മലയോര ഹൈവേ : മലപുറം-കോടഞ്ചേരി റീച്ചിന്റെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചു
1477945
Sunday, November 10, 2024 6:15 AM IST
കോടഞ്ചേരി: മലയോര ഹൈവേയുടെ തിരുവമ്പാടി നിയോജകമണ്ഡലത്തിലെ അവസാന റീച്ചായ മലപുറം-കോടഞ്ചേരി ഭാഗത്തിന്റെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചു. ദേശീയപാത 766-ലെ മലപുറത്ത് നിന്നാരംഭിച്ച് 6.832 കിലോമീറ്റർ ദൈർഘ്യത്തിൽ കൊട്ടാരക്കോത്ത്, തെയ്യപ്പാറ എന്നിവിടങ്ങളിലൂടെ കടന്ന് കോടഞ്ചേരിയിൽ അവസാനിക്കുന്ന തരത്തിലാണ് മലയോര ഹൈവേ റീച്ച്.
കോടഞ്ചേരി ടൗണിൽ നിന്ന് കാപ്പാട്-തുഷാരഗിരി-അടിവാരം സംസ്ഥാനപാതയുമായി ഈ പാത സംയോജിച്ച് മലയോര ഹൈവേയുടെ കക്കാടംപൊയിൽ റീച്ചുമായി ചേരും.
തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്ത് പരിധികളിലൂടെയാണ് റീച്ച് പ്രധാനമായും കടന്നുപോകുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. ഒന്നര വർഷമാണ് പ്രവൃത്തിയുടെ കാലാവധി.