തിരുത്തിയാൽ പാർട്ടിക്കു കൊള്ളാം
Friday, June 21, 2024 12:00 AM IST
സിപിഎമ്മിന്റെ നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയല്ല നാട്ടുകാരുടെ പണി. പക്ഷേ, അധികാരമുപയോഗിച്ച് നാടു നന്നാക്കുന്നതിലും ശ്രദ്ധ വീടു നന്നാക്കുന്നതിലാണെന്നു സംശയിച്ചാൽ ജനങ്ങളും അവർക്കുവേണ്ടി മാധ്യമങ്ങളും അതു വിളിച്ചുപറയും. പോരാളി ഷാജിമാരെപ്പോലെ ഒളിച്ചിരുന്നല്ല, മുഖത്തു നോക്കി പറയും.
ജനങ്ങളെ മനസിലാക്കുന്നതിൽ പരാജയപ്പെട്ടത് ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതിൽ ചെറിയൊരു തിരുത്തു വേണമെന്നു തോന്നുന്നു.
അതായത്, ജനങ്ങളെ മനസിലാക്കുന്നതിൽ ഈ പാർട്ടി ഇപ്പോഴും പരാജയമാണ്. കാരണം, താത്വികമായ അവലോകനങ്ങൾ ഏറെ നടത്തിയെങ്കിലും കഴിഞ്ഞ മൂന്നുവർഷമായി ഭരണപരാജയത്തിൽ നരകിച്ച മനുഷ്യരുടെ സാന്പത്തികത്തകർച്ചയും മാധ്യമങ്ങളെ ഉൾപ്പെടