അതേ; പാരീസ് കത്തുകയാണ്
ശത്രുക്കളും ആയുധവുമില്ലാത്ത, വെറുപ്പും വൈരാഗ്യവുമില്ലാത്ത യുദ്ധം തുടങ്ങുകയായി. ഇന്നു പാരീസ് ഒളിന്പിക്സിനു തിരി തെളിയും. കായികതാരങ്ങളുടെ പരേഡ് സെയ്ൻ നദിയിലൂടെയാണ്. ഈ രാത്രി ഉറങ്ങാനുള്ളതല്ല.
1944ൽ പാരീസ് നഗരത്തിനു തീയിടാൻ ഉത്തരവിട്ട ഹിറ്റ്ലർ തന്റെ സൈന്യത്തോടു ചോദിച്ച ഒരു ചോദ്യമുണ്ട്; പാരീസ് കത്തുന്നുണ്ടോ? ഹിറ്റ്ലർക്കുള്ള ഉത്തരം അവിടെ നിൽക്കട്ടെ. പക്ഷേ, പാരീസിന് ഇന്നു തീപിടിക്കും.
ഇന്നു രാത്രിയിൽ ഒളിന്പിക്സ് ദീപശിഖയിൽ തീയിടുന്നതോടെ 17 ദിവസം പാരീസ് "നിന്നു കത്തും'. ലോകം അതിന്റെ ആവേശച്ചൂടിൽ തിളച്ചുമറിയും. കായികമത്സരങ്ങളുടെ അവസാനവാക്കായ ഒളിന്പിക്സ് ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ ഇന്നു തുടങ്ങുകയാണ്.
ഇന്ത്യൻ സമയം രാവിലെ 11 ന് മത്സരങ്ങളും രാത്രി 11ന് ഉദ്ഘാടനച്ചടങ്ങും ആരംഭിക്കും. അതേ; ശത്രുക്കളും ആയുധവുമില്ലാത്ത, വെറുപ്പും വൈരാഗ്യവുമില്ലാത്ത യുദ്ധം തുടങ്ങുകയായി.
ചരിത്രം സെയ്ൻ നദിപോലെ പാരീസിന്റെ മാറിലൂടെ പ്രവഹിക്കുകയാണ്. 1940ൽ രണ്ടാം ലോകയുദ്ധക്കാലത്ത് ഹിറ്റ്ലർ ഫ്രാൻസ് കീഴടക്കി. 1944ൽ അയാൾ പാരീസിലെത്തി സഖ്യകക്ഷികൾ കീഴടക്കുന്നതിനു മുന്പ്, നഗരം കത്തിച്ചു ചാന്പലാക്കാൻ ഉത്തരവിട്ടു.
അതു നടക്കാതെപോയതിന്റെ ചരിത്രമാണ് 1966ൽ ലാറി കോളിൻസും ഡൊമിനിക് ലാപ്പിയറും ചേർന്നെഴുതിയ "ഈസ് പാരീസ് ബേണിംഗ്?' എന്ന വിഖ്യാത പുസ്തകം. ഈഫൽ ഗോപുരവും നോത്രദാം പള്ളിയുമടക്കം ഹിറ്റ്ലർ നശിപ്പിക്കാൻ ഉത്തരവിട്ടതിനെയെല്ലാം സാക്ഷിയാക്കിയാണ് ഇന്ന് 33-ാം ഒളിന്പിക്സിനു തിരശീല ഉയരുന്നത്.
ചരിത്രത്തിൽ ആദ്യമായി, മുഖ്യവേദിക്കു പുറത്തുവച്ച് ഇന്ന് ഒളിന്പിക്സ് ഉദ്ഘാടനം നടക്കും. ഇന്ത്യക്കാർ ഉൾപ്പെടെ പതിനായിരത്തിലേറെ കായികതാരങ്ങളെ വഹിക്കുന്ന നൂറോളം ബോട്ടുകളാണ് സെയ്ൻ നദിയിലൂടെ ആറു കിലോമീറ്റർ പരേഡ് നടത്തുന്നത്.
തീവ്രവാദ ഭീഷണി ഉൾപ്പെടെ പരിഗണിച്ച് പാരീസ് നഗരത്തിന് അസാധാരണമായ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ നദിക്കരയിൽ കാഴ്ചക്കാരുടെ എണ്ണം മൂന്നു ലക്ഷമായി പരിമിതപ്പെടുത്തി. 1900ൽ പാരീസിൽ ഒളിന്പിക്സിനു തുടക്കം കുറിച്ച ഇന്ത്യ 124 വർഷത്തിനുശേഷം വീണ്ടും അരങ്ങേറ്റമണ്ണിലെത്തുകയാണ്; പുത്തൻ സ്വപ്നങ്ങളുമായ്.
ഇന്ത്യയുടെ 117 അംഗ സംഘത്തിൽ ഏഴു മലയാളികളുണ്ട്. ഹോക്കിയിൽ ഗോൾകീപ്പറായ പി.ആർ. ശ്രീജേഷ്, ബാഡ്മിന്റണിൽ എച്ച്.എസ്. പ്രണോയ്, പുരുഷ റിലേയിൽ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, മിക്സഡ് റിലേയിൽ മിജോ ചാക്കോ കുര്യൻ, ട്രിപ്പിൾ ജംപിൽ അബ്ദുള്ള അബൂബക്കർ എന്നിവരാണ് കേരളത്തിന്റെ സാന്നിധ്യമറിയിക്കുന്നത്.
ഒളിന്പിക്സിൽ നാലാം തവണ പങ്കെടുക്കുന്ന പി.ആർ. ശ്രീജേഷ് ഇത്തവണ വിരമിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. കായികതാരങ്ങളോടുള്ള സർക്കാരിന്റെ അവഗണനയും മെഡൽ നേടുന്നവരോടുള്ള വാഗ്ദാനലംഘനങ്ങളും പതിവായ കേരളത്തിൽനിന്ന് ഒരു വനിതപോലും ഒളിന്പിക്സിൽ പങ്കെടുക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്; അപമാനകരവും.
നീരജ് ചോപ്രയുടെയും അഭിനവ് ബിന്ദ്രയുടെയും ഉൾപ്പെടെ ആകെ 10 സ്വർണമെഡലുകളാണ് ഇന്ത്യ ഒളിമ്പിക്സ് വേദിയിൽനിന്ന് ഇതുവരെ കരസ്ഥമാക്കിയിട്ടുള്ളത്. ഒൻപത് വെള്ളിയും 16 വെങ്കലവും ചേർത്ത് ആകെ 35 മെഡലുകൾ.
കേരളത്തിന്റെ പി.ആർ. ശ്രീജേഷ് ഉൾപ്പെടുന്ന പുരുഷ ഹോക്കി ടീം ഇന്ത്യയുടെ മെഡൽപ്രതീക്ഷയാണ്. 2020 ടോക്കിയോ ഒളിന്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്ര, വനിതാ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു, ബാഡ്മിന്റൺ താരം പി.വി. സിന്ധു, ബോക്സിംഗിൽ ലവ്ലിന ബോർഗോഹെയ്ൻ, ഗോൾഫ് താരം അദിതി അശോക്, ഗുസ്തിയിൽ വിനേഷ് ഫോഗട്ട്, ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ സാത്വിക്-സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം, ഷൂട്ടിംഗിൽ സിഫ്രത്ത് കൗർ സമ്ര, മനു ഭാകർ, ബോക്സിംഗിൽ നിഖത് സരീൻ തുടങ്ങിയവർ പാരീസിൽ ത്രിവർണപതാക ഉയർത്തുമെന്ന ഇന്ത്യയുടെ സ്വപ്നം യാഥാർഥ്യമാകട്ടെ.
1924ലെ ഒളിന്പിക്സിൽ കേരളത്തിന്റെ അരങ്ങേറ്റം കുറിച്ച പരേതനായ സി.കെ. ലക്ഷ്മൺ, പിന്നീടെത്തിയ പി.ടി. ഉഷ, ഷൈനി വിൽസൺ, അഞ്ജു ബോബി ജോർജ് എന്നിവരുടെ നേട്ടങ്ങളുടെ പട്ടികയിലേക്ക് പുതിയ പേരുകൾ ഇത്തവണ എഴുതിച്ചേർക്കുമെന്നാശിക്കാം.
ഒളിന്പിക്സ് ഒരു ജനതയുടെ ആവേശമായി മാറുന്പോൾ അതിനൊപ്പം നിന്നുകൊണ്ടാണ് ലോകമെങ്ങും സർക്കാരുകൾ പുതിയ താരങ്ങളെ സൃഷ്ടിക്കുന്നത്. ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ നേട്ടം കൊയ്യുന്നവർക്ക് ബന്ധപ്പെട്ട സംസ്ഥാനങ്ങൾ പാരിതോഷികങ്ങളും ജോലിയുമൊക്കെ കൊടുക്കുന്പോൾ കേരളത്തിന്റെ വാഗ്ദാനങ്ങൾ ഓർമിപ്പിച്ചുകൊണ്ട് കായികതാരങ്ങൾ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും പിന്നാലെ അലയുകയാണ്.
എന്തൊരപമാനം..! ഒളിന്പിക്സിന്റെ ആരവങ്ങളിൽ ലോകം ഇളകിമറിയുന്പോൾ കേരളത്തിന്റെ കളിക്കളങ്ങളിൽ വിയർപ്പിനൊപ്പം കണ്ണീരുമുണ്ട്. എന്നിട്ടും നമ്മൾ പാരീസിലെത്തി.
ഒളിന്പിക്സ് ഒരു പർവതത്തിന്റെ പേരുകൂടിയാണ്. കഠിനാധ്വാനങ്ങളിലൂടെ ഉയരങ്ങൾ കീഴടക്കാൻ മാത്രമല്ല, എല്ലാം മറന്നു പരിശ്രമിച്ചുകൊണ്ടേയിരിക്കാനും അത് മനുഷ്യരെ ഓർമിപ്പിക്കുന്നു.
ഒളിന്പിക്സിനു തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാരീസിൽ തെളിയുന്ന ആഹ്ലാദത്തിന്റെയും ആവേശത്തിന്റെയും ദീപശിഖ സെയ്ൻ നദിയിൽ മത്രമല്ല, യുദ്ധം കൊണ്ടുനടക്കുന്ന ഹൃദയങ്ങളിലും പ്രതിഫലിക്കട്ടെ.