കെണിയില്‍ വീഴാതെ കമല
Thursday, September 12, 2024 12:31 AM IST
വാഷിംഗ്ടണ്‍ ഡിസിയില്‍നിന്ന് പി.ടി. ചാക്കോ
“കമല ഹാരിസ് മാര്‍ക്സിസ്റ്റാണ്. എല്ലാവര്‍ക്കുമറിയാം അവര്‍ മാര്‍ക്സിസ്റ്റാണെന്ന്. അവരുടെ പിതാവ് ഇക്കണോമിക്സില്‍ മാര്‍ക്സിസ്റ്റ് പ്രഫസറാണ്. അദ്ദേഹം അവരെ നന്നായി പഠിപ്പിച്ചിട്ടുണ്ട്.’’
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും തമ്മില്‍ നടന്ന പ്രസിഡന്‍ഷൽ സംവാദത്തില്‍ കമലയെ പ്രതിരോധത്തിലാക്കാന്‍ ട്രംപ് തൊടുത്തുവിട്ട നിരവധി ആരോപണങ്ങളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ അവര്‍ അതിനോട് പ്രതികരിച്ചില്ല. എന്ത് അസംബന്ധമാണെന്ന മട്ടില്‍ താടിയില്‍ കൈവച്ച് മനോഹരമായ ഒരു ചിരിയും പാസാക്കി അവഗണിച്ചു.
കെണിയില്‍ വീഴാതെയും ട്രംപിനെ കെണിയില്‍ വീഴ്ത്തിയും അവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. എബിസി ചാനലിന്റെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയയില്‍ നടന്ന ഒന്നര മണിക്കൂര്‍ സംവാദം ദശലക്ഷക്കണക്കിനുപേർ വീക്ഷിച്ചു.
കമല 60 ശതമാനം മുന്നിട്ടുനിന്നെന്ന് സിഎന്‍എന്‍ ചാനല്‍ വിലയിരുത്തി. ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, ദ ഗാര്ഡിയന് ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളും കമലയുടെ പ്രകടനത്തെ പ്രശംസിച്ചു.
സംവാദത്തിനായി എത്തിയ ഉടനെ കമല ഹാരിസ് ട്രംപിനെ അങ്ങോട്ടുപോയി അഭിവാദ്യം ചെയ്തു. ഒരു വിഷയത്തില്‍ രണ്ടു മിനിറ്റ് വീതമാണ് ഇരുവർക്കും അനുവദിച്ചത്. സംസാരിക്കാന്‍ അനുവാദം ഇല്ലാതിരുന്നപ്പോള്‍ കമല തലയാട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചു. പതിവിനു വിരുദ്ധമായി മോഡറേറ്റര്‍മാര്‍ സംവാദത്തില്‍ ഇടപെട്ടു.
സാമ്പത്തിക കാര്യങ്ങള്‍, കുടിയേറ്റം എന്നിവയില്‍ കമല ഹാരിസിനെ ട്രംപ് പ്രതിരോധത്തിലാക്കി. പ്രസിഡന്റ് ബൈഡന്റെ വീഴ്ചകള്‍ക്ക് കമല ഹാരിസിനു മറുപടി പറയേണ്ടി വന്നു. സാമ്പത്തികമേഖലയില്‍ പല കാര്യങ്ങളും ചെയ്യാനുണ്ടെന്ന് കമല പറഞ്ഞപ്പോള്‍ എന്തുകൊണ്ട് അവ ഇതുവരെ ചെയ്തില്ലെന്ന ചോദ്യത്തിന് കമലയ്ക്ക് മറുപടി ഇല്ലായിരുന്നു.
കുടിയേറ്റത്തിനെതിരേയുള്ള ജനരോഷം തിരിച്ചറിഞ്ഞ് ട്രംപ് അതിന് ഊന്നല്‍ നല്കി. കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കാനുള്ള ബില്ലിനെതിരേ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരോട് വോട്ട് ചെയ്യാന്‍ ട്രംപ് പറഞ്ഞ കാര്യം കമല അനുസ്മരിച്ചു.
20 ലക്ഷം കുടിയേറ്റക്കാരെ മുഴുവന്‍ പുറത്താക്കുന്നതെങ്ങനെയെന്ന മോഡറേറ്ററുടെ ചോദ്യത്തില്‍നിന്ന് ട്രംപ് വഴുതിമാറി. ഒഹായോയിലെ കുടിയേറ്റക്കാര്‍ പട്ടികളെയും കിളികളെയും പിടിച്ചു തിന്നുകയാണെന്ന ട്രംപിന്റെ ആരോപണത്തില്‍ മോഡറേറ്റര്‍മാര്‍ ഇടപെട്ടു.
