കടുത്തുരുത്തി: ഏറ്റുമാനൂര്‍ - എറണാകുളം റോഡില്‍ അപകട ഭീഷണിയുയര്‍ത്തുന്ന കൊടും വളവുകള്‍ നിവരുന്നതും പ്രതീക്ഷിച്ചുള്ള യാത്രക്കാരുടെയും നാട്ടുകാരുടെയും കാത്തിരിപ്പിന് പരിഹാരമില്ല. വളവുകള്‍ നിവരണമെങ്കില്‍ ഇനിയും കാലങ്ങളേറേയെടുക്കും. കാണക്കാരി മുതല്‍ തലയോലപ്പറമ്പ് വരെയുള്ള കൊടുംവളവുകള്‍ വാഹന യാത്രക്കാര്‍ക്കു പേടിസ്വപ്നമായി മാറിയിട്ട് കാലങ്ങളേറേയായി. പ്രഖ്യാപനങ്ങളും സമരങ്ങളും ഒരുപാടു നടന്നെങ്കിലും ഇവ നിവര്‍ത്താനുള്ള നടപടികള്‍ കടലാസിലൊതുങ്ങുകയാണ്.
നിവരേണ്ടത് 41 വളവുകള്‍
ഏറ്റുമാനൂര്‍ - എറണാകുളം റോഡിലുള്ള 41 ഇടങ്ങളിലെ വളവുകളാണ് നിവരാനുള്ളത്. സിലോണ്‍ കവലയ്ക്കു സമീപം കുറിച്ചി വളവിലും കുറുപ്പന്തറ പുളിന്തറ വളവിലുമാണ് ഏറ്റുമാനൂര്‍ - വൈക്കം റോഡില്‍ അപകടങ്ങള്‍ ഏറ്റവും കൂടുതലുണ്ടാകുന്നത്. പുളിന്തറ വളവില്‍ അപകടങ്ങള്‍ ഒഴിഞ്ഞ ദിവസങ്ങളില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്.
നമ്പ്യാകുളം, കളത്തൂര്‍, പുളിന്തറ, കുറുപ്പന്തറ ആറാംമൈല്‍, പട്ടാളമുക്ക്, മുട്ടുചിറ, കടുത്തുരുത്തി ഇടക്കര, ആപ്പാഞ്ചിറ, സിലോണ്‍ ജംഗ്ഷന്, കുറിച്ചി വളവ് തുടങ്ങിയ വളവുകളിലുണ്ടായ വാഹനാപകടങ്ങള്‍ എണ്ണിയാല്‍ തീരില്ല. കുറുപ്പന്തറ പുളിന്തറ വളവിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നിരവധിയാളുകള്ക്കാണു ജീവന് നഷ്ടപ്പെട്ടത്. അതിലേറേയാളുകള്ക്ക് പരിക്കേറ്റു. എതിരേ വരുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെടാതെ പോകുന്നതും അമിതവേഗവുമാണ് പലപ്പോഴും അപകടകാരണമാകുന്നത്.
മോന്‍സ് ജോസഫ് എംഎല്‍എ പൊതുമരാമത്തു മന്ത്രിയായിരിക്കെ പട്ടിത്താനം - കടുത്തുരുത്തി - വൈക്കം റോഡിലെ വളവുകള്‍ നിവര്ക്കുന്നതിനായി പദ്ധതി തയാറാക്കുകയും അനുമതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല.
സര്‍വേ നടപടികള്‍ പൂര്‍ത്തിയായില്ല
2018 -ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ഇപ്പോള്‍ സര്‍വേ നടപടികള്‍ നടക്കുന്നത്. ഭൂമി ഏറ്റെടുക്കലിനു മുന്നോടിയായുള്ള വിശദമായ സര്‍വേയാണ് നടക്കുന്നത്. 1.9675 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കല്‍ വിഭാഗം പാലാ സ്പെഷല്‍ തഹസീല്‍ദാറുടെ നേതൃത്വത്തിലാണ് സര്‍വേ ജോലികള്‍ നടത്തുന്നത്.
പട്ടിത്താനം മുതല്‍ തലയോലപ്പറമ്പ് വരെയുള്ള അപകടവളവുകള്‍ നിവര്ക്കുന്നതിനായി അധികൃതര്‍ ഏഴു വില്ലേജുകളിലാണ് സര്‍വേ നടത്തുന്നത്. കാണക്കാരി, കുറുപ്പന്തറ, കോതനല്ലൂര്‍, മാഞ്ഞൂര്‍, മുട്ടുചിറ, കടുത്തുരുത്തി, വടയാര്‍ വില്ലേജുകളിലാണ് സര്‍വേ പുരോഗമിക്കുന്നത്. ആറു വില്ലേജുകളിലെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി.
ഇനി വടയാര്‍ വില്ലേജിലാണ് സര്‍വേ പൂര്‍ത്തിയാകാനുള്ളത്. ഹൈലെവല്‍ കമ്മിറ്റിയുടെ അനുമതിയും ലഭിച്ചിരുന്നു. സര്‍വേ നടപടികള്‍ തുടങ്ങിയെങ്കിലും സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ നാളിതുവരെയായിട്ടും എങ്ങുമെത്തിയില്ല.
നടപടികള്‍ വേഗത്തിലാക്കണം
അധികൃതരുടെ അനാസ്ഥമൂലം നടപടിക്രമങ്ങള്‍ വൈകുന്നു. കൊടുംവളവുകള്‍ വാഹന യാത്രക്കാര്‍ക്കു പേടിസ്വപ്നമായി മാറിയിട്ട് കാലങ്ങളേറേയായിട്ടും ഇവ നിവര്‍ത്താനുള്ള നടപടികള്‍ ഫയലുകളില്‍ ഉറങ്ങുകയാണ്.
അപകടവളവുകള്‍ നിവര്ക്കാന് നടപടി സ്വീകരിക്കുയും ഇതിനായി തുടങ്ങിവച്ച സര്‍വേയും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.