വീഴാതിരിക്കാൻ വിട്ടുവീഴ്ച
Wednesday, July 24, 2024 12:00 AM IST
അധികാരത്തിലെത്താനല്ല, കിട്ടിയ അധികാരം ഉറപ്പിക്കാനുള്ള തത്രപ്പാടായി മൂന്നാം മോദി സർക്കാരിന്റെ ആദ്യബജറ്റ് വിലയിരുത്തപ്പെടും. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും കൊണ്ടുപോയതു കണ്ടാൽ സർക്കാർ സമ്മർദത്തിലാണെന്നു തോന്നും.
രാജ്യത്തിന്റെ എന്നതിലുപരി, സർക്കാരിന്റെ അതിജീവനം ഉറപ്പാക്കുന്ന ബജറ്റാണ് ഇന്നലെ ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്. തനിച്ചു ഭരിക്കാൻ ഭൂരിപക്ഷമില്ലാതിരുന്നപ്പോൾ സഹായിച്ച ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി കൊടുത്തു. അതൊരു നന്ദിപ്രകടനം മാത്രമല്ല, ഭരണകാലാവധി പൂർത്തിയാകുവോളം സഹായിക്കുന്നതിനുള്ള ഒത്തുതീർപ്പുകൂടിയാണ്. അതേസമയം, കാർഷികോത്പാദനം വർധിപ്പിക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും പാവങ്ങൾക്കു വീടു നിർമിക്കാനുമുള്ള ശ്രമങ്ങൾ യാഥാർഥ്യം ഉൾക്കൊള്ളുന്നതാണ്.
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്, കൃഷി, തൊഴിൽ, മാനവവിഭവശേഷി-സാമൂഹികനീതി, നഗരവികസനം, നിർമാണം-സേവനം, നവീകരണം-ഗവേഷണം, തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകിയിട്ടുണ്ട്. അതിൽതന്നെ പ്രധാനം കൃഷിയും തൊഴിലുമാണ്. കാർഷികമേഖലയിലെ പ്രതിസന്ധിയും തൊഴിലില്ലായ്മയും പ്രതിപക്ഷത്തിന്റെ നുണപ്രചാരണങ്ങളാണെന്നു തെരഞ്ഞെടുപ്പ് സമയത്തു പറഞ്ഞ സർക്കാർ ഇപ്പോൾ യാഥാർഥ്യങ്ങളെ അംഗീകരിച്ചെന്ന സൂചനയാണ് ബജറ്റിലുള്ളത്. കൃഷിക്കും അനുബന്ധ മേഖലകള്‍ക്കുമായി 1.52 ലക്ഷം കോടി രൂപ വകയിരുത്തി.
കാര്‍ഷിക മേഖലയില്‍ ദേശീയ സഹകരണ നയം കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. നാലു കോടി യുവാക്കൾക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്നു പറഞ്ഞ മന്ത്രി, നൈപുണ്യ നയവികസനത്തിന് അഞ്ചു വർഷത്തേക്ക് രണ്ടു ലക്ഷം കോടി രൂപയാണ് മാറ്റിവച്ചിട്ടുള്ളത്. പറഞ്ഞതു ചെയ്താൽ ഫലമുണ്ടായേക്കും. പക്ഷേ, നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനെക്കുറിച്ച് മിണ്ടിയിട്ടില്ല. ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മുദ്ര വായ്പ 10 ലക്ഷത്തിൽനിന്ന് 20 ലക്ഷമാക്കി ഉയർത്തും. ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ സഹായം ലഭ്യമാക്കുമെന്നുമാണ് ബജറ്റിലുള്ളത്.
പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി രാജ്യത്ത് മൂന്നു കോടി വീടുകൾ നിർമിക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ടവരെ കൈപിടിച്ച് ഉയർത്തുന്നതാണ്. വനിതാ ശക്തീകരണ പദ്ധതികൾക്ക് മൂന്നു ലക്ഷം കോടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങളും പ്രയോഗവത്കരണവും അറിഞ്ഞാലേ വനിതകൾ ശക്തിപ്പെടുമോയെന്ന് ഉറപ്പിക്കാനാകൂ. ആധ്യാത്മിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി മഹാബോധി, വിഷ്ണുപഥ്, ഗയ ക്ഷേത്രങ്ങൾക്ക് ഉൾപ്പെടെ പ്രത്യേക പദ്ധതിയിൽ തുക വകയിരുത്തിയത് ഹിന്ദു പ്രീണനമെന്ന ആരോപണത്തിനു വഴിവയ്ക്കുന്നതാണ്.