ഗര്‍ഭഛിദ്രത്തില്‍ ട്രംപ് പ്രതിരോധത്തിലായി. ട്രംപ് നിയമിച്ച സുപ്രീംകോടതി ജഡ്ജിമാരാണ് രാജ്യവ്യാപകമായി നിലനിന്ന ഗര്‍ഭഛിദ്രം ഇല്ലാതാക്കിയത്. സ്ത്രീകളുടെ അവകാശമാണ് അവരുടെ ശരീരമെന്ന വാദം കമല ഉയര്‍ത്തി. പ്രസിഡന്റായാല്‍ രാജ്യവ്യാപകമായി ഗര്‍ഭച്ഛിദ്രം നിരോധിക്കുമോയെന്ന ചോദ്യം ട്രംപിനെ കുഴപ്പിച്ചു.
ഗര്‍ഭത്തിന്റെ മൂന്നാംപാദത്തിലും ജനിച്ചുവീഴുന്ന കുട്ടികളെയും കൊല്ലുന്നവരാണ് ഡെമോക്രാറ്റുകളെന്ന ട്രംപിന്റെ ആരോപണത്തിലും മോഡറേറ്ററുടെ ഇടപെടല്‍ ഉണ്ടായി. ട്രംപ് പ്രസിഡന്റായിരുന്നപ്പോള്‍ സഹപ്രവര്‍ത്തകരായിരുന്ന നിരവധി പേര് തന്നെ പിന്തുണയ്ക്കുന്നുവെന്ന് കമല ചൂണ്ടിക്കാട്ടിയപ്പോള്‍ അവരെയൊക്കെ താന്‍ പുറത്താക്കിയതായിരുന്നു എന്ന മറുപടിയാണ് ട്രംപ് നൽകിയത്.
കമല കറുത്ത വംശജയാണെന്ന ട്രംപിന്റെ വിമര്‍ശനത്തോട് ജനങ്ങളെ നിറത്തിന്റെയും വംശത്തിന്റെയും പേരില്‍ വിഭജിക്കരുതെന്ന് കമല അഭ്യര്‍ഥിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്ന് ട്രംപ് നടത്തിയ കലാപാഹ്വാനത്തില്‍ ഖേദിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി.
അഫ്ഗാനിസ്ഥാനില്‍നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറിയതോടെ ലോകത്തൊരിടത്തും ഇപ്പോള്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഇടപെടല്‍ ഇല്ലെന്ന് കമല ഹാരിസ് വ്യക്തമാക്കി. എന്നാല്‍ ഇതുമൂലം 2448 അമേരിക്കന്‍ സൈനികര്‍ അവിടെ കൊല്ലപ്പെട്ടെന്ന് ട്രംപ് തിരിച്ചടിച്ചു.
രണ്ടു മോഡറേറ്റര്‍മാര്‍ ഉള്‍പ്പെടെ മൂന്നു പേരെയാണ് താന്‍ നേരിട്ടതെന്ന് ട്രംപ് സംവാദത്തിനുശേഷം പ്രതികരിച്ചു. സംവാദം കഴിഞ്ഞയുടൻ പ്രശസ്ത അമേരിക്കന്‍ ഗായിക ടെയ്ലര് സ്വിഫ്റ്റ് കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് ഡെമോക്രാറ്റുകള്‍ക്ക് ആഹ്ലാദം പകര്‍ന്നു.
ജൂണില്‍ നടന്ന ആദ്യ സംവാദത്തില്‍ ജോ ബൈഡന് ദയനീയമായി പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് കമല ഹാരിസ് ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ഥിയായത്.
കമലയ്ക്കതു സംഭവിച്ചില്ല. പ്രോസിക്യൂട്ടര്‍ ആയിരുന്ന കമല ഹാരിസ് യുക്തിസഹമായ വാഗ്വിലാസത്തോടെ മികച്ച പ്രകടനവും കാഴ്ചവച്ചു. സാധാരണഗതിയില്‍ രണ്ടോ മൂന്നോ പ്രസിഡന്റ് സംവാദം നടക്കാറുണ്ട്. അതിനിനി ട്രംപ് തുനിയുമോയെന്ന് ഉറപ്പില്ല.