ജനസംഖ്യയും ജനക്ഷേമവും
Thursday, July 11, 2024 12:00 AM IST
അഞ്ചാമത്തെ വലിയ സാന്പത്തികശക്തിയായി ലോകത്തിനു മുന്നിൽ ഞെളിഞ്ഞുനിൽക്കുന്നതിലും വലിയ കാര്യമാണ്, രാജ്യത്തെ ജനങ്ങളെയെല്ലാം നിവർന്നുനിൽക്കാൻ പ്രാപ്തരാക്കുന്നത്. 13 വർഷം മുന്‍പത്തെ ജനസംഖ്യാ കണക്കുവച്ച് അതു സാധ്യമല്ല.
ഇന്നു ലോക ജനസംഖ്യാദിനമാണ്. 812 കോടിയിലേറെ മനുഷ്യരുടെ വാസസ്ഥലമായ ഭൂമിയിൽ നാളെ എന്താകും സ്ഥിതി എന്നതിനെക്കുറിച്ച് പരസ്പരം ഓർമിപ്പിക്കുന്ന ദിവസം. ജനസംഖ്യയുടെ വിശദമായ കണക്കുപുസ്തകമാണ് സെൻസസ് അഥവാ കാനേഷുമാരി. അതിന്റെ ലക്ഷ്യം ഭൂമിയിൽ നമ്മൾ എത്ര പേരുണ്ടെന്ന് അറിഞ്ഞ് ജനസംഖ്യ നിയന്ത്രിക്കുക മാത്രമല്ല, എല്ലാവർക്കും നീതി ലഭ്യമാക്കിയിട്ടുണ്ടെന്നറിയാനും അനീതിയുണ്ടെങ്കിൽ പരിഹരിക്കാനുമാണ്. 10 വർഷത്തിലൊരിക്കലെങ്കിലും ജനസംഖ്യയുടെ കണക്കെടുക്കേണ്ടതാണെന്ന് ഐക്യരാഷ്ട്ര സംഘടന നിർദേശിക്കുന്നുണ്ടെങ്കിലും 2011നുശേഷം ഇന്ത്യ അതു നടത്തിയിട്ടില്ല. അതിന്റെ പേരിലുള്ള വിവാദങ്ങൾ തുടരുന്നതിനിടെയാണ് ഇന്ത്യയുടെ ജനസംഖ്യ 144 കോടി കവിഞ്ഞ് ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.
ജനസംഖ്യയിൽ ഒന്നാം സ്ഥാനത്താണെങ്കിലും ജനക്ഷേമത്തിന്റെ ആഗോള കണക്കിൽ പലതിലും നമ്മൾ പിന്നിലാണ്. ആഗോള വിശപ്പുസൂചികയുടെ കഴിഞ്ഞ ഒക്ടോബറിൽ പുറത്തുവന്ന 125 രാജ്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിൽ 111-ാമതായിപ്പോയി. രാജ്യത്തെ തൊഴിലില്ലായ്മ 1972-73 കാലത്തിനു ശേഷമുള്ള ഏറ്റവും രൂക്ഷമായ നിരക്കിലാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ 2019 ജനുവരിയില്‍ ബിസിനസ് സ്റ്റാൻഡാർഡ് പുറത്തുവിട്ടത് പിന്നീട് തൊഴിൽ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. സ്ഥിതി മാറിയിട്ടില്ലെന്നും നോട്ട് നിരോധനം, തിടുക്കത്തിലുള്ള ജിഎസ്ടി നടപ്പാക്കൽ, ചൈനയിൽനിന്നുള്ള ഇറക്കുമതി വർധന എന്നിവ തൊഴിലില്ലായ്മയുടെ ആക്കം കൂട്ടിയെന്നാണ് അമേരിക്കൻ ബാങ്കിംഗ് സ്ഥാപനമായി സിറ്റി ഗ്രൂപ്പിനെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം കോൺഗ്രസ് ആരോപിച്ചത്. സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിക്കുകയാണെന്ന് നാഷണൽ ക്രൈം റിക്കാർഡ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ വ്യക്തമാക്കുന്നു.
