സംഘർഷം കനത്തു; ബെയ്റൂട്ടിൽ ഇസ്രേലി വ്യോമാക്രമണം
Friday, September 20, 2024 11:17 PM IST
ബെയ്റൂട്ട്: പേജർ, വാക്കിടോക്കി ആക്രമണത്തിനു പിന്നാലെ ഇസ്രേയൽ-ഹിസ്ബുള്ള സംഘർഷം കനത്തു. ഇസ്രയേലിനു ശക്തമായ തിരിച്ചടി നല്കുമെന്നു ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ള വ്യാഴാഴ്ച പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ഇസ്രേലി പോർവിമാനങ്ങൾ ലബനനിൽ വ്യോമാക്രമണം നടത്തി.
ഇതിനു മറുപടിയായി ഇന്നലെ ഇസ്രയേലിൽ ഹിസ്ബുള്ളകളുടെ റോക്കറ്റാക്രമണമുണ്ടായി. ഇതിനു പിന്നാലെ ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒന്പതു പേർ കൊല്ലപ്പെടുകയും 59 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഹിസ്ബുള്ളയിലെ ഓപ്പറേഷൻ വിഭാഗം കമാൻഡർ ഇബ്രാഹി അക്വിലും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു. തെക്കൻ ബെയ്റൂട്ടിൽ അക്വിലിന്റെ വസതി ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 1980ൽ 63 പേർ കൊല്ലപ്പെട്ട ബെയ്റൂട്ടിലെ യുഎസ് എംബസി ബോംബാക്രമണം നടത്തിയ സംഘത്തിൽ അക്വിലും ഉൾപ്പെട്ടിരുന്നു.
വ്യാഴാഴ്ച രാത്രി ഹിസ്ബുള്ളകളുടെ നൂറിലധികം കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ അറിയിച്ചു. ഹിസ്ബുള്ളയുടെ മിസൈൽ വിക്ഷേപിണികളും ആയുധസംഭരണ കേന്ദ്രങ്ങളുമാണു ലക്ഷ്യമിട്ടത്. ആക്രമണം രണ്ടു മണിക്കൂർ നീണ്ടു. അടുത്തകാലത്ത് ഇസ്രേലി സേന ലബനനിൽ നടത്തുന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്.
ഇതിനു പിന്നാലെ ഇന്നലെ ഹിസ്ബുള്ളകൾ വടക്കൻ ഇസ്രയേലിലേക്ക് 140 റോക്കറ്റുകൾ തൊടുത്തു. ഇസ്രേലി ഭാഗത്ത് വ്യാപകമായി തീപിടിത്തമുണ്ടായി.
ഹിസ്ബുള്ളകൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകളും വാക്കിടോക്കികളും ചൊവ്വ, ബുധൻ ദിവസങ്ങളിൽ പൊട്ടിത്തെറിച്ച് 37 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിനു പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
ആക്രമണം എല്ലാ പരിധികളും ലംഘിക്കുന്നതാണെന്നും ഇസ്രയേലിനു ശക്തമായ തിരിച്ചടി നല്കുമെന്നും ഹിസ്ബുള്ള തലവൻ നസറുള്ള ടിവി പ്രസംഗത്തിൽ ഭീഷണി മുഴക്കി. പ്രസംഗത്തിന്റെ സംപ്രേഷണ സമയത്തുതന്നെ ഇസ്രേലി പോർവിമാനങ്ങൾ ലബനനിൽ ആക്രമണം നടത്തിയിരുന്നു.
ഹിസ്ബുള്ളയുടെ തിരിച്ചടി പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ വടക്കൻ ഇസ്രയേലിൽ സുരക്ഷ ശക്തമാക്കി.
അപ്പർ ഗലീലിയിലെയും ഗോലാൻ കുന്നുകളിലെയും ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ഇസ്രേലി സർക്കാർ നിർദേശിച്ചു.