ജനാധിപത്യവിരുദ്ധതയുടെ മാപ്രാ വിളികൾ
Monday, June 24, 2024 12:00 AM IST
അസഭ്യവർഷത്തിന്റെ അതേ ശൈലിയിലും സുഖത്തിലും മാധ്യമപ്രവർത്തകരെ മാപ്രയെന്നു വിളിച്ച് സംതൃപ്തിയടയുന്നവരുടെ രാഷ്ട്രീയബന്ധങ്ങളും താത്പര്യങ്ങളും ശ്രദ്ധിച്ചാൽ മതി ആർക്കുവേണ്ടിയാണ് അവർ ഓരിയിടുന്നതെന്നു തിരിച്ചറിയാൻ.
മാധ്യമസ്വാതന്ത്ര്യം സർക്കാരിൽനിന്നു വിനയപുരസരം ഏറ്റുവാങ്ങേണ്ട ഔദാര്യമല്ലെന്നു കരുതുന്നവരെ ഇന്ത്യയിലെ തുടർച്ചയായ നിയന്ത്രണങ്ങൾ അലോസരപ്പെടുത്തുന്നുണ്ട്. അത്തരം വാർത്തകളിൽ താരതമ്യേന ചെറുതാണ്, ഒരു വിദേശ മാധ്യമപ്രവർത്തകൻകൂടി ഇന്ത്യ വിട്ടു എന്നത്.
മാധ്യമപ്രവർത്തനത്തിനുള്ള പെർമിറ്റ് കേന്ദ്രസർക്കാർ പുതുക്കി നൽകിയില്ലെന്നാരോപിച്ച് ഫ്രാൻസിൽനിന്നുള്ള സെബാസ്റ്റ്യൻ ഫാർസിസാണ് കഴിഞ്ഞദിവസം വിമാനം കയറിയത്. ഇക്കൊല്ലം ഇതുവരെ ഇന്ത്യ വിടേണ്ടിവന്ന മൂന്നാമത്തെ വിദേശ മാധ്യമപ്രവർത്തകൻ. എന്തിനാണ് നമ്മളതു ചർച്ച ചെയ്യുന്നത്? വേണ്ടെങ്കിൽ വേണ്ട. പക്ഷേ, മാധ്യമപ്രവർത്തനത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ഏതൊരു ആശങ്കയും ജനാധിപത്യത്തെക്കുറിച്ചുള്ള ആശങ്കയാണ്.
ജനാധിപത്യം വേണ്ടെന്ന്, ഭരിക്കുന്ന പാർട്ടിയെ അനുകൂലിക്കുന്നവർ ഉൾപ്പെടെ നമ്മളാരും പറയില്ലല്ലോ. അതുകൊണ്ട്, ജനാധിപത്യത്തെക്കുറിച്ച് അഥവാ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് പറയാം. റേഡിയോ ഫ്രാൻസ് ഉൾപ്പെടെയുള്ള ഫ്രഞ്ച് റേഡിയോകളുടെ സൗത്ത് ഏഷ്യൻ കറസ്പോണ്ടന്റായിരുന്ന സെബാസ്റ്റ്യൻ ഫാർസിസാണ് തിരിച്ചുപോയത്.
12 വർഷം ഇന്ത്യയിൽ ജോലി ചെയ്ത അദ്ദേഹം വിവാഹം ചെയ്തതും ഇന്ത്യക്കാരിയെയായിരുന്നു. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡുള്ളവരും മാധ്യമപ്രവർത്തനം നടത്താൻ പെർമിറ്റെടുക്കണമെന്ന ചട്ടം കേന്ദ്രം കൊണ്ടുവന്നത് 2021ലാണ്. അതനുസരിച്ചുള്ള പെർമിറ്റിന് സെബാസ്റ്റ്യൻ അപേക്ഷിച്ചെങ്കിലും തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് ആഭ്യന്ത്രരമന്ത്രാലയം നിഷേധിക്കുകയായിരുന്നു.
ഫ്രഞ്ച് മാധ്യമപ്രവർത്തക വനേസ ഡോഗ്നാക് രാജ്യം വിട്ടത് ഇക്കഴിഞ്ഞ ഫെബ്രുവരിലാണ്. 23 വർഷം അവർ ഇവിടെ മാധ്യമപ്രവർത്തകയായിരുന്നു. ദേശവിരുദ്ധ വാർത്തകൾ എഴുതുന്നുവെന്നാരോപിച്ച് ആദ്യം മാധ്യമപ്രവർത്തനത്തിനുള്ള പെർമിറ്റ് റദ്ദാക്കി. 16 മാസം കഴിഞ്ഞപ്പോൾ ഒസിഐ കാർഡ് റദ്ദാക്കാതിരിക്കാനുള്ള കാരണംകാണിക്കൽ നോട്ടീസും നൽകി. തുടർന്ന് അവരും രാജ്യം വിട്ടു.
ഓസ്ട്രേലിയയിലെ എബിസി ന്യൂസിന്റെ സൗത്ത് ഏഷ്യ ബ്യൂറോ ചീഫായിരുന്ന അവനി ഡയസ് ഇന്ത്യയിൽനിന്നു പോയത് ഏപ്രിൽ മാസത്തിലാണ്. ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അവനിയുടേത് സർക്കാർവിരുദ്ധ റിപ്പോർട്ടുകളാണെന്നു വാർത്തയുണ്ടായിരുന്നു.
രാജ്യം വിട്ട വിദേശ മാധ്യമപ്രവർത്തകരിൽ ആരുടെയെങ്കിലും റിപ്പോർട്ടിംഗിൽ, സർക്കാർ ആരോപിക്കുന്നതുപോലെ രാജ്യവിരുദ്ധത ഉണ്ടായിരിക്കാം. പക്ഷേ, ഒറ്റപ്പെട്ട സംഭവങ്ങളായിട്ടല്ല നാം രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തിനെതിരേയുള്ള നീക്കങ്ങളെ വീക്ഷിക്കേണ്ടത്. ചിലത് സർക്കാർ ഇടപെടേണ്ടതായിരുന്നിരിക്കാം.
പക്ഷേ, മഹാഭൂരിപക്ഷവും അങ്ങനെയായിരുന്നോ? അടിയന്തരാവസ്ഥക്കാലം ഒഴിച്ചാൽ മാധ്യമസ്വാതന്ത്ര്യം ഇത്ര ഹനിക്കപ്പെട്ട കാലം സ്വതന്ത്ര ഇന്ത്യയിൽ ഉണ്ടായിരുന്നോ? മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി പത്രപ്രവർത്തക സംഘടനകൾ ഇത്രയേറെ പ്രസ്താവനകൾ ഇറക്കുകയും ഇടപെടലുകൾ നടത്തുകയും ചെയ്യേണ്ടിവരുന്നത് എന്തുകൊണ്ടാണ്?
സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും ആശങ്കാജനകമായിരുന്ന കോവിഡിന്റെയും മണിപ്പുർ കലാപത്തിന്റെയും റിപ്പോർട്ടുകളുടെ പേരിൽ സർക്കാരിനെ വിമർശിച്ചവരോടുള്ള സർക്കാരിന്റെ സമീപനം എന്തായിരുന്നു? ഔട്ട്ലുക്ക്, ന്യൂസ് ക്ലിക്, ന്യൂസ് ലോൺട്രി, ദ വയർ തുടങ്ങി എത്ര മാധ്യമങ്ങൾക്കെതിരേയാണ് കേസെടുത്തത്. ഫ്രീ സ്പീച്ച് കളക്റ്റീവിന്റെ കഴിഞ്ഞ ഒക്ടോബറിലെ റിപ്പോർട്ടനുസരിച്ച് ഇതുവരെ 16 മാധ്യമപ്രവർത്തകർക്കെതിരേ ചുമത്തിയിരിക്കുന്നത് യുഎപിഎ ആണ്.
മാധ്യമപ്രവർത്തനത്തിന്റെ ആഗോളവത്കരണത്തെയും ഭരണകൂടങ്ങൾക്കു ഭയക്കേണ്ടിവന്നിരിക്കുന്നു. റഫാൽ ഇടപാട്, പെഗാസസ് ചാര സോഫ്റ്റ്വേർ, ഹിൻഡൻബർഗ് റിപ്പോർട്ട്, ബിബിസിയുടെ ഗുജറാത്ത് ഡോക്യുമെന്ററി തുടങ്ങിയവയൊക്കെ ഇന്ത്യയെ സംബന്ധിച്ച് ഉദാഹരണങ്ങളാണ്.
മാധ്യമങ്ങൾക്കു തെറ്റുപറ്റുന്നത് ലോകത്തില്ലാത്ത കാര്യമല്ല. തീർച്ചയായും തിരുത്തപ്പെടേണ്ടതുമാണ്. പക്ഷേ, അതിനെ അവസരമായെടുത്ത് ആ മാധ്യമത്തെയോ അതിലെ മാധ്യമപ്രവർത്തകരെയോ ഒരു ജനാധിപത്യരാജ്യവും പകരംവീട്ടുന്നവിധം കേസിൽ കുടുക്കാറില്ല.
മാധ്യമപ്രവർത്തകരും മനുഷ്യാവകാശപ്രവർത്തകരും പൊതുപ്രവർത്തകരും ഉൾപ്പെടെ സർക്കാരിനെ വിമർശിക്കുന്നർക്കെതിരേ ഭീകരവിരുദ്ധ നിയമങ്ങളും റെയ്ഡുകളും സാന്പത്തിക ഉപരോധങ്ങളുമൊക്കെ ദുരുപയോഗിക്കുന്നതു ചൂണ്ടിക്കാട്ടി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്, റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ്, ഹ്യൂമൻ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്റർനാഷണൽ തുടങ്ങിയ 12 അന്തർദേശീയ മാധ്യമ-മനുഷ്യാവകാശ സംഘടനകൾ സംയുക്ത പ്രസ്താവനയിറക്കിയത് കഴിഞ്ഞ ഒക്ടോബറിലാണ്.
നമുക്കതൊക്കെ അന്തർദേശീയ ഗൂഢാലോചന മാത്രമാണ്. ഇക്കഴിഞ്ഞ മേയ് മാസത്തിൽ റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് പ്രസിദ്ധീകരിച്ച മാധ്യമസ്വാതന്ത്ര്യ സൂചികയിലെ 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 159-ാമതാണ്. അതൊന്നും നമ്മൾ സമ്മതിക്കില്ല. പക്ഷേ, സർക്കാരിന് അനുകൂലമായ ആഗോള പരാമർശങ്ങളെല്ലാം മഹത്തായ സംഭവവുമാണ്.
ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചു നമ്മൾ പറയുന്നത് ജനാധിപത്യരാജ്യമായതുകൊണ്ടാണ്. അതുകൊണ്ടാണ്, ഇത്തരം ചർച്ചകളിൽ ചൈന, ഉത്തരകൊറിയ, മ്യാൻമാർ, അഫ്ഗാനിസ്ഥാൻ, സൗദി അറേബ്യ, ഇറാൻ, ഇറാക്ക്, സിറിയ തുടങ്ങിയ കമ്യൂണിസ്റ്റ്, പട്ടാള, മതതീവ്രവാദ രാജ്യങ്ങളെ ഉൾപ്പെടുത്താത്തത്. അതുപോലെ, ജനാധിപത്യരാജ്യത്താണെങ്കിലും മാധ്യമസ്വാതന്ത്ര്യം ക്ഷയിക്കുന്നെന്നും ജനാധിപത്യം ക്ഷയിക്കുന്നില്ലെന്നും നമുക്ക് ഒരേസമയം പറയാനാവില്ല.
രണ്ടും ഒന്നിച്ചേ തളരുകയുള്ളൂ. സർക്കാരുകളുടെ അപ്രീതിക്കൊപ്പം പാർട്ടി വിധേയരുടെയും തീവ്രവാദ-വർഗീയ സംഘങ്ങളുടെയും അഴിഞ്ഞാട്ടത്തെയും മാധ്യമപ്രവർത്തകർക്ക് അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. ജനാധിപത്യം, മതേതരത്വം എന്നീ വാക്കുകൾ അവർക്കു സഹിക്കാവുന്നതിലപ്പുറമാണ്. കേരളത്തിലുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും അതുണ്ട്.
കേട്ടിട്ടില്ലേ, അസഭ്യവർഷത്തിന്റെ അതേ ശൈലിയിലും സുഖത്തിലും മാധ്യമപ്രവർത്തകരെ മാപ്രയെന്നു വിളിച്ച് സംതൃപ്തിയടയുന്നവരെക്കുറിച്ച്?അവരുടെ രാഷ്ട്രീയബന്ധങ്ങളും താത്പര്യങ്ങളും ശ്രദ്ധിച്ചാൽ മതി ആർക്കുവേണ്ടിയാണ് ഓരിയിടുന്നതെന്നു തിരിച്ചറിയാൻ. ഇങ്ങനെ പലവിധ ആക്രമണങ്ങളെ മാധ്യമപ്രവർത്തകർ അഭിമുഖീകരിക്കുന്ന കാലമാണിത്.
മാധ്യമങ്ങൾ ഭരിക്കുന്നവർക്കുവേണ്ടിയല്ല, ഭരിക്കപ്പെടുന്നവർക്കുവേണ്ടിയാണെന്ന് എത്ര പറഞ്ഞാലും ജനാധിപത്യവിരുദ്ധരുടെ തലയിൽ കയറില്ല. മാധ്യമപ്രവർത്തകരെ നിശബ്ദരാക്കുന്നതിൽ അവർക്ക് അസാധാരണത്വമൊന്നും തോന്നാത്തതുപോലെ, ഭരണാധികാരിയുടെ മടിയിലിരുന്നു പണിയെടുക്കാൻ യഥാർഥ മാധ്യമപ്രവർത്തകർക്കും തോന്നുകയില്ല; അതിപ്പോൾ വിദേശിയായാലും സ്വദേശിയായാലും. രാജ്യത്തിനുവേണ്ടിയാണെന്നു കരുതി മാധ്യമങ്ങളും മാധ്യമപ്രവർത്തകരും മുന്നോട്ടുപോകുകതന്നെ.