സീനയുടെ രാഷ്ട്രീയമല്ല; ബോംബിന്റെ ഉറവിടം കണ്ടെത്തൂ
Saturday, June 22, 2024 12:00 AM IST
കണ്ണൂരിൽ ബോംബ് നിർമിക്കുന്നുണ്ട്, പൊട്ടിത്തെറിക്കുന്നുമുണ്ട്. പക്ഷേ, പ്രതികളില്ല. ഒന്നുകിൽ ബോംബ് നിർമിക്കുന്നവർ നിസാരക്കാരല്ല, അല്ലെങ്കിൽ ആഭ്യന്തരവകുപ്പിനു കഴിവില്ല. രണ്ടായാലും നാടിനാപത്താണ്.
കോൺഗ്രസോ സിപിഎമ്മോ ബിജെപിയോ ഉൾപ്പെടെ ഏതെങ്കിലുമൊരു പാർട്ടിയിൽ അംഗമായിരുന്നുകൊണ്ട് കക്ഷിരാഷ്ട്രീയത്തിൽ പങ്കെടുക്കുന്നതു മാത്രമല്ല രാഷ്ട്രീയം. പിന്നെന്താണ് എന്ന ചോദ്യത്തിന്റെ ഉത്തരംകൂടിയാണ് കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിനെതിരേ സീന എന്ന വനിതയുടെ പ്രതികരണം. ആളൊഴിഞ്ഞ വീടുകളിൽ ബോംബ് നിർമാണം നടക്കുന്നുണ്ടെന്നും പാർട്ടിക്കാരെ ഭയന്നാണ് ആരും തുറന്നുപറയാത്തതെന്നുമായിരുന്നു കഴിഞ്ഞദിവസത്തെ സ്ഫോടനസ്ഥലത്തിനടുത്തുള്ള സീന എന്ന യുവതിയുടെ വെളിപ്പെടുത്തൽ.
സീന ഏതെങ്കിലും അന്വേഷണ ഏജൻസിയുടെ ഉദ്യോഗസ്ഥയല്ലാത്തതിനാൽ അവരുടെ വാക്കുകളിൽ ന്യൂനതകളുണ്ടാകാം. പക്ഷേ, അക്രമരാഷ്ട്രീയത്തിനെതിരേയുള്ള അവരുടെ പ്രതികരണം രാഷ്ട്രീയമാണ്. അവരുടെ പാർട്ടിബന്ധം തിരയുന്ന നേരത്ത് ബോംബിന്റെ ഉറവിടം കണ്ടെത്തിയിരുന്നെങ്കിൽ!
കണ്ണൂർ തലശേരി എരഞ്ഞോളിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കു ബോംബ് പൊട്ടിത്തെറിച്ചു മരിച്ചത് എരഞ്ഞോളി സ്വദേശി വേലായുധനാണ്. വീടിനോടു ചേർന്ന് ആൾതാമസമില്ലാത്ത വീടിന്റെ വളപ്പിൽ തേങ്ങ പെറുക്കുന്നതിനിടെ കിട്ടിയ വസ്തു തുറന്നുനോക്കിയപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് വേലായുധന്റെ അയൽക്കാരിയായ സീന, പ്രദേശത്ത് പതിവായി ബോംബ് നിര്‍മാണം നടക്കുന്നുണ്ടെന്നും പലതവണ പറമ്പുകളില്‍നിന്നു ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും പറഞ്ഞത്. പേടിച്ചിട്ടാണ് ആരും മിണ്ടാത്തതെന്നും സഹികെട്ടാണ് തുറന്നുപറയുന്നതെന്നും അവര്‍ മാധ്യമങ്ങളോടു പറഞ്ഞു.
താൻ പ്രതികരിച്ചതിനു പിന്നാലെ നാട്ടില്‍ ഒറ്റപ്പെടുത്തല്‍ തുടങ്ങിയെന്നും ആക്രമിക്കപ്പെട്ടേക്കാമെന്ന പേടിയുണ്ടെന്നും സിപിഎം പ്രവർത്തകർ വീട്ടിലെത്തിയെന്നും അവർ പിന്നീടു പറഞ്ഞു. എതിർക്കുന്നവരെ പാർട്ടി ഒറ്റപ്പെടുത്തുന്നതും ഊരുവിലക്കു കൽപിക്കുന്നതും അവരുടെ സമാധാനജീവിതം അസാധ്യമാക്കുന്നതുമൊക്കെ കണ്ണൂരിൽ നടാടെയല്ല. ഗോത്രകാലത്തെന്നപോലെ ഏറ്റുമുട്ടലുകളിൽ അഭിരമിക്കുന്നവരിൽ ഗുണ്ടാസംഘമേത് രാഷ്ട്രീയക്കാരേത് എന്നു തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കുന്നു!
കണ്ണൂരിൽ ഇടയ്ക്ക് ബോംബ് പൊട്ടാറുണ്ടെന്നും, ശത്രുക്കളും നിരപരാധികളും ചിലപ്പോൾ നിർമാണത്തിനിടെ പാർട്ടിക്കാരും പൊട്ടിത്തെറിക്കാറുണ്ടെന്നും അരിയാഹാരം കഴിക്കുന്നവർ ആദ്യമല്ല കേൾക്കുന്നത്. പക്ഷേ, വെടിക്കോപ്പുകളുടെ പ്രഭവകേന്ദ്രങ്ങളോ ബോംബ് നിർമാതാക്കളോ നിയമത്തിനുമുന്നിൽ എത്താറില്ല. അതുകൊണ്ട് ബോംബ് നിർമാണം തുടരുകയും ചെയ്യുന്നു. ഈ ബോംബ് സംസ്കാരം അവസാനിക്കണം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കണ്ടെടുത്തത് 252 ബോംബുകളാണ്. 1998നു ശേഷം ബോംബ് നിർമിക്കുന്നതിനിടെ 10 പേർ കൊല്ലപ്പെട്ടു.
രാഷ്ട്രീയക്കാർ മാത്രമല്ല, ക്വട്ടേഷൻ സംഘങ്ങളും ഈ ‘കൈത്തൊഴിലി’ൽ ഏർപ്പെട്ടിട്ടുണ്ട്. അവർക്കു രാഷ്ട്രീയബന്ധമുണ്ടോയെന്നും അന്വേഷിക്കട്ടെ. ഒന്നുകിൽ ബോംബ് നിർമിക്കുന്നവരും ഗൂഢാലോചനക്കാരും അത്ര ശക്തരാണ്. അല്ലെങ്കിൽ വർഷങ്ങളായി നമ്മുടെ ആഭ്യന്തരവകുപ്പിനു കഴിവില്ല. രണ്ടായാലും നാടിനാപത്താണ്. ആൾത്താമസമില്ലാത്ത വീടുകൾ, പറമ്പുകൾ, മതിലുകളിലെ പൊത്തുകൾ, പാറമടകൾ, അഴുക്കുവെള്ള സംഭരണി, മരപ്പൊത്ത് എന്നിവിടങ്ങളിൽനിന്നെല്ലാം ബോംബുകൾ കണ്ടെത്തിയിട്ടുണ്ട്. ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീൽപാത്രം തുറന്നപ്പോഴാണ് 1998 ഏപ്രിലിൽ നാടോടി ബാലിക സൂര്യകാന്തിയുടെയും അച്ഛൻ ഗോവിന്ദന്റെയും കൈയും കണ്ണുമൊക്കെ തകർന്നത്. അതേ വർഷം, ചന്പാട് ചേതാവൂരിൽ നാലു സ്കൂൾ വിദ്യാർഥികൾക്കു പരിക്കേറ്റു.
രണ്ടു ദിവസത്തിനകമാണ് പാനൂരിൽ ഏഴു വയസുള്ള തമിഴ് നാടോടി ബാലൻ അമാവാസിയുടെ കൈപ്പത്തി അറ്റത്. നവംബറിൽ പാട്യം കോങ്ങാറ്റയിൽ സുരേന്ദ്രൻ പറമ്പിൽ കിളയ്ക്കുന്നതിനിടെ മൺവെട്ടി സ്റ്റീൽ ബോംബിൽ തട്ടിയാണ് പൊട്ടിത്തെറിച്ചത്. സുരേന്ദ്രന്റെ കാഴ്ച പോയി. ആറളം ഫാം വളയംചാലിൽ കളിക്കുന്നതിനിടെ ഏഴു വയസുകാരി അഞ്ജുവിനും അഞ്ചു വയസുകാരൻ വിഷ്ണുവിനും പരിക്കേറ്റത് 2007 മേയിൽ. ഇങ്ങനെ നിരവധി കേസുകളുണ്ട്. പക്ഷേ, പ്രതികളില്ല.
യുദ്ധമേഖലകളിലല്ലാതെ ലോകത്തു മറ്റെവിടെയെങ്കിലും കണ്ണൂരിലേതുപോലെ ബോംബ് ചിതറിക്കിടപ്പുണ്ടോയെന്ന് അന്വേഷിക്കേണ്ടതാണ്. വെടിമരുന്നും അനുബന്ധ വസ്തുക്കളും എത്തിച്ച് സ്ഥിരമായി ബോംബുണ്ടാക്കിയിട്ടും ഒരിക്കലും പോലീസിന്റെ പിടിയിലാകാത്ത കുറ്റവാളികൾ മറ്റെവിടെയെങ്കിലും ഉണ്ടോയെന്നും അന്വേഷിക്കണം. ഉറപ്പാണ്; ഭരിക്കുന്നവർ വിചാരിക്കാതെ കണ്ണൂരിന്റെ മണ്ണ് ബോംബ് മുക്തമാക്കാൻ ഒരു സ്ക്വാഡിനുമാകില്ല. സീനയെന്ന യുവതിയുടെ ധീരമായ വെളിപ്പെടുത്തൽ, ജനാധിപത്യകേരളത്തിൽ കുടിയിരിക്കുന്ന പ്രാകൃത രാഷ്ട്രീയത്തിന്റെ ബാധകളെ ഒഴിപ്പിക്കാനുള്ള മുന്നറിയിപ്പാണ്.