തെരഞ്ഞെടുപ്പിലും സർക്കാർ രൂപീകരണത്തിലും എൻഡിഎ മുന്നണിയെ പിന്തുണച്ചവരെയും അല്ലാത്തവരെയും വേർതിരിച്ചു കണ്ടത് ബജറ്റിന്റെ ന്യൂനതയാണ്. ബിഹാറിലെ റോഡ് വികസനത്തിന് 26,000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതി, 11,500 കോടി രൂപയുടെ പ്രളയസഹായം, വിമാനത്താവളം, മെഡിക്കല്‍ കോളജ്, രണ്ട് ക്ഷേത്ര ഇടനാഴികള്‍ എന്നിവയടക്കം ഏതാണ്ട് 50,000 കോടി രൂപയുടെ പദ്ധതികൾ. ആന്ധ്രയ്ക്ക് തലസ്ഥാന വികസനത്തിനു മാത്രമായി 15,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്.
ബജറ്റിനു മുന്നോടിയായി ‘പ്രത്യേക പദവി’ ആവശ്യപ്പെട്ട് ടിഡിപിയും ജെഡിയുവും സമ്മർദം ചെലുത്തിയിരുന്നെങ്കിലും ലഭിച്ചില്ല. എന്നാൽ, അപ്രായോഗികവും ചീത്ത കീഴ്വഴക്കവും ആകുമായിരുന്ന "പ്രത്യേക പദവി’ക്കുപകരം ബജറ്റിൽ "പ്രത്യേക പരിഗണന' നൽകി സുഖിപ്പിച്ചു. ബിഹാറിനെയും ആന്ധ്രയെയും പരിഗണിച്ച മാനദണ്ഡം വച്ചുനോക്കിയാൽ, കേരളത്തിന് പ്രത്യേകിച്ചൊന്നുമില്ല.
കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനം 24,000 കോടിയുടെ സഹായം ആവശ്യപ്പെട്ടിരുന്നെങ്കിലും സഹായമില്ല, പരിഗണനയില്ല, പദ്ധതികളുമില്ല. സുരേഷ് ഗോപിയും ജോർജ് കുര്യനും മന്ത്രിമാരായിട്ടും കേരളമെന്ന പേരുപോലും ധനമന്ത്രി ഉച്ചരിച്ചില്ല. ഓൾ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഇക്കുറിയുമില്ല. സർക്കാരിനെ അഞ്ചുവർഷം നിലനിർത്താനുള്ള മോദിയുടെ അടക്കാനാവാത്ത ആഗ്രഹത്തെ നിതീഷ്കുമാറും ചന്ദ്രബാബു നായിഡുവും കണക്കിനു മുതലാക്കി.
വികസനം എല്ലാവർക്കുമെന്ന "സബ്കാ സാത്, സബ്കാ വികാസ്’ മുദ്രാവാക്യത്തിന്റെ സ്ഥാനത്ത് ബംഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞതുപോലെ, ""ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങൾ സഹായിക്കും ''എന്ന ജോ ഹമാരേ സാത്ത്, ഹം ഉങ്കേ സാത്ത്’’ മൂന്നാം മോദി സർക്കാർ പരീക്ഷിക്കുകയാണെന്നു തോന്നുന്നു. പക്ഷേ, ഒരു രാജ്യത്തിന്റെ നികുതിപ്പണം, രാഷ്ട്രീയലക്ഷ്യങ്ങളോടെ ഇഷ്ടക്കാർക്കുമാത്രം വിതരണം ചെയ്യുന്നതിനെ പൊതുബജറ്റ് എന്നു വിളിക്കാമോ എന്ന ചോദ്യമുണ്ട്.