നേര്യമംഗലം ചട്ടന്പിമാർ തലസ്ഥാനത്തുമെത്തും
Monday, July 8, 2024 12:00 AM IST
വനംവകുപ്പ് ഉദ്യോഗസ്ഥരെക്കൊണ്ട് എംഎൽഎയും മന്ത്രിയും പോലും പൊറുതിമുട്ടി. ജനങ്ങൾ പണ്ടേ നരകയാതനയിലാണ്. വലിയൊരു പ്രതിസന്ധിയിലാണ് കേരളം അകപ്പെട്ടിരിക്കുന്നത്.
വന്യജീവി ആക്രമണങ്ങളുടെ കാര്യത്തിൽ കേരളത്തിന്റെ ശാപമായി മാറിക്കഴിഞ്ഞ വനംവകുപ്പ് ചട്ടന്പിമാർ ഇപ്പോൾ നേര്യമംഗലം-വാളറ മേഖലയിലാണ് മുണ്ടും മടക്കിക്കുത്തി നിൽക്കുന്നത്. വഴിക്കു വീതി കൂട്ടാൻ സമ്മതിക്കില്ല. നാട്ടിലൊരു സർക്കാർ ഉണ്ടെന്നു പോലും ഈ ഉദ്യോഗസ്ഥക്കൂട്ടം വകവയ്ക്കുന്നില്ല. സർക്കാർ ഉത്തരവാദിത്വം നിർവഹിക്കണം. ദാസനാണെങ്കിലും കൊള്ളാം മഹാരാജാവാണെങ്കിലും കൊള്ളാം, ജനങ്ങളെയല്ല, കാട്ടുമൃഗങ്ങളെയും ജനദ്രോഹികളായ ഉദ്യോഗസ്ഥരെയുമാണ് ആട്ടിപ്പുറത്താക്കേണ്ടത്.
കൊച്ചി-ധനുഷ്കോടി ദേശീയപാത (എൻഎച്ച് 85) 980 കോടി രൂപ മുടക്കിൽ നവീകരിക്കുന്നിടത്താണ് വനംവകുപ്പിന്റെ പുതിയ ഗുണ്ടായിസം. നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം വനമായതിനാൽ വീതി കൂട്ടാനോ, കാനകൾ നിർമിക്കാനോ, സംരക്ഷണഭിത്തി കെട്ടാനോ സാധ്യമല്ലെന്നു പറഞ്ഞ് വനംവകുപ്പ് റോഡ് പണി തടസപ്പെടുത്തിയിരുന്നു. സർക്കാർ പതിവുപോലെ നോക്കുകുത്തിയായി. പക്ഷേ, മൂവാറ്റുപുഴ നിർമല കോളജ് വിദ്യാർഥിനി കിരൺ സിജു, കിഫ എറണാകുളം ജില്ലാ പ്രസിഡന്റ് ബബിൻ ജയിംസ്, വാളറയിൽ റോഡരികിൽ കരിക്കു വിൽക്കുന്നതിനിടെ വനത്തിൽ അതിക്രമിച്ചുകയറിയെന്ന ആരോപണത്തത്തുടർന്ന് അറസ്റ്റിലായ മീരാൻ എന്നിവർ ഹൈക്കോടതിയെ സമീപിച്ചു.
റോഡ്, രാജഭരണകാലം മുതലേ 100 അടി വീതിയിൽ പൊതുമരാമത്ത് വകുപ്പിന് വിട്ടുകൊടുത്തതാണെന്നും നിലവിലുള്ള റോഡിന്റെ നടുവിൽനിന്ന് ഇരുവശങ്ങളിലേക്കും അമ്പത് അടി വീതമുള്ള ഭാഗത്ത് വനംവകുപ്പിന് അവകാശമില്ലെന്നും റോഡ് പണിക്കു തടസം നിൽക്കരുതെന്നും ഇക്കഴിഞ്ഞ മേയ് 31നു കോടതി വിധിച്ചു. റവന്യുരേഖകൾ പ്രകാരം റോഡ് പുറമ്പോക്ക് എന്ന് പറഞ്ഞിരിക്കുന്നതിനാൽ നിർമാണ പ്രവർത്തനം നടത്താൻ കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതിയും ആവശ്യമില്ല.
പക്ഷേ, വനംവകുപ്പ് സുപ്രീംകോടതിയെ സമീപിക്കുകയാണ്. കേരളത്തിന്റെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിലേക്കുള്ള റോഡിന്റെ തീരാശാപമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വനംവകുപ്പ് സമ്മതിക്കില്ല. ഇടുക്കിയിലെ വനത്തിലൂടെയുള്ള റോഡുകളും വനമാണെന്നാണ് മൂന്നാർ ഡിഎഫ്ഒ അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കിൽ റോഡിൽവച്ച് ആന കുത്തിക്കൊന്നാലും കൊല്ലപ്പെട്ടയാൾ വനത്തിൽ കയറിയതിനു പ്രതിയാകും. എത്ര നല്ല ആചാരങ്ങൾ! ഒരുദ്യോഗസ്ഥൻ ഒരു സംസ്ഥാനത്തെ മുൾമുനയിൽ നിർത്തുകയാണ്. ആപത്തുകാലത്തു കൂടെനിൽക്കുമെന്നു കരുതി തെരഞ്ഞെടുത്ത സർക്കാരും അതിന്റെ ഭാഗമായ 140 എംഎൽഎമാരും കേരളത്തിന്റെ കാര്യം നോക്കാൻ ഡൽഹിയിലേക്കു പറഞ്ഞുവിട്ടിരിക്കുന്ന 20 എംപിമാരും നമുക്കുണ്ട്. എന്തു പ്രയോജനം? കാട്ടുജന്തുക്കൾ മനുഷ്യരെ കൊന്നുകൂട്ടുകയാണ്.
ജനങ്ങളുടെ എണ്ണത്തിനൊപ്പം വനവിസ്തൃതിയും കൂട്ടുന്നു. കുടിയിറക്കു വ്യാപകമാകുന്നു, മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഒരു വഴിയുടെ വീതി കൂട്ടാൻ പോലും മാർഗമില്ല. വനംവകുപ്പ് മന്ത്രിക്ക് ആകെ ആശ്രയം 1972ലെ വന്യജീവിനിയമമാണ്; ഉത്തരവാദിത്വം ഒഴിയാമല്ലോ. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു നിയമവും അതിന്റെ ചുവടുപിടിച്ചു പറയുന്ന കോടതിവിധികളും ജനദ്രോഹമായി മാറിയെങ്കിൽ അതു തിരുത്തിയെഴുതുന്നതിനല്ലേ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ? വനാതിർത്തികളിലേതുൾപ്പെടെയുള്ള ജനജീവിതത്തിന്റെ നിലനിൽപ്പിന്റെ അടിവേരു മാന്തുന്ന ചില യാഥാർഥ്യങ്ങളെ കേരളം അഭിസംബോധന ചെയ്തേ തീരൂ. വനാതിർത്തിയിലെ ജനങ്ങളെ കൊലയ്ക്കു കൊടുക്കുന്ന 1972ലെ വന്യജീവിനിയമം, ഇതുൾപ്പെടെയുള്ള കാലഹരണപ്പെട്ട നിയമങ്ങളുടെ പുറത്ത് അടയിരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, നാടിനെയും കാടാക്കാൻ സാന്പത്തിക പ്രലോഭനം നടത്തുന്ന കാർബൺ ക്രെഡിറ്റ് പദ്ധതി, ഇതിലെ വനംവകുപ്പിന്റെ താത്പര്യം, ജനങ്ങളുടെ ബുദ്ധിമുട്ടും നിയമത്തിന്റെയും നടപടിക്രമങ്ങളുടെയും നൂലാമാലകളും അറിയില്ലാത്ത സർക്കാർ, ഉദ്യോഗസ്ഥരുടെമേൽ യാതൊരു നിയന്ത്രണവുമില്ലാത്ത വനംവകുപ്പു മന്ത്രി, വനാതിർത്തികളിലെ മനുഷ്യരെ നിരാലംബരാക്കി കുടിയിറക്കുന്ന ബഫർസോണുകൾ, ഫണ്ടുകൾ ഉപയോഗിക്കുന്നതോ അല്ലാത്തതോ ആയ പരിസ്ഥിതിസംഘടനകളുടെ ജനവിരുദ്ധ നിലപാടുകൾ തുടങ്ങിയവയൊക്കെ നിരീക്ഷിക്കാൻ വിരലിലെണ്ണാവുന്ന മാധ്യമങ്ങളും ഏതാനും കർഷകസംഘടനകളും മാത്രമാണുള്ളത്.
വന്യജീവികളുടെ ആക്രമണം തങ്ങളെയോ മക്കളെയോ ബാധിക്കുന്നതല്ലെന്നു നഗരവാസികൾ ഉൾപ്പെടെ മഹാഭൂരിപക്ഷവും കരുതുന്നു. മലയോരവാസികളും വനാതിർത്തികളിൽ വസിക്കുന്നവരും പാർശ്വവത്കരിക്കപ്പെട്ടു കഴിഞ്ഞു. ജനസാന്ദ്രത വളരെ കൂടുതലുള്ള കേരളത്തിൽ വനംവകുപ്പിനെ അഴിഞ്ഞാടാൻ അനുവദിക്കരുത്. ഉദ്യോഗസ്ഥരെക്കുറിച്ചു ജനങ്ങൾക്കു മാത്രമല്ല പരാതി. വനംമേധാവിയെ മാറ്റണമെന്ന് വകുപ്പ് മന്ത്രിതന്നെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വന്യജീവി ആക്രമണമുണ്ടായാൽ വെടിവയ്ക്കാനുള്ള നിർദേശം പോലും വൈകുന്നു, പുതിയ പദ്ധതികൾ നൽകി കേന്ദ്രസഹായം വാങ്ങിയെടുക്കുന്നില്ല, മന്ത്രിയുടെ ഓഫീസിലേക്ക് തെറ്റായ വിവരങ്ങള്‍ നൽകുന്നു, വകുപ്പിൽ ഏകോപനമില്ല, ചോദ്യങ്ങൾക്കു കൃത്യമായ മറുപടിയില്ല തുടങ്ങിയ പരാതിയാണ് മന്ത്രിക്ക്. പക്ഷേ, പകരം വയ്ക്കാൻ യോഗ്യതയുള്ള ആളില്ലെന്നാണ് സർക്കാരിന്റെ നിലപാട്.
വന്യമൃഗങ്ങളെക്കൊണ്ടും, വനംവകുപ്പ് ഉദ്യോഗസ്ഥരെക്കൊണ്ടും ജനങ്ങള്‍ പൊറുതിമുട്ടിയെന്നു തുറന്നടിച്ചത് പീരുമേട് എംഎല്‍എ വാഴൂര്‍ സോമനാണ്. ഒരു വികസനത്തിനും അനുവദിക്കാത്തവിധം സ്റ്റോപ് മെമ്മോ നൽകലാണ് വനംവകുപ്പിന്റെ പണിയെന്നും മന്ത്രി ഇതു ഗൗരവമായി പരിശോധിക്കണമെന്നും മുടങ്ങിയ പദ്ധതികൾ അക്കമിട്ടു നിരത്തിക്കൊണ്ട് എംഎൽഎ ആവശ്യപ്പെട്ടു. എവിടെയൊക്കെ റവന്യു ഭൂമി തരിശു കിടക്കുന്നുണ്ടെന്ന് അന്വേഷിച്ച് നോട്ടിഫിക്കേഷൻ ചെയ്തു വനമാക്കുന്ന പണിയിലാണ് വനംവകുപ്പെന്നും അതേസമയം, കാടിറങ്ങുന്ന വന്യജീവികളിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ വനംവകുപ്പിനു സമയമില്ലെന്നും സഹികെട്ടെന്നുമാണ് എംഎൽഎ നിയമസഭയിൽ പറഞ്ഞത്. സ്ഥിതി എത്ര ഗുരുതരമാണെന്നു നോക്കൂ. പക്ഷേ, എൽഡിഎഫ് പാർലമെന്ററി പാർട്ടിയോഗത്തിൽ എംഎൽഎയെ വിളിച്ചുവരുത്തി മുഖ്യമന്ത്രി ശാസിക്കുകയാണ് ചെയ്തത്. ഈ സർക്കാരിൽനിന്ന് എന്തെങ്കിലും പ്രതീക്ഷിക്കണോ?
ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്നാണ് നമ്മുടെ എംപിമാർ കരുതുന്നതെന്നു തോന്നുന്നു. ഇവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ലോക്സഭയിലേക്കു വിടാൻ യുഡിഎഫിനും ഒരു പദ്ധതിയുമില്ല. കഴിവുകെട്ട സർക്കാരിനും ജനപ്രതിനിധികൾക്കും കീഴിൽ ഉദ്യോഗസ്ഥർ എങ്ങനെയാണ് ഭരണത്തെ കൈപ്പിടിയിലൊതുക്കുകയും ഒരു സംസ്ഥാനത്തെ ജനങ്ങളെ പീഡിപ്പിക്കുകയും ചെയ്യുന്നതെന്ന് കേരളം തെളിയിച്ചിരിക്കുന്നു. വലിയൊരു പ്രതിസന്ധിയിലാണ് കേരളം അകപ്പെട്ടിരിക്കുന്നത്. ഒരു ജനകീയപ്രക്ഷോഭത്തിനു കേരളം ഒന്നിച്ചില്ലെങ്കിൽ നേര്യമംഗലത്തെ ചട്ടന്പിമാർ തിരുവനന്തപുരവും കൈയേറും.