ഇസ്രയേൽ ആക്രമണം തുടരുന്നു; ലബനനിൽ അഭയാർഥി പ്രതിസന്ധി
Saturday, October 5, 2024 10:49 PM IST
ടെൽ അവീവ്: ഇസ്രേലി സേനയും ഹിസ്ബുള്ള ഭീകരരും തമ്മിലുള്ള സംഘർഷത്തിന് അയവില്ല. തെക്കൻ ലബനനിൽ കരയാക്രമണം നടത്തുന്ന ഇസ്രേലി സേനയുമായി ഹിസ്ബുള്ളകൾ ഏറ്റുമുട്ടൽ തുടരുകയാണ്. ഇസ്രേലി വ്യോമസേന ബെയ്റൂട്ട് അടക്കമുള്ള ലബനീസ് നഗരങ്ങളിൽ ഇന്നലെയും ബോംബിട്ടു. ഇസ്രയേലിലേക്ക് ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണവും ഉണ്ടായി.
ദിവസങ്ങളായുള്ള ഇസ്രേലി ആക്രമണങ്ങളിൽ 2000നു മുകളിൽ പേർ കൊല്ലപ്പെട്ടുവെന്നും ഇതിൽ 127 പേർ കുട്ടികളും 261 പേർ സ്ത്രീകളും ആണെന്ന് ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
വടക്കൻ ലബനനിലെ ട്രിപ്പോളി നഗരത്തിലുണ്ടായ ഇസ്രേലി വ്യോമാക്രമണത്തിൽ ഹമാസ് കമാൻഡർ സയീദ് അത്തള്ളയും ഭാര്യയും രണ്ടു കുട്ടികളും കൊല്ലപ്പെട്ടു. ബഡ്ഡാവി പലസ്തീൻ അഭയാർഥി ക്യാന്പിൽ ഇയാളുടെ വസതിക്കു നേർക്ക് ഡ്രോൺ ആക്രമണം ഉണ്ടാവുകയായിരുന്നു.
തെക്കൻ ലബനനിൽ കൂടുതൽ കരയാക്രമണങ്ങൾ ഉണ്ടാകുമെന്ന് ഇസ്രേലി സേന അറിയിച്ചു. കൂടുതൽ പ്രദേശങ്ങളിൽനിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണം. ഏറ്റുമുട്ടലുകളിൽ ഡസൻകണക്കിന് ഹിസ്ബുള്ള ഭീകരരെ വധിച്ചുവെന്നും സേന അറിയിച്ചു.
അതേസമയം, അതിർത്തിഗ്രാമമായ അദെയ്സെയിൽനിന്ന് ഇസ്രേലി സേനയെ തുരത്തിയതായി ഹിസ്ബുള്ളകൾ അവകാശപ്പെട്ടു. ഇസ്രേലി ഭാഗത്ത് ആൾനാശമുണ്ടെന്നും ഹിസ്ബുള്ള അറിയിച്ചു. ഇസ്രയേൽ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
യുഎൻ അഭയാർഥി ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി ഇന്നലെ ലെബനനിലെത്തി. ഇസ്രേലി ആക്രമണങ്ങളെത്തുടർന്ന് രണ്ടു ലക്ഷം പേർ ലബനനിൽനിന്ന് സിറിയയിലേക്കു പലായനം ചെയ്തതായി അദ്ദേഹം അറിയിച്ചു. കടുത്ത അഭയാർഥി പ്രതിസന്ധിയാണ് ലെബനൻ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പലായനം ചെയ്തവരുടെ എണ്ണം മൂന്നു ലക്ഷത്തിനടുത്താണെന്ന് ലബനീസ് ഭരണകൂടം പറഞ്ഞു.
പ്രമുഖ രാജ്യങ്ങളെല്ലാം തങ്ങളുടെ പൗരന്മാരെ ലബനനിൽനിന്ന് ഒഴിപ്പിക്കുകയാണ്. 23 രാജ്യങ്ങൾ വിമാനമാർഗം പൗരന്മാരെ രക്ഷിക്കാൻ ശ്രമിച്ചു.