2023-ൽ പുറത്തുവിട്ട കണക്കനുസരിച്ച് സ്ത്രീകൾക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകൾ തന്നെ 4,45,256 ആണ്. യഥാർഥ കേസുകൾ അതിലും മുകളിലാണ്. എൻസിആർബിയുടെ കഴിഞ്ഞ ഡിസംബറിൽ പുറത്തുവിട്ട കണക്കനുസരിച്ച് 2022ൽ പട്ടികജാതി വിഭാഗങ്ങൾക്കെതിരേ രജിസ്റ്റർ ചെയ്തിരിക്കുന്നത് 57,582 കേസുകളാണ്. പട്ടികവർഗക്കാർക്കെതിരേ 10,064 കേസുകളും രജിസ്റ്റർ ചെയ്തു. ഇത്തരം റിപ്പോർട്ടുകളുടെ യഥാർഥ കാരണങ്ങൾ കണ്ടെത്താനും പോഷകാഹാരക്കുറവ്, മാതൃ-ശിശു മരണനിരക്ക്, ഭവനരാഹിത്യം തുടങ്ങി അപമാനകരമായ യാഥാർഥ്യങ്ങളെ അഭിസംബോധന ചെയ്യാനും നമുക്ക് സമഗ്രമായ വിവരങ്ങൾ ലഭിക്കുന്ന സെൻസസ് നടത്തേണ്ടതുണ്ട്. നിർഭാഗ്യവശാൽ 2021ൽ മുടങ്ങിയ സെൻസസ് എന്നു നടക്കുമെന്ന് യാതൊരു നിശ്ചയവുമില്ല.
യഥാസമയം സെൻസസ് നടത്താത്ത ചുരുക്കം രാജ്യങ്ങളിലാണ് ഇന്ത്യയും ഉൾപ്പെട്ടിരിക്കുന്നത്. ഒപ്പമുള്ളതാകട്ടെ യുക്രെയ്ൻ, യെമൻ, സിറിയ, മ്യാൻമർ, ശ്രീലങ്ക, നൈജീരിയ തുടങ്ങിയ രാജ്യങ്ങൾ! സ്വാതന്ത്ര്യം ലഭിച്ച് മുക്കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും നമുക്കു പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത യാഥാർഥ്യമാണ് ജാതിവിവേചനം. അടുത്ത സെൻസസിൽ ജാതി തിരിച്ചുള്ള കണക്കു വേണമെന്ന് പ്രതിപക്ഷവും സാമൂഹിക വിദഗ്ധരുമൊക്കെ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകളായി.
ഭരണഘടനയുടെ 15(4), 16(4) വകുപ്പുകളനുസരിച്ച്, വിദ്യാഭ്യാസ-ഉദ്യോഗ മേഖലകളില്‍ ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രവേശനത്തിനും നിയമനത്തിനും സംവരണവും പ്രത്യേക പരിരക്ഷകളുണ്ട്. പക്ഷേ, നിലവിലെ സ്ഥിതി അറിയണമെങ്കിൽ അവരുടെ എണ്ണവും വിദ്യാഭ്യാസവും തൊഴിലും വരുമാനവുമൊക്കെ അറിയേണ്ടതുണ്ട്. ബിജെപി ഇതിനൊന്നും വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല.
ജനസംഖ്യയിൽ ഒന്നാമതു നിൽക്കുന്ന രാജ്യം അതിന്റെ എല്ലാ പൗരന്മാരെയും മുന്നിലെത്തിക്കേണ്ടതുണ്ട്. പക്ഷേ, അതിനുള്ള നടപടികൾ 13 വർഷം മുന്‍പത്തെ കണക്കുവച്ച് വിജയിപ്പിക്കാനാകില്ല. അതിസന്പന്നരുടെ എണ്ണവും മുതലും വർധിപ്പിക്കുന്നതും ലോകത്തെ അഞ്ചാമത്തെ സാന്പത്തികശക്തിയാകുന്നതുമൊക്കെ മുതലാളിത്ത പ്രകടനങ്ങളാണ്; 144 കോടി ജനങ്ങളെ ശക്തീകരിക്കുന്നത് അടിസ്ഥാനവികസനവും. എളുപ്പമല്ലെങ്കിലും രണ്ടാമത്തേതാണ് നമുക്കാവശ്യം. "ആരെയും അവഗണിക്കാതെ, എല്ലാവരെയും കണക്കിലെടുത്ത്' എന്നതാണ് ഈ ജനസംഖ്യദിനത്തിന്റെ പ്രമേയം.