ്രതയിലായിരുന്നു അനുസ്മരണ പരിപാടികൾ. രണ്ടു ഡസനിലധികം ആളുകൾ കൊല്ലപ്പെട്ട തെക്കൻ നഗരമായ ഒഫാകിമിൽ ജനങ്ങളെ ഒഴിവാക്കി മുൻകൂട്ടി റെക്കോർഡുചെയ്ത പരിപാടിയാണു നടന്നത്.
ബന്ദികളെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ടുള്ള റാലികളും ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു. ടെൽ അവീവിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. പതിനായിരക്കണക്കിനാളുകളെ പങ്കെടിപ്പിച്ച് പരിപാടി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഹിസ്ബുള്ള-ഇറാൻ മിസൈൽ ആക്രമണമുണ്ടായേക്കുമെന്ന ഭീതിയിൽ പരിപാടിചുരുക്കി.
നോവ സംഗീതോത്സവത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ സംഭവസ്ഥലത്ത് ഒത്തുചേർന്നു. അതേസമയം, ഗാസയിൽ ഹമാസ് ബന്ദികളാക്കിയവരുടെ ബന്ധുക്കൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ജറൂസലേമിലെ വസതിക്കുമുന്നിൽ ഒത്തുചേർന്ന് രണ്ടു മിനിറ്റ് സൈറൺ മുഴക്കി.
ഗാസയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനാൽ ഔപചാരിക അനുസ്മരണ പരിപാടികളൊന്നും നടന്നില്ല. 2023 ഒക്ടോബർ 7-ലെ ആക്രമണത്തിൽ 1200 ഓളം പേർ കൊല്ലപ്പെട്ടു. നിരവധി ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇസ്രയേലിന്റെ ആക്രമണത്തിൽ 42,870 പേർ ഗാസയിൽ കൊല്ലപ്പെട്ടു. ഇതിൽ ഭൂരിഭാഗം പേരും സാധാരണക്കാരാണ്.