അടിയന്തരാവസ്ഥക്കണ്ണാടിയിൽ ഭരിക്കുന്നവർക്കും മുഖം നോക്കാം
Wednesday, June 26, 2024 12:00 AM IST
അടിയന്തരാവസ്ഥ ഏകാധിപത്യത്തിന്റെയും അടിച്ചമർത്തലിന്റെയും പേരാണ്. അതിന്റെ ഓർമ ഒരു കണ്ണാടിയാണ്; ഭരിക്കുന്നവർക്കും മുഖം നോക്കാവുന്നത്. അതിൽ, കേന്ദ്രമെന്നോ സംസ്ഥാനങ്ങളെന്നോ ഇല്ല.
മുഖപ്രസംഗത്തിനു പകരം ഇരുതലമൂർച്ചയുള്ളൊരു കവിത പ്രസിദ്ധീകരിച്ച സമാനതയില്ലാത്തൊരു കാലത്തിന്റെ ഓർമയ്ക്കായിട്ടാണ് ദീപിക ഇന്ന് അതേ കോളത്തിൽ എഴുതുന്നത്. ജനാധിപത്യ ഭരണകൂടം, ഫാസിസത്തിന്റെ പല്ലും നഖവും പുറത്തെടുത്ത അടിയന്തരാവസ്ഥക്കാലത്തായിരുന്നു നിശബ്ദതകൊണ്ടും കവിതകൊണ്ടും ഡൽഹിയെയും വിറപ്പിച്ച മാധ്യമപ്രവർത്തനം.
ആ പാരന്പര്യത്തിന്റെ നിലപാടുതറയിൽ ഉറച്ചുനിൽക്കുവോളം ഈ പത്രത്തിന് ഏകാധിപത്യത്തോട് നൂറുശതമാനം അസഹിഷ്ണുതയല്ലാതെ മറ്റൊന്നുമില്ലെന്നു പ്രഖ്യാപിക്കട്ടെ. 1975 ജൂൺ 28നായിരുന്നു പത്രപ്രവർത്തന ചരിത്രത്തിലെ അസാധാരണമായ ആ രോഷപ്രകടനം. അതിനു മൂന്നു ദിവസം മുന്‍പ് ജൂൺ 25ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടുത്ത രണ്ടു ദിവസങ്ങളിൽ ദീപിക മുഖപ്രസംഗം ഒഴിവാക്കി.
അടിയന്തരാവസ്ഥയ്ക്കെതിരേ എഴുതാനാവില്ല. അല്ലെങ്കിൽ ഭരണാധികാരിക്കു വാഴ്ത്തുപാട്ടു പാടണം. ദീപികയ്ക്ക് അതിനു സൗകര്യമില്ലായിരുന്നു. മൂന്നാം നാൾ ടാഗോറിന്റെ കവിത പ്രസിദ്ധീകരിച്ചു. “എവിടെ മനസ് നിർഭയമായിരിക്കുന്നുവോ, എവിടെ ശിരസ് ഉയർത്തിപ്പിടിക്കുന്നുവോ.....’’ എന്നു തുടങ്ങി “സ്വാതന്ത്ര്യത്തിന്റെ ആ സ്വർഗത്തിലേക്ക് പിതാവേ എന്റെ നാടിനെ ഉണർത്തിയാലും.’’
എന്നവസാനിക്കുന്ന രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയിലെ വരികൾ. പക്ഷേ, ആ പരീക്ഷണത്തിന്റെ മർമം കവിതയിൽ മാത്രമായിരുന്നില്ല. അതിന്റെ ചുവട്ടിലുള്ള ഒരു കുറിപ്പിലുമുണ്ടായിരുന്നു. കവിതാശകലങ്ങൾ ഗീതാഞ്ജലിയിൽനിന്ന് നേരിട്ട് എടുക്കുന്നതിനു പകരം ദീപിക അത് മറ്റൊരു പുസ്തകത്തിൽനിന്നെടുത്തു.
അടിക്കുറിപ്പ് ഇങ്ങനെ: 1933 ഓഗസ്റ്റ് ഒന്‍പതിന് പണ്ഡിറ്റ് നെഹ്റു മകൾക്കയച്ച കത്തിൽ രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയിൽനിന്നും ഉദ്ധരിച്ച ഒരു കവിത (വിശ്വചരിത്രാവലോകനം). നെഹ്റുവിന്റെ മകളുടെ നെഞ്ചിൽ അതു കൊണ്ടു. സർക്കാർ ഇടപെട്ടു. മുഖപ്രസംഗ കോളം വെറുതെയിട്ടാലും മഹദ്വചനങ്ങൾ മാത്രം നൽകിയാലും ലൈസൻസ് റദ്ദാക്കും എന്നറിയിച്ചു.
പത്രാധിപരായിരുന്ന ഫാ. കൊളംബിയർ സിഎംഐയെ, പിന്നീട് കോട്ടയത്തെത്തിയ വേളയിൽ ഇന്ദിരാഗാന്ധിയുടെ അടുത്തെത്തിക്കാൻ ശ്രമമുണ്ടായെങ്കിലും അദ്ദേഹം സ്ഥലത്തുനിന്നു മാറിക്കളഞ്ഞു. എഡിറ്റോറിയൽ കോളത്തിൽനിന്നു മാറ്റിയെങ്കിലും ഏകാധിപത്യ പ്രവണതയ്ക്കെതിരേയുള്ള നിലപാട് ദീപിക തുടരുകയും ചെയ്തു. 1977 മാർച്ച് 22ന് ഇന്ദിരയെ അധികാരത്തിൽനിന്നു ജനം പുറത്താക്കിയപ്പോൾ ‘നവയുഗോദയം’ എന്ന പേരിൽ ദീപിക മുഖപ്രസംഗമെഴുതി.
“പ്രധാനമന്ത്രിക്കെതിരേ റായ്ബറേലിയിലെയും സഞ്ജയനെതിരേ അമേതിയിലെയും ജനം തീർപ്പു കൽപിച്ചു... അടിയന്തരാവസ്ഥക്കാലത്ത് ഉത്തരേന്ത്യയിൽ നടമാടിയ ഏകാധിപത്യ പ്രവണതകൾക്കെതിരേ ചില വ്യക്തികളും പ്രാദേശിക നേതാക്കളും പ്രകടിപ്പിച്ച അഹന്തയ്ക്കെതിരേ സാധാരണ ജനങ്ങളിൽ ഉയർന്ന വിദ്വേഷാഗ്നി ഒരു സംഹാരാഗ്നിയായി മാറി.’’
അടിയന്തരാവസ്ഥ ഏകാധിപത്യത്തിന്റെയും അടിച്ചമർത്തലിന്റെയും പേരാണ്. 1975 ജൂൺ 25നു രാത്രി 11.35നാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നിർദേശപ്രകാരം രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അധികാരപ്രമത്തത, അഴിമതി, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളുന്നയിച്ച് പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ നടത്തിയ ബഹുജന മുന്നേറ്റങ്ങൾ ഇന്ദിരയെ അരക്ഷിതയാക്കി.
1971ൽ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയെങ്കിലും റായ്ബറേലിയിലെ തെരഞ്ഞെടുപ്പിൽ കൃത്രിമത്വം കാണിച്ചെന്നാരോപിച്ച്, ഇന്ദിരയോടു തോറ്റ രാജ് നാരായണൻ ഫയൽ ചെയ്ത കേസിൽ അലാഹാബാദ് ഹൈക്കോടതി ഇന്ദിരയുടെ ലോക്സഭാംഗത്വം റദ്ദാക്കുകയും ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നു വിധി പുറപ്പെടുവിക്കുകയും ചെയ്തു.
ഹൈക്കോടതി വിധി സാധുവാണെങ്കിലും പ്രധാനമന്ത്രിയായി ഇന്ദിരയ്ക്കു പാർലമെന്റിൽ വോട്ടവകാശമില്ലാതെ തുടരാമെന്നു സുപ്രീം കോടതി അപ്പീലിൽ വിധിച്ചു. തത്കാലം രക്ഷപ്പെട്ടെങ്കിലും രാജ്യത്ത് പ്രതിഷേധങ്ങൾ വർധിക്കുമെന്നുറപ്പായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ആദ്യംതന്നെ പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി.
പിന്നാലെ, മൗലികാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന, ഭരണഘടനയുടെ 14, 21, 22 വകുപ്പുകള്‍ മരവിപ്പിച്ചു. ജയപ്രകാശ് നാരായണ്‍, രാജ് നാരായണ്‍, മൊറാര്‍ജി ദേശായി, അടല്‍ ബിഹാരി വാജ്പേയി, ജോര്‍ജ് ഫെര്‍ണാണ്ടസ്, എൽ.കെ. അദ്വാനി തുടങ്ങിയ നേതാക്കൾ അറസ്റ്റിലായി. ആര്‍എസ്എസും ജമാ അത്തെ ഇസ്ലാമിയും നിരോധിക്കപ്പെട്ടു. കുപ്രസിദ്ധമായ രാജന് ഉരുട്ടിക്കൊലക്കേസ് നടക്കുന്നത് അക്കാലത്താണ്.
ഇന്ദിരയല്ല, തീരുമാനമെടുത്തിരുന്നത് സഞ്ജയ് ഗാന്ധിയായിരുന്നെന്ന് വിമർശനമുണ്ടായി. രാജ്യത്തെ നിരവധി ചേരികൾ ഇടിച്ചുനിരത്തപ്പെട്ടു. ലക്ഷക്കണക്കിനാളുകൾ നിർബന്ധിത വന്ധ്യംകരണത്തിനു വിധേയരാക്കപ്പെട്ടു. ഏതർഥത്തിലും മനുഷ്യാവകാശ ലംഘനങ്ങളുടെ പരന്പരകളാണ് 21 മാസം അരങ്ങേറിയത്. അടിയന്തരാവസ്ഥയുടെ ഓർമ പത്രങ്ങൾക്കു മുഖപ്രസംഗമെഴുതാനുള്ള വെറുമൊരു ചടങ്ങല്ല, ജനങ്ങൾക്കും ഭരണാധികാരികൾക്കുമുള്ള മുന്നറിയിപ്പാണ്.
49 വർഷം മുന്‍പ് തളയ്ക്കപ്പെട്ടെന്നു കരുതിയിരുന്ന അടിയന്തരാവസ്ഥയുടെ പ്രേതത്തെ ഇന്ദ്രപ്രസ്ഥത്തിന്റെ രാജവീഥി മുതൽ രാജ്യത്തിന്റെ മുക്കിനും മൂലയിലും വരെ ഏതാനും വർഷങ്ങളായി കാണുന്നവരുണ്ട്. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നു പ്രതിപക്ഷവും രാഷ്ട്രീയ നിരീക്ഷകരുമൊക്കെ വിലയിരുത്തുന്ന ഒരു കാലത്താണ് അടിയന്തരാവസ്ഥയുടെ വാർഷികം അന്പതിലേക്കു കടന്നത്.
പഴയ കഥ പറയുന്നതിനൊപ്പം പുതിയ യാഥാർഥ്യങ്ങൾ ചൂണ്ടിക്കാണിക്കുകയും വേണം. അടിയന്തരാവസ്ഥയിൽ ആളുകളെ കഴന്പില്ലാത്ത കാരണങ്ങളാൽ ജയിലിലിട്ടെന്ന് ഓർമിപ്പിക്കുന്പോൾ, ഇപ്പോൾ പ്രതിപക്ഷ നേതാക്കളും മനുഷ്യാവകാശപ്രവർത്തകരും മാധ്യമപ്രവർത്തകരും അങ്ങനെ ജയിലിൽ കിടക്കുന്നുണ്ടോയെന്നു ചോദിക്കാതെ വയ്യ.
പാവങ്ങൾക്കിടയിൽ പ്രവർത്തിച്ചിരുന്ന സ്റ്റാൻ സ്വാമിയെ കള്ളക്കേസിൽ കുടുക്കി മരണത്തോളം ജയിലിലിട്ടതും അദ്ദേഹത്തിന്റേതുൾപ്പെടെ പലരുടെയും കംപ്യൂട്ടറുകളിൽ കള്ളത്തെളിവുകൾ തിരുകിക്കയറ്റിയതും എന്തിനെന്നു ചോദിക്കണം. “ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ’’ എന്ന് കോൺഗ്രസുകാർ അന്നു പാടിയതിനു സമാനമായ നേതൃപൂജ ഇന്നു നടക്കുന്നുണ്ടോയെന്നു ചോദിക്കണം.
ജനാധിപത്യത്തിന്റെ കറുത്ത കാലത്തെന്നപോലെ ഇന്നും പ്രതിപക്ഷത്തെ അടിച്ചമർത്തുന്നുണ്ടോയെന്നും ചോദിക്കണം. അതിനായി സർക്കാർ സംവിധാനങ്ങളെ ദുരുപയോഗിക്കുന്നവരാണോ ഭരണഘടനയിൽ കറുത്ത നിഴൽ വീണ അടിയന്തരാവസ്ഥയെക്കുറിച്ച് പഠിപ്പിക്കുന്നതെന്നു ചോദിക്കണം.
പാർലമെന്റിൽ ചർച്ച ചെയ്യാതെ നിയമങ്ങളും ബില്ലുകളും പാസാക്കുന്നതാണോ ജനാധിപത്യമെന്നു ചോദിക്കണം. പ്രതിപക്ഷത്തെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്യുന്നവരാണോ ഉത്തരവാദിത്വമുള്ള പ്രതിപക്ഷമാകാൻ ഉപദേശിക്കുന്നതെന്നു ചോദിക്കണം. പ്രോട്ടെം സ്പീക്കർ പദവിപോലും തട്ടിയെടുക്കുന്നവർക്ക് എന്തു പ്രതിപക്ഷ ബഹുമാനമാണെന്നു ചോദിക്കണം.
അതെ, അടിയന്തരാവസ്ഥയുടെ ഓർമ ഒരു കണ്ണാടിയാണ്; ഭരിക്കുന്നവർക്കും മുഖം നോക്കാവുന്നത്. അതിൽ, കേന്ദ്രമെന്നോ സംസ്ഥാനങ്ങളെന്നോ ഇല്ല. പ്രതിപക്ഷത്തിന്റെ നിർമിതികളിൽ ബുൾഡോസർ കയറ്റുകയും അധികാരത്തിലെത്തി ദിവസങ്ങൾക്കകം ചാനലുകളെ നിരോധിക്കുകയും ചെയ്ത ആന്ധ്രയിലെ പുത്തൻ സർക്കാരിനും നോക്കാം. ജനാധിപത്യത്തിന്റെ ഇരുണ്ട കാലത്തും നാടിനു ദീപികയായി നിന്ന പത്രം പൊടിതട്ടിയെടുക്കുന്നത് ആ കണ്ണാടിയാണ്.