56 ഇഞ്ച് നെഞ്ച് അപ്രത്യക്ഷമായെന്ന് രാഹുല്‍ ഗാന്ധി
Wednesday, September 11, 2024 2:18 AM IST
പി.ടി. ചാക്കോ
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയില്‍ നിലനിന്ന ഭയത്തിന്റെ അന്തരീക്ഷം ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം പെട്ടെന്ന് അപ്രത്യക്ഷമായെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇപ്പോള്‍ ഭയമില്ലെന്ന് സാധാരണക്കാരായ ഇന്ത്യക്കാര്‍ തന്നോട് പറയാറുണ്ട്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
56 ഇഞ്ച് നെഞ്ചും ദൈവവുമായി നേരിട്ടുള്ള ബന്ധവുമൊക്കെ പഴങ്കഥയായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മൂന്നു മാസം മുമ്പാണ് കോണ്‍ഗ്രസിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും പൂട്ടിയത്.
നയാപൈസയില്ലാതെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യുദ്ധത്തില്‍ പോരാടിയത്. ഇന്ത്യയെന്ന ആശയത്തെ സംരക്ഷിക്കാന്‍ നടത്തിയ പോരാട്ടത്തില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനോടൊപ്പം ഉണ്ടായിരുന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
അമേരിക്കയില്‍ ഡിന്നറിന് ആദ്യം ഒരു കോഴ്സ്, മെയിന്‍ കോഴ്സ്, ഒടുവില്‍ മധുരം എന്നിങ്ങനെയാണു വിളമ്പുന്നത്. എന്നാല്‍ ഇന്ത്യയില്‍ എല്ലാം കൂടി ഒരു പ്ലേറ്റില്‍ ഒരുമിച്ചാണു വരുന്നത്. എല്ലാറ്റിനും തുല്യ പ്രാധാന്യം. അതാണ് ഇന്ത്യയുടെ സംസ്കാരം. എന്നാല്‍, ആര്‍എസ്എസ് ചിലര്‍ക്കു മാത്രമാണ് പ്രാധാന്യം നല്‍കുന്നത്. അതിനെതിരേയുള്ള പോരാട്ടമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ്.
ഇന്ത്യയും അമേരിക്കയും യൂണിയന് ഓഫ് സ്റ്റേറ്റ്സ് ആണ്. കുടിയേറ്റക്കാര്‍ ഇന്ത്യയില്‍നിന്നുള്ള ആശയങ്ങളുമായി അമേരിക്കയിലും അവര്‍ ഇവിടെയുള്ള ആശയങ്ങള്‍ ഇന്ത്യയിലും പകര്‍ന്ന് ഇരു രാജ്യങ്ങളുടെയും അംബാസഡര്‍മാരായി മാറിയെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.
ഐഒസി ചെയര്മാന് സാം പെട്രോഡ, എഐസിസി സെക്രട്ടറി ആരതി കൃഷ്ണ, ഐഒസി യുഎസ്എ പ്രസിഡന്റ് മൊഹിന്ദര്‍ സിംഗ്, ഡിസി ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്സണ് മ്യാലില്‍, പ്രദീപ് സമല തുടങ്ങിയവര്‍ പ്രസംഗിച്ചു.