പോലീസുകാർ മടുക്കുന്പോൾ
Tuesday, June 25, 2024 12:00 AM IST
പോലീസുകാർക്കും മനുഷ്യാവകാശങ്ങളുണ്ടെന്ന് സർക്കാരിനോ പൊതുസമൂഹത്തിനോ ഇതുവരെ തോന്നിയിട്ടില്ല. പോലീസുകാർ വിശുദ്ധരായിരിക്കണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ല. പക്ഷേ, അവർ പണിയെടുക്കുന്നത് നരകത്തിലല്ലെന്ന് നാം ഉറപ്പാക്കണം.
സ്വയം ജീവനൊടുക്കിയ പോലീസുകാരെക്കുറിച്ചുള്ള വാർത്തകൾ ഒന്നിനു പിറകെ മറ്റൊന്നായി വരുന്നത് നിസാരമായി കാണരുത്. ഈ മാസം മാത്രം അഞ്ചു പോലീസുകാരാണ് ജീവനൊടുക്കിയത്. പോലീസിലെ ആത്മഹത്യകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളൊന്നും നടന്നതായി അറിവില്ലെങ്കിലും അമിതമായ ജോലിഭാരവും മേലുദ്യോഗസ്ഥരിൽനിന്നുള്ള സമ്മർദവുമാണ് കാരണങ്ങളെന്ന വിലയിരുത്തലുകൾ ഏറെനാളായി കേൾക്കുന്നുണ്ട്.
എന്നിട്ടും അതു പരിഹരിക്കാനായിട്ടില്ല. പോലീസുകാരുടെ ഭീഷണിക്കോ പീഡനത്തിനോ ഇടയായി ആരെങ്കിലും ജീവനൊടുക്കിയാൽ ഉണ്ടാകുന്ന അന്വേഷണ കമ്മീഷനും പരിഹാരനടപടികളുമൊന്നും ജീവനൊടുക്കുന്ന പോലീസുകാരുടെ കാര്യത്തിലില്ല. പക്ഷേ, എന്തിൽനിന്നോ രക്ഷപ്പെടാൻ മറ്റു സഹായമൊന്നും കിട്ടാതെവന്നപ്പോൾ മരണത്തെ വിളിച്ചുവരുത്തിയ ഓരോ പോലീസുകാരനും ഒരു കുടുംബമുണ്ടെന്നു മറക്കരുത്. സമ്മർദങ്ങൾ സഹിച്ച് ഇപ്പോഴും ജോലിയിൽ തുടരുന്നവരെ ആശ്രയിച്ചും ആയിരക്കണക്കിനു കുടുംബങ്ങളുണ്ട്. സർക്കാരിതു ഗൗരവത്തിലെടുക്കണം.
കഴിഞ്ഞ നവംബറിൽ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തു ചേർന്ന യോഗത്തിൽ അവതരിപ്പിച്ച കണക്കനുസരിച്ച് നാലു വർഷത്തിനിടെ 69 പോലീസുകാർ ജീവനൊടുക്കി. ഇതേ കാലയളവിൽ 169 പേർ സ്വയം വിരമിക്കലിന് അപേക്ഷിച്ചു. പോലീസ് അക്കാഡമി ഡയറക്ടറുടെയും പോലീസ് മേധാവിയുടെയും നിര്‍ദേശത്തെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിമാർ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, ജോലിക്കിടയിലെ മാനസിക സമ്മർദമാണ് പോലീസുകാർക്കിടയിലെ ആത്മഹത്യകളുടെ പ്രധാന കാരണം. എന്തൊക്കെ ന്യൂനതകളുണ്ടെങ്കിലും, നീതിയും ന്യായവും വെല്ലുവിളിക്കപ്പെടുന്പോൾ ജനങ്ങൾ അന്വേഷിക്കുന്നത് പോലീസ് എവിടെ എന്നുതന്നെയാണ്. പക്ഷേ, ആശ്രയമില്ലാതെ ജീവനൊടുക്കാൻ തീരുമാനിക്കുന്നൊരു പോലീസുകാരൻ ഒടുവിലും തനിച്ചാകുന്നു.
അമിതജോലി, മേലുദ്യോഗസ്ഥരുടെ വക സമ്മര്‍ദം, പരസ്യശകാരം, ജോലിയുടെ ഭാഗമായി കുടുംബാംഗങ്ങളിൽനിന്ന് അകന്നുള്ള ജീവിതം, സഹപ്രവർത്തകരിൽനിന്നുള്ള സഹകരണമില്ലായ്മ തുടങ്ങിയവയൊക്കെ ആത്മഹത്യയുടെ കാരണങ്ങളായി റിപ്പോർട്ടിലുണ്ട്. 16 മണിക്കൂർ തുടർച്ചയായി ജോലി ചെയ്യേണ്ടിവരുന്നത് പോലീസിൽ പതിവാണ്. പലർക്കും യഥാസമയം ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ സാധിക്കുന്നില്ല.
പ്രാഥമികാവശ്യങ്ങൾക്കും വിശ്രമിക്കാനും പോലീസ് സ്റ്റേഷനുകളിൽപോലും പരിമിതികളേറെയാണ്. രാഷ്ട്രീയക്കാരിൽനിന്നോ ഭരിക്കുന്ന പാർട്ടിയിൽനിന്നോ മന്ത്രിമാരിൽനിന്നോ ഉണ്ടാകുന്ന സമ്മർദമാകാം മേലുദ്യോഗസ്ഥർ കീഴുദ്യോഗസ്ഥരിലേക്ക് കൈമാറുന്നത്. രാഷ്ട്രീയാതിപ്രസരത്തിലും അഴിമതിയിലും സ്വജനപക്ഷപാതങ്ങളിലും ഇഴപിരിഞ്ഞുകിടക്കുന്ന നമ്മുടെ ഭരണസംവിധാനത്തിന്റെ ദൂഷ്യവശമാണിത്. രാഷ്ട്രീയ-തീവ്രവാദ-വർഗീയ ബന്ധമുള്ളവർക്കെതിരേയുള്ള കേസുകളിൽ ഇടപെടുന്ന ഉദ്യോഗസ്ഥരും കടുത്ത സമ്മർദത്തിലാകാറുണ്ട്.
1988ലെ തസ്തികവിന്യാസം അനുസരിച്ചാണ് ഇപ്പോഴും പോലീസിൽ കാര്യങ്ങൾ. മൂന്നര പതിറ്റാണ്ടു കഴിഞ്ഞു. കുറ്റകൃത്യങ്ങൾ കൂടുതൽ സങ്കീർണമാകുകയും കുറ്റവാളികളുടെ എണ്ണം പെരുകുകയും ചെയ്തു. അതിനനുസരിച്ചുള്ള മാറ്റങ്ങൾ പോലീസ് സേനയിലും വരുത്തേണ്ടതുണ്ട്. പോലീസുകാർക്കും മനുഷ്യാവകാശങ്ങളുണ്ടെന്ന് സർക്കാരിനോ പൊതുസമൂഹത്തിനോ ഇതുവരെ തോന്നിയിട്ടില്ല. പോലീസുകാർ വിശുദ്ധരായിരിക്കണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ല. പക്ഷേ, അവർ പണിയെടുക്കുന്നത് നരകത്തിലല്ലെന്ന് നാം ഉറപ്പാക്കണം.
പോലീസിനെക്കുറിച്ചു ജനങ്ങൾക്കു പരാതിയില്ലാത്ത ദിവസങ്ങളില്ല. പക്ഷേ, പോലീസ് പരാതി പറയുന്നത് നമ്മളാരും കേൾക്കാറില്ല. കാരണം, അവരുടെ പരാതികൾ മിക്കവാറും അതു കേൾക്കേണ്ടവരെക്കുറിച്ചായതിനാൽ നിവൃത്തിയുണ്ടെങ്കിൽ പരാതിപ്പെടാൻ പോലും പലരും തയാറാകില്ല. പോലീസുകാരുടെ ആത്മഹത്യ, സ്വയംവിരമിക്കൽ, മാനസികസമ്മർദം തുടങ്ങിയ കാര്യങ്ങളില്‍ പഠനം നടത്താനും പരിഹാരമുണ്ടാക്കാനും പോലീസ് അക്കാഡമിയില്‍ തുടങ്ങിയ പോലീസ് റിസര്‍ച്ച് സെന്റര്‍ (പിആര്‍സി) ഇനിയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
ആർക്കും ഏതു സമയത്തും ആശ്രയിക്കാവുന്ന, നിർഭയമായി കടന്നുചെല്ലാവുന്ന ഇടമായി പോലീസ് സ്റ്റേഷനുകൾ മാറിയെന്നു കഴിഞ്ഞദിവസം പറഞ്ഞത്, മുഖ്യമന്ത്രി പിണറായി വിജയനാണ്. പക്ഷേ, പോലീസുകാർ ആശ്രയത്തിനും സമാധാനത്തിനുമായി എവിടെപ്പോകും എന്നുകൂടി പറയാൻ സർക്കാരിനു ബാധ്യതയുണ്ട്.