‘പുതിയ നിയമ’ത്തിലെ പഴയ സംശയങ്ങൾ
പ്രതിപക്ഷത്തോടോ വ്യത്യസ്ത അഭിപ്രായങ്ങളുള്ള നിയമജ്ഞരോടോ കൂടിയാലോചിക്കാതെ ഒരു നിയമം കൊണ്ടുവരുന്നതിൽ സർക്കാരിന് അതിന്റേതായ താത്പര്യങ്ങളുണ്ടാകാം. ആ താത്പര്യങ്ങളിൽ ഒരെണ്ണമെങ്കിലും ജനാധിപത്യത്തിൽനിന്നു വ്യതിചലിക്കുന്നതായാൽ
അതുപോലും എതിർക്കപ്പെടേണ്ടതാണ്.
കുറ്റവും ശിക്ഷയും നിർവചിക്കുന്ന ഇന്ത്യൻ പീനൽ കോഡിനു (ഐപിസി) പകരം ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) ഉൾപ്പെടെ മൂന്നു ക്രിമിനൽ നിയമങ്ങൾ ഇന്നലെ നിലവിൽ വന്നു. പുതിയ നിയമങ്ങളുടെ പശ്ചാത്തലത്തിന് രാജ്യത്തിന്റെ നിയമനിർമാണ സഭയായ പാർലമെന്റിൽ ആവശ്യമായ ചർച്ച നടത്താതെ ഭരണകൂടം പാസാക്കിയെടുത്തതാണ് എന്ന അപകടകരമായ യാഥാർഥ്യമുണ്ട്.
ഇതിൽ മേന്മകളേക്കാൾ ആശങ്കകളുണ്ടെന്നാണ് വിമർശനങ്ങളുയർന്നിരിക്കുന്നത്. എടുത്തുപറയേണ്ടത്, ഭാരതീയ ന്യായ സംഹിതയിലൂടെ ഭരണകൂടം പൗരന്മാരുടെ സ്വാതന്ത്ര്യത്തിൽനിന്നും അവകാശങ്ങളിൽനിന്നും ഒരു പങ്കുകൂടി കൈവശപ്പെടുത്തിയിരിക്കുന്നു എന്നതാണ്.
ഉദാഹരണത്തിന്, ഐപിസിയിലെ രാജ്യദ്രോഹം എന്ന വകുപ്പ് ഇല്ലാതാക്കിയെന്നു പറയുന്നവർ, കൂടുതൽ ആളുകളെ രാജ്യദ്രോഹികളാക്കുന്ന വകുപ്പ് ബിഎൻഎസിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എന്തായാലും, സർക്കാരിനോട് മറിച്ചൊന്നും പറയേണ്ടെന്ന് ജനങ്ങളെ ഓർമിപ്പിക്കുന്ന ശിക്ഷാനിയമം പരിഷ്കൃതമാണെന്നു പ്രഥമദൃഷ്ട്യാ തോന്നുന്നില്ല.
143 പ്രതിപക്ഷ എംപിമാരെ പാർലമെന്റിന്റെ ഇരുസഭകളിലുംനിന്നു പുറത്താക്കിയ സമയത്ത് ഏകപക്ഷീയമായി പാസാക്കിയെടുത്തതിനാൽ ഭരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ പിറവിയിൽതന്നെ ജനാധിപത്യ വിരുദ്ധമായിരുന്നു. 2023 ഓഗസ്റ്റ് 11ന് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ച ബില്ലുകൾ പരിഷ്കാരങ്ങൾക്കുശേഷം ഡിസംബർ 20ന് ലോക്സഭയിലും 21നു രാജ്യസഭയിലും പാസാക്കി.
25ന് രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തു. ഇതോടെ, ബ്രിട്ടീഷുകാർ നടപ്പാക്കിയ 1860ലെ ഇന്ത്യൻ ശിക്ഷാനിയമം ഇനി ഭാരതീയ ന്യായ സംഹിത എന്നും 1898ലെ ക്രിമിനൽ നടപടിച്ചട്ടം അതായത് സിആർപിസി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയെന്നും 1872ലെ ഇന്ത്യൻ തെളിവുനിയമം, ഭരതീയ സാക്ഷ്യ അധിനിയം എന്നും അറിയപ്പെടും.
ഇന്നലെ മുതൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നത് പുതിയ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. അതിനു മുന്പുള്ളത് പഴയ നിയമങ്ങളനുസരിച്ചായതിനാൽ കോടതികളിൽ രണ്ടു നിയമത്തിലുമുള്ള കേസുകൾ കൈകാര്യം ചെയ്യേണ്ടിവരും. പഴയ നിയമങ്ങൾ 20 വർഷമെങ്കിലും തുടരേണ്ടിവരുമെന്നും പുതിയവയിൽ വ്യക്തത വരാൻ 20 വർഷം വേണ്ടിവരുമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആൾക്കൂട്ട കൊലപാതകം, പ്രായപൂർത്തിയാകാത്തവരെ ബലാത്സംഗം ചെയ്യൽ തുടങ്ങിയവയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വരെ നൽകാൻ വ്യവസ്ഥയുള്ളത് അത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ സഹായകമാകുമെന്ന് അഭിപ്രായമുണ്ട്. ചെറിയ കുറ്റങ്ങളിൽ പിഴശിക്ഷയ്ക്കു പകരം സാമൂഹികസേവനം നിർബന്ധമാക്കുന്നതും ശ്രദ്ധേയമാണ്. കേസുകൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാമെന്നത് കാലാനുസൃതമായ പരിഷ്കാരമാണ്.
അതേസമയം, രാജ്യത്തെവിടെ നടക്കുന്ന കുറ്റങ്ങളും ഏതു പോലീസ് സ്റ്റേഷനിൽ വേണമെങ്കിലും കേസാക്കാമെന്നത് ദൂരവ്യാപക ഫലങ്ങൾ ഉണ്ടാക്കാനിടയുണ്ട്. കേരളത്തിലുള്ള ഒരാൾക്കെതിരേ കാഷ്മീരിലോ ഡൽഹിയിലോ കേസ് രജിസ്റ്റർ ചെയ്യുന്നത്, അന്തിമശിക്ഷയേക്കാൾ വലിയ ശിക്ഷയായി നടപടിക്രമങ്ങളും വിചാരണയും മാറാനിടയാക്കും. ഇലക്ട്രോണിക്, ഡിജിറ്റൽ രേഖകൾ തെളിവായി സ്വീകരിക്കാമെന്നത് നിർമിതബുദ്ധിയുടെ കാലത്ത് സങ്കീർണമായ പ്രതിസന്ധികൾക്കു വഴിതെളിക്കാം.
കള്ളത്തെളിവുകൾ വേർതിരിച്ചറിയാൻ കോടതിക്കു കൂടുതൽ സമയമെടുക്കേണ്ടിവരും. മൂന്നുമുതൽ ഏഴുവരെ വർഷം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ പ്രാഥമികാന്വേഷണത്തിനുശേഷമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാവൂ എന്ന് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. കേൾക്കുന്പോൾ മനുഷ്യത്വപരമെന്നു തോന്നാമെങ്കിലും പോലീസുകാരുടെ അധികാരപ്രമത്തതയ്ക്കും അഴിമതിസാധ്യതയ്ക്കും ഇത് ഇടയാക്കിയേക്കും.
രാജ്യദ്രോഹം നിർവചിക്കുന്ന ഐപിസിയിലെ 124എ വകുപ്പ് ഇല്ലാതാക്കി. പക്ഷേ, ബിഎൻഎസിലെ 152-ാം വകുപ്പിൽ രാജ്യദ്രോഹത്തിന്റെ മേഖല വിപുലീകരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. വിഭാഗീയപ്രവർത്തനങ്ങൾ, സായുധ കലാപം, അട്ടിമറി പ്രവർത്തനങ്ങൾ, വിഘടനവാദ പ്രവർത്തനങ്ങൾ, ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും അപകടകരമായ പ്രവർത്തനങ്ങൾ എന്നിവയൊക്കെ രാജ്യദ്രോഹമായേക്കും.
നിലവിൽ സംഘടിത കുറ്റകൃത്യങ്ങളും ഭീകരവാദവും ഐപിസിയിലല്ല, യുഎപിഎയുടെ കീഴിലാണ്. ഇപ്പോഴത് രണ്ടിലും നിലനിൽക്കുകയാണ്. ഒരേ കുറ്റത്തിനു രണ്ടു കുറ്റപത്രങ്ങളുണ്ടാകാനും രണ്ട് ഏജൻസികൾ അന്വേഷിക്കാനുമുള്ള സാധ്യതയുണ്ട്. യുഎപിഎ കേസുകളിൽ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി ആവശ്യമായിരുന്നെങ്കിൽ ഇപ്പോൾ അതിന്റെയാവശ്യമില്ല.
രാജ്യദ്രോഹക്കുറ്റത്തിൽ സർക്കാരിന്റെ താത്പര്യമനുസരിച്ച് പോലീസിനും മറ്റ് ഏജൻസികൾക്കും മുന്നോട്ടു പോകാം. എഴുത്ത്, സംസാരം, ആംഗ്യം, ഇലക്ട്രോണിക് മാധ്യമം എന്നിവ വഴിയുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ജീവപര്യന്തം ശിക്ഷവരെ ലഭിക്കും. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഈ സർക്കാരിനെക്കുറിച്ചുള്ള പഴയ സംശയങ്ങൾ പുതിയ നിയമത്തിലും ദൂരീകരിച്ചിട്ടില്ല.
ബ്രിട്ടീഷുകാർ ഉണ്ടാക്കിയ നിയമങ്ങൾ അവരുടെ ഭരണത്തെ എതിർക്കുന്നവരെ ശിക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള അടിമതത്തത്തിന്റെ അടയാളങ്ങളുള്ള നിയമങ്ങളായിരുന്നു എന്നാണ് അമിത് ഷാ പറഞ്ഞത്. എന്നാൽ, ‘ബ്രിട്ടീഷുകാർ’ എന്ന സ്ഥാനത്ത് ഇന്ത്യയിലെ സർക്കാരുകൾ എന്നാക്കിയാൽ സ്ഥിതി പഴയതിലും മോശമാണെന്നു വിലയിരുത്തുന്നവരുണ്ട്.
പുതിയ നിയമത്തിന് ആധികാരികതയും വിശ്വാസ്യതയും കൈവരിക്കാൻ 50 വർഷമെങ്കിലും വേണ്ടിവന്നേക്കുമെന്നാണ് മുതിർന്ന അഭിഭാഷകയും മുൻ അഡീഷണൽ സോളിസിറ്റർ ജനറലുമായ ഇന്ദിര ജയ്സിംഗ് ‘ദ വയറി’നു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
നിയമത്തിലെ ഒരു പ്രത്യേക വ്യവസ്ഥയിൽ സുപ്രീംകോടതി തീരുമാനമെടുക്കുംവരെ എന്താണു ചെയ്യേണ്ടതെന്ന കാര്യത്തിൽ ന്യായാധിപന് വ്യക്തതക്കുറവുണ്ടാകുമെന്നും ഓരോരുത്തർക്കും നിയമത്തെ വ്യത്യസ്തമായി വ്യാഖ്യാനിക്കാനാകുമെന്നുമാണ് അവർ മുന്നറിയിപ്പു നൽകിയത്.
പ്രതിപക്ഷത്തോടോ വ്യത്യസ്ത അഭിപ്രായങ്ങളുള്ള നിയമജ്ഞരോടോ കൂടിയാലോചിക്കാതെ ഒരു നിയമം കൊണ്ടുവരുന്നതിൽ സർക്കാരിന് പ്രത്യേക താത്പര്യങ്ങളുണ്ടാകാം. ആ താത്പര്യങ്ങളിൽ ഒരെണ്ണമെങ്കിലും ജനാധിപത്യത്തിൽനിന്നു വ്യതിചലിക്കുന്നതായാൽ അതുപോലും എതിർക്കപ്പെടേണ്ടതാണ്. ശിക്ഷാനിയമങ്ങളുടെ പേരല്ല, സ്വഭാവമാണ് ഒരു രാജ്യത്തിന്റെ ഭരണസംവിധാനത്തെ നിർവചിക്കുന്നത്; ജനാധിപത്യമാണെങ്കിലും ഏകാധിപത്യമാണെങ്കിലും.