കാർഗിൽ യുദ്ധത്തിലെ പങ്ക് സമ്മതിച്ച് പാക് സൈന്യം
Sunday, September 8, 2024 2:25 AM IST
ഇസ്ലാമാബാദ്: കാർഗിൽ യുദ്ധത്തിലെ തങ്ങളുടെ പങ്ക് ഇതാദ്യമായി ഔദ്യോഗികമായി സമ്മതിച്ച് പാക് സൈന്യം. ഇന്ത്യയുമായുള്ള 1965ലെയും 1971ലെയും 1999ലെയും യുദ്ധങ്ങളിൽ രാജ്യത്തിന്റെ നിരവധി സൈനികരെ നഷ്ടമായതായി സൈനികമേധാവി ജനറൽ ആസിം മുനിർ പറഞ്ഞു.
റാവൽപിണ്ടിയിൽ പ്രതിരോധ ദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ പ്രസംഗിക്കവെയാണ് സൈനികമേധാവി ഇക്കാര്യം വ്യക്തമാക്കിയത്. 1999ലെ കാർഗിൽ യുദ്ധം നടന്നിട്ട് 25 വർഷം പിന്നിടുന്പോഴാണ് ഇതാദ്യമായി ഈ യുദ്ധത്തിൽ തങ്ങളുടെ സൈനികർ പങ്കെടുത്തെന്ന് പാക് സൈന്യം സമ്മതിക്കുന്നത്.
കാർഗിൽ മേഖലയിൽ ഇന്ത്യയ്ക്കെതിരേ യുദ്ധം നടത്തിയത് മുജാഹിദീനു (വിമോചന പോരാളികൾ) കളാണെന്നായിരുന്നു പാക് സൈന്യം ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ യുദ്ധത്തിൽ പാക് സൈന്യത്തിന്റെ പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകൾ ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു.
യുദ്ധത്തടവുകാരായി ഇന്ത്യ പിടികൂടിയവരിൽ നിരവധി പാക് സൈനികരുമുണ്ടായിരുന്നു. യുദ്ധത്തിൽ കൊല്ലപ്പെട്ട നിരവധി പാക് സൈനികരുടെ മൃതദേഹങ്ങൾ പാക്കിസ്ഥാൻ ഏറ്റുവാങ്ങാൻ വിസമ്മതിച്ചതിനാൽ ഇന്ത്യൻ സൈന്യമാണു സംസ്കരിച്ചത്. മാത്രമല്ല പാക് സൈന്യത്തിന്റെ നിരവധി ആയുധങ്ങളും ഇന്ത്യൻ സേന പിടിച്ചെടുത്തിരുന്നു.
നിയന്ത്രണരേഖയ്ക്കു സമീപം കാർഗിൽ മേഖലയിലും ടൈഗർ ഹിൽസിലും നുഴഞ്ഞുകയറിയ പാക് സൈന്യത്തെയും ഭീകരരെയും മൂന്നു മാസത്തെ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ സേന തുരത്തി രാജ്യത്തിന്റെ അഭിമാനം കാത്തത്.