ഉത്തമനെയും റെയിൽവേ കുരുതി കൊടുത്തു
Thursday, June 27, 2024 12:00 AM IST
ട്രാക്മാൻ അഥവാ കീമാൻ എന്നറിയപ്പെടുന്ന ജീവനക്കാർ കണ്ണും കാതും തുറന്നുവയ്ക്കുന്നതുകൊണ്ടാണ് റെയിൽ പാളങ്ങൾ സുരക്ഷിതമായിരിക്കുന്നത്. പക്ഷേ, അതേ പാളങ്ങളിലൂടെ പായുന്ന ട്രെയിനുകൾ അവരെ ഛിന്നഭിന്നമാക്കുന്ന കാഴ്ച ഇന്ത്യൻ റെയിൽവേ ഒരു സിനിമയെന്നപോലെ കണ്ടു മറക്കുന്നു.
ഉത്തമൻ കുറെ സമരം നടത്തിയതാണ്; റെയിൽ പാളങ്ങളിൽ അറ്റകുറ്റപ്പണി നടത്തുന്ന കീമാൻമാർക്ക് ട്രെയിനുകളുടെ വരവറിയിക്കുന്ന ‘രക്ഷക്’ സംവിധാനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്. ഇനിയിപ്പോൾ ഉത്തമന് രക്ഷകിന്റെ ആവശ്യമില്ല.
ഇക്കഴിഞ്ഞ തിങ്കളാഴ്ച തൃശൂരിൽ ജോലിക്കിടെ ട്രെയിനിടിച്ച് അദ്ദേഹം മരിച്ചു. കീമാൻമാർ കാലങ്ങളായി ആവശ്യപ്പെടുന്ന ‘രക്ഷക്’ ഉണ്ടായിരുന്നെങ്കിൽ ഉത്തമൻ മാത്രമല്ല വർഷംതോറും നൂറുകണക്കിനു ജീവനക്കാർ മരിക്കില്ലായിരുന്നു. ‘രാജ്യത്തിന്റെ ലൈഫ് ലൈൻ’ എന്നു സ്വയം വിശേഷിപ്പിക്കുന്ന റെയിൽവേ, സ്വന്തം ജീവനക്കാരുടെ ചോരയിൽ തിളങ്ങുന്ന ഡെത്ത് ലൈനുകൾ കാണുന്നില്ല.
രണ്ടു വർഷം മുന്പ് ജോലിക്കിടെ പാളത്തിൽ തളർന്നുവീണ ഉത്തമനെ ട്രെയിൻ എത്തിയപ്പോൾ സഹപ്രവർത്തകർ രക്ഷിക്കുകയായിരുന്നു. പക്ഷേ, ഇക്കഴിഞ്ഞ തിങ്കളാഴ്ച തൃശൂരിനും ഒല്ലൂരിനുമിടയിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഉത്തമൻ മഴയുണ്ടായിരുന്നതിനാൽ വേണാട് എക്സ്പ്രസ് എത്തിയതറിഞ്ഞില്ല.
രാവിലെ 11.30ന് എൻജിന്റെ അടിയിൽ കുടുങ്ങിയ ഉത്തമന്റെ മൃതദേഹം ഒരു മണിക്കൂറിനുശേഷമാണ് പുറത്തെടുക്കാനായത്. പാളങ്ങൾ സുരക്ഷിതമാണോയെന്നു പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുകയാണ് കീമാൻമാരുടെ ജോലി.
എട്ടു മണിക്കൂർ ഡ്യൂട്ടിയിൽ സിംഗിൾ ലൈനാണെങ്കിൽ 16 കിലോമീറ്ററും ഡബിൾ ലൈനാണെങ്കിൽ എട്ടു കിലോമീറ്ററും നടന്നു പരിശോധിക്കണം. 15 കിലോയോളം വരുന്ന പണിയായുധങ്ങളും, ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള സ്വകാര്യസാധനങ്ങളും ഉൾപ്പെടുന്ന ബാഗും എടുത്തുകൊണ്ടുവേണം നടക്കാൻ.
ഇരുന്പുപാളത്തിലുള്ള പണിയുടെ ശബ്ദവും മഴയും കാറ്റുമൊക്കെ ഉള്ളപ്പോൾ ട്രെയിൻ അടുത്തെത്തിയാൽ പോലും അറിയില്ല. തുരങ്കങ്ങളിലും വശങ്ങളിൽ സ്ഥലം കുറവുള്ള മേഖലകളിലും ട്രെയിനെത്തുന്നതു കണ്ടാലും മാറിനിൽക്കാൻ പറ്റിയെന്നുവരില്ല.
ഇതിനൊക്കെ പരിഹാരമാണ് ഹൈ ഫ്രീക്വൻസി റേഡിയോ സംവിധാനമായ ‘രക്ഷക്’ എന്ന വാക്കിടോക്കി. ഇതു കൈയിൽ കെട്ടിയാൽ 24 കിലോമീറ്റർ അകലെ ട്രെയിൻ എത്തുന്പോൾതന്നെ മുന്നറിയിപ്പു ലഭിക്കും. കയറ്റിറക്കങ്ങളിലും തുരങ്കങ്ങളിലും വലിയ വളവുകളിലും രണ്ടിലധികം ലൈനുകൾ ഉള്ളയിടത്തും ‘രക്ഷക്’ കൃത്യമായി പ്രവർത്തിക്കില്ലെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്.
പക്ഷേ, എല്ലായിടത്തും വളവും തുരങ്കവുമില്ലല്ലോ. മാത്രമല്ല, ദക്ഷിണ റെയിൽവേയിലാണ് ‘രക്ഷക്’ കാര്യമായി വിതരണം ചെയ്യാത്തത്. ട്രെയിനുകൾ കൂട്ടിയിടിക്കാതിരിക്കാനുള്ള ‘കവച്’ സംവിധാനവും ദക്ഷിണമേഖലയിലെ പാളങ്ങളിലും സിഗ്നൽ സംവിധാനങ്ങളിലും ക്രമീകരിച്ചിട്ടില്ല.
രാജ്യത്ത് ഒരു വർഷം 400ലധികം റെയിൽവേ തൊഴിലാളികൾ ട്രെയിൻ തട്ടി മരിക്കുന്നുണ്ടെന്നാണ് ആണവശാസ്ത്രജ്ഞൻ ഡോ. അനിൽ കാക്കോദ്കർ അധ്യക്ഷനും ഇ. ശ്രീധരൻ അംഗവുമായ ഉന്നതതല സുരക്ഷാ സമിതി 2012ൽ റിപ്പോർട്ട് നൽകിയത്.
12 വർഷം കഴിഞ്ഞിട്ടും സുരക്ഷ, റിപ്പോർട്ടിൽനിന്നു പാളത്തിലിറങ്ങിയിട്ടില്ല. തിരുവനന്തപുരം ഡിവിഷനിൽ മാത്രം കഴിഞ്ഞ നാലു വർഷത്തിനിടെ 20 കീമാൻമാർ മരിച്ചു. വിഷയം രാജ്യസഭയിൽ ഉന്നയിച്ചതാണെന്ന് എ.എ. റഹീം എംപി കഴിഞ്ഞദിവസം പറഞ്ഞു.
ഏപ്രിൽ ആദ്യമാണ് പാളത്തിലെ അറ്റകുറ്റപ്പണികൾക്കിടെ കോട്ടയം നീലിമംഗലത്ത് നട്ടാശേരി സ്വദേശി വിജു മാത്യു ട്രെയിൻ തട്ടി മരിച്ചത്. ‘രക്ഷക്’ വിതരണം ചെയ്തിരുന്നെങ്കിൽ വിജുവും ഉത്തമനും ഉൾപ്പെടെയുള്ളവരുടെ കുടുംബങ്ങൾ അനാഥമാകില്ലായിരുന്നു.
ജീവിക്കാൻവേണ്ടി മരണത്തെപ്പോലും അവഗണിക്കുന്ന ജീവനക്കാരുടെ ഗതികേടിന്റെ പാളങ്ങളിലാണ് ഇന്ത്യൻ റെയിൽവേ കുതിപ്പിനൊരുങ്ങുന്നത്. കാരണവും പരിഹാരവുമറിഞ്ഞിട്ടും അതൊന്നും നടപ്പിലാക്കാൻ കൂട്ടാക്കാത്ത റെയിൽവേയെ തിരുത്താൻ കേരളത്തിലെ പുതിയ എംപിമാർ മുൻകൈയെടുക്കേണ്ടതുണ്ട്.
ട്രെയിനിടിച്ചു മരിച്ച സഹപ്രവർത്തകരുടെ ചിത്രം വച്ച് ‘രക്ഷകി’നുവേണ്ടി ഉപവാസമിരുന്ന ഉത്തമന്റെ ചിത്രം ജീവനക്കാരുടെ ഗ്രൂപ്പുകളിലുണ്ട്. അദ്ദേഹം സഹജീവികൾക്കുവേണ്ടി നടത്തിയ പോരാട്ടത്തിനുള്ള മരണാനന്തര അംഗീകാരമായെങ്കിലും നമ്മുടെ എംപിമാർ വിഷയം പാർലമെന്റിൽ ഉന്നയിക്കണം.