ഇനി കേൾക്കണം ‘ജൻ കി ബാത്’
Wednesday, July 3, 2024 12:00 AM IST
ഒരു പതിറ്റാണ്ടോളം പാർട്ടി ഓഫീസിന്റെയത്ര സ്വാതന്ത്ര്യത്തോടെ ബിജെപി അടക്കിവാണ
ലോക്സഭയിലാണ് പ്രതിപക്ഷം ജനശബ്ദത്തിന്റെ കൊടുങ്കാറ്റുയർത്തിയത്. അതിനെ മതവികാരമുയർത്തി വഴിതിരിച്ചുവിടരുത്. ജനാധിപത്യത്തിൽ മൻ കി ബാത്തിനെക്കാൾ പ്രധാനം ജൻ കി ബാത്താണ്.
രണ്ടു വിഷയങ്ങളിൽ, ലോക്സഭ അസാധാരണമായ മതേതര-ജനാധിപത്യ പ്രകന്പനങ്ങൾക്കു സാക്ഷിയായിരിക്കുന്നു. ഭയവും വിദ്വേഷവും അസത്യവും പ്രചരിപ്പിക്കാനും അക്രമം നടത്താനുമുള്ളതല്ല ഹിന്ദുമതമെന്ന് ഭരണപക്ഷത്തെ ചൂണ്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞതാണ് അതിലൊന്ന്. വിദ്വേഷപ്രചാരണങ്ങൾ, ന്യൂനപക്ഷ വിരുദ്ധത, അക്രമോത്സുകമായ മതരാഷ്ട്രീയം തുടങ്ങിയവ വർധിച്ചിട്ടുള്ള കാലത്ത്, അതേക്കുറിച്ചു വിളിച്ചുപറയേണ്ടത് ആവശ്യമായിരുന്നു.
കാരണം, മതമേതായാലും വെറുപ്പിന്റെയും അക്രമത്തിന്റെയും കരിങ്കൊടികളേന്തിയവർ അതു വലിച്ചെറിഞ്ഞാൽ തീരുന്ന നിരവധി പ്രശ്നങ്ങൾ ഇന്ത്യയിലുണ്ട്. രണ്ടാമത്തേത്, കഴിഞ്ഞ 10 വർഷത്തിനുശേഷം പ്രതിപക്ഷസ്വരമുയർത്തിക്കൊണ്ട് ലോക്സഭ അതിന്റെ ജനാധിപത്യപ്രഭാവം വീണ്ടെടുത്തിരിക്കുന്നു എന്നതാണ്. ചരിത്രപരമായ നിയോഗമാണ് പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഏറ്റെടുത്തത്. ഭരിക്കുന്നവരുടെ രോഷമല്ല, ജനത്തിന്റെ ക്ഷേമമാണ് മുഖ്യമെന്ന് ഭാവിയിലും മറക്കാതിരുന്നാൽ മതി.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ തുടർചലനങ്ങൾ അവസാനിച്ചിട്ടില്ല. പരാമർശം ഭരണപക്ഷത്തെ ചൂണ്ടിയായിരുന്നെങ്കിലും ഹിന്ദുക്കളെ മുഴുവൻ അപമാനിക്കുന്നതാണെന്നു പറഞ്ഞ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ രംഗത്തെത്തുകയും ചെയ്തു. ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് പറഞ്ഞ രാഹുല്‍ ആര്‍എസ്എസും ബിജെപിയും മോദിയും എല്ലാ ഹിന്ദുക്കളെയും പ്രതിനിധീകരിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.
തുടർന്ന് ഇന്നലെ ‘ഹിന്ദു’ പരാമർശം സഭാ രേഖകളിൽനിന്നു നീക്കം ചെയ്തു. “എല്ലാ മതങ്ങളും മഹാന്മാരും അഹിംസയെക്കുറിച്ചും ഭയരാഹിത്യത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. പക്ഷേ, സ്വയം ഹിന്ദുവെന്നു വിളിക്കുന്നവർ അക്രമത്തെയും വിദ്വേഷത്തെയും അസത്യത്തെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സംസാരിക്കുന്നു.’’ ഇങ്ങനെ പറഞ്ഞ രാഹുൽ നിങ്ങൾ ഹിന്ദുക്കളല്ലെന്ന് ബിജെപിക്കാരെ നോക്കി പറയുകയും ചെയ്തു. ‘ഹിന്ദു’ പരാമർശത്തിൽ വിവാദമുയർത്തിക്കൊണ്ട് ബിജെപി ശ്രമിക്കുന്നത്, രാഹുൽ ഉയർത്തിയ അഗ്നിവീർ പദ്ധതി, മണിപ്പുർ സംഘർഷം, നീറ്റ് തട്ടിപ്പ്, തൊഴിലില്ലായ്മ, നോട്ട് പിൻവലിക്കൽ, കർഷകപ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽനിന്ന് ഒറ്റയടിക്കു ശ്രദ്ധ മാറ്റാനാകും. രാജ്യം നേരിട്ട നീറുന്ന പ്രശ്നങ്ങളിൽനിന്ന് പുകമറയിലൂടെ പുറത്തുകടക്കാൻ പ്രതിപക്ഷം സർക്കാരിന് അവസരം കൊടുക്കില്ലെന്നു കരുതാം.
പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയ രാഹുൽ, അതിലേക്കു നോക്കിയാൽ ഭയവും വിദ്വേഷവും പരത്താൻ ഹിന്ദുക്കൾക്കു കഴിയില്ലെന്നു മനസിലാകുമെന്നും ഭയരാഹിത്യത്തെക്കുറിച്ചാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നതെന്നും പറഞ്ഞു. ഗുരുനാനാക്കിന്റെയും യേശുക്രിസ്തുവിന്റെയും ചിത്രങ്ങളും രാഹുൽ സഭയിൽ ഉയർത്തി. ബുദ്ധ, ജൈന, സിഖ്, ഇസ്ലാം മതങ്ങളെക്കുറിച്ചും രാഹുല്‍ പറഞ്ഞു.
എല്ലാ മതങ്ങളെയും ചേർത്തുനിർത്തിക്കൊണ്ട് എല്ലാ വർഗീയതയെയും ചെറുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം ബിജെപിയുടെ രാഷ്ട്രീയവളർച്ചയുടെ സ്രോതസുകളെ മറികടക്കാനുള്ള കൗശലമാകാം. മതത്തെ അവഗണിക്കാതെ മതേതര ജനാധിപത്യത്തെ നിലനിർത്തേണ്ട രാഷ്ട്രീയ സാഹചര്യം രാഹുലും പ്രതിപക്ഷവും തിരിച്ചറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നു. രാഷ്ട്രീയപ്രവർത്തനത്തിലെ തുടർച്ചയില്ലായ്മയുടെ ചീത്തപ്പേരുകൂടി ഇല്ലാതാക്കിയാൽ രാഹുലിനു പ്രതിപക്ഷത്തെ നയിക്കാനാകും; സർക്കാരിനെ തിരുത്താനും.
വീണ്ടും അധികാരത്തിലെത്തിച്ചെങ്കിലും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ മൃഗീയ ഭൂരിപക്ഷം പിൻവലിച്ചതും ആ സീറ്റുകൾ നൽകി കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ‘ഇന്ത്യ’യെ ശക്തമായ പ്രതിപക്ഷമാക്കിയതും ജനങ്ങളാണ്. ഒരു പതിറ്റാണ്ടോളം പാർട്ടി ഓഫീസിന്റെയത്ര സ്വാതന്ത്ര്യത്തോടെ ബിജെപി അടക്കിവാണ ലോക്സഭയിലാണ് പ്രതിപക്ഷം ജനശബ്ദത്തിന്റെ കൊടുങ്കാറ്റുയർത്തിയത്. അതിനെ മതവികാരമുയർത്തിയും അടിയന്തരാവസ്ഥയുടെ പ്രേതത്തെ ഇറക്കിവിട്ടും വഴിതിരിച്ചുവിടുകയല്ല, കൃത്യമായ മറുപടി പറയുകയാണു വേണ്ടത്. ജനാധിപത്യത്തിൽ മൻ കി ബാത്തിനെക്കാൾ പ്രധാനം ജൻ കി ബാത്താണ്.