ആ മരണവെപ്രാളം ഇനിയാർക്കുമുണ്ടാകരുത്
Thursday, July 4, 2024 12:00 AM IST
വിനോദയാത്രയ്ക്കെത്തിയ കുടുംബം മരണത്തിനു തൊട്ടുമുന്പ് കരയിലേക്കു നോക്കുന്ന വീഡിയോ നമ്മോടു ചിലതു പറയുന്നുണ്ട്, സർക്കാരിനെതിരേ എഫ്ഐആർ എഴുതുന്നുമുണ്ട്.
എന്തൊരു കാഴ്ചയായിരുന്നു അത്..! അവരുടെ മരണവെപ്രാളം നമ്മുടെ കണ്ണിൽനിന്നു മായുന്നില്ല. അപ്രതീക്ഷിതമായെത്തിയ ഒഴുക്കിൽ വീഴാതിരിക്കാൻ പരസ്പരം കെട്ടിപ്പിടിച്ചുനിന്ന ഒരു കുടുംബം ഒന്നൊന്നായി പിടിവിട്ടുപോകുന്പോൾ കണ്ടുനിൽക്കാനേ ഒപ്പമുള്ളവർക്കും കഴിഞ്ഞുള്ളൂ. മഹാരാഷ്ട്രയിലെ ലോണാവാലയിൽ വിനോദയാത്രയ്ക്കെത്തിയ കുടുംബത്തിലെ ഒന്പതു പേരാണ് ഒഴുക്കിൽ പെട്ടത്. അഞ്ചുപേർ മരിച്ചു. പ്രളയം കാലിൽ പിടിച്ചുവലിക്കുന്പോൾ മരണം ഗ്രസിച്ചവരുടെ മുഖഭാവമായിരുന്നു അവർക്ക്. നിമിഷങ്ങൾക്കകം ജലശയ്യയിൽ കിടത്തി മരണം അവരെ കൊണ്ടുപോകുകയും ചെയ്തു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ജീവിതത്തിനും മരണത്തിനുമിടയിലെ മനുഷ്യന്റെ നിസഹായത കണ്ടവർ ഇനിയെങ്കിലും ജാഗ്രത പാലിക്കണം. ഉത്തരവാദിത്വമുണ്ടായിരുന്നിട്ടും സുരക്ഷയൊരുക്കാത്ത അധികൃതരെ ‘അകത്തു’ കിടത്തണം. വിനോദസഞ്ചാരകേന്ദ്രങ്ങൾ മരണവിതരണ കേന്ദ്രങ്ങളാകരുത്. മുംബൈയിൽനിന്നു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പൂനയിലെത്തിയ പതിനേഴംഗ സംഘമാണ് മിനിബസിൽ 80 കിലോമീറ്റർ അകലെയുള്ള ഭുഷി അണക്കെട്ട് കാണാനെത്തിയത്.
ഞായറാഴ്ച ഉച്ചയോടെ അവർ വെള്ളച്ചാട്ടത്തിലിറങ്ങിയതിനു പിന്നാലെ സമീപത്തെ തടയണ കവിഞ്ഞ് മലവെള്ളം കുതിച്ചെത്തി. പെട്ടെന്നുതന്നെ അടുത്തുള്ള പാറയിൽ കയറി പരസ്പരം കെട്ടിപ്പിടിച്ചു നിന്നെങ്കിലും ഒഴുക്കിന്റെ ശക്തി കൂടുകയായിരുന്നു. കരയിൽ നിന്നവർ നീളത്തിലുള്ള മരക്കന്പൊടിച്ച് അവർക്കു നീട്ടിക്കൊടുക്കാൻ ശ്രമിച്ചു. ഏതാണ്ട് അതേ സമയത്ത്, കുഞ്ഞിനെയുമായി പാറയിൽ നിന്നിരുന്ന സ്ത്രീയുടെ കൈ വിട്ടുപോയി. കരയിൽ നിന്നവർക്ക് എന്തെങ്കിലും ചെയ്യാനാകുംമുന്പ് മറ്റുള്ളവരും കൂട്ടത്തോടെ വെള്ളത്തിൽ വീഴുകയായിരുന്നു.
പിന്നീട് അഞ്ചുപേരുടെയും മൃതദേഹങ്ങൾ വീണ്ടെടുത്തു. ഷാഹിസ്ഥ അൻസാരി, അമീമ അൻസാരി, ഉമേറ അൻസാരി, അഡ്നാൻ അൻസാരി, മറിയ സായദ് എന്നിവർ മരണത്തിനുമുന്പ് രക്ഷാകരങ്ങൾ പ്രതീക്ഷിച്ച് ദയനീയമായി കരയിലേക്കു നോക്കുന്ന വീഡിയോ സർക്കാരിനെതിരേയുള്ള എഫ്ഐആറാണ്.
ലോണാവാലയിലെ ദുരന്തത്തിന്റെ തലേന്നാണ് അവിടെനിന്ന് 56 കിലോമീറ്റർ അകലെ തംഹിനി ഗാട്ടിലെ ജലാശയത്തിൽ ചാടിയ സ്വപ്നിൽ ധാവ്ഡെ എന്ന യുവാവ് കുത്തൊഴുക്കിൽ പെട്ടു മരിച്ചത്. സാഹസികത വീഡിയോയിൽ പകർത്തിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ മകൾക്കു കിട്ടിയത് അച്ഛന്റെ മരണദൃശ്യം. രണ്ടു ദിവസം കഴിഞ്ഞാണ് മൃതദേഹം കിട്ടിയത്.
ഭുഷിയിലെയും തംഹിനിയിലെയും വിനോദസഞ്ചാരകേന്ദ്രത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരോ മുന്നറിയിപ്പു ബോർഡുകളോ പോലും ഉണ്ടായിരുന്നില്ലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഭുഷിയിൽ ഞായറാഴ്ച മാത്രം 50,000 സഞ്ചാരികളാണെത്തിയത്. അന്വേഷണവും കേസുമൊക്കെ ഉണ്ടായേക്കാം. പക്ഷേ, ഉത്തരവാദികളായ ഉദ്യോഗസ്ഥർ കസേരയിലുണ്ടാകും.
വിനോദസഞ്ചാരകേന്ദ്രങ്ങളിലും തീർഥാടനകേന്ദ്രങ്ങളിലുമൊക്കെ ജനപ്രവാഹമുണ്ടാകുന്നത് സ്വാഭാവികമാണ്. ഉദ്യോഗസ്ഥർ കൃത്യവിലോപം നടത്തിയിട്ടുണ്ടെങ്കിൽ ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ജോലിയിൽനിന്നു പിരിച്ചുവിടുകയും ചെയ്താൽ മാത്രമേ മരണയാത്രകൾക്ക് അന്ത്യമുണ്ടാകൂ. ഉത്തർപ്രദേശിലെ ഹാത്രസിൽ സ്വയംപ്രഖ്യാപിത ആൾദൈവം ഭോലെ ബാബ നടത്തിയ കൂട്ടപ്രാർഥനയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 130 കവിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. 80,000 പേരെ പങ്കെടുപ്പിക്കുന്ന പരിപാടിക്കാണ് അനുമതി കൊടുത്തതെങ്കിലും 2.5 ലക്ഷം പേരെത്തി. സുരക്ഷയ്ക്ക് 40 പോലീസുകാർ..! മനഃപൂർവമല്ലാത്ത നരഹത്യക്ക് ഭാരതീയ ന്യായ സംഹിത പ്രകാരം സംഘാടകർക്കെതിരേ കേസെടുത്തിട്ടുണ്ട്; അത്രതന്നെ.
വിനോദയാത്രയ്ക്കായാലും തീർഥാടനത്തിനായാലും പങ്കെടുക്കുന്നവർ ജാഗ്രത പാലിക്കുകയേ നിവൃത്തിയുള്ളൂ. ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ പ്രചോദനമായ കൊടൈക്കനാൽ ദുരന്തത്തിൽപ്പെട്ട യുവാക്കൾ മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഗുണാ കേവിലേക്കു കടന്നുകയറിയത്. രക്ഷപ്പെടുന്ന ആവേശക്കഥകൾ വിരലിലെണ്ണാവുന്നതു മാത്രമാണ്.
മരണക്കയങ്ങളിൽ മറയുന്നവയാണ് കൂടുതൽ. കേരളത്തിലും മഴക്കാല യാത്രകളുടെ സമയമാണ്. ബോട്ടപകടങ്ങൾക്കും മുങ്ങിമരണങ്ങൾക്കും കുപ്രസിദ്ധമാണ് കേരളം. ബോട്ടുകളിൽ സുരക്ഷാ സംവിധാനങ്ങളുണ്ടോയെന്ന് ഇന്നുതന്നെ ഉറപ്പാക്കണം. ജലാശയങ്ങളിലും വെള്ളച്ചാട്ടങ്ങളിലും കടൽത്തീരത്തും മലഞ്ചെരിവുകളിലും ഉൾപ്പെടെ അപകടസാധ്യതയുള്ളിടത്തൊക്കെ സുരക്ഷ ഉറപ്പാക്കുകയും മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യണം.
സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുതെറ്റിയാൽ സാഹസികതയ്ക്ക് ഇറങ്ങിപ്പുറപ്പെടുന്നവർ നിരവധിയുണ്ട്. അത്തരക്കാർ ലോണാവാലയിലെ കുടുംബത്തിന്റെ അവസാനനോട്ടം കണ്ടിട്ടു പുറപ്പെടുക. ഈ മഴക്കാലത്ത് കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ചിരിച്ചുല്ലസിച്ചു പോകുന്നവർ അങ്ങനെതന്നെ തിരിച്ചുവരട്ടെ. ലോണാവാലയിലെ മരണക്കാഴ്ച ഇനിയുണ്ടാകരുത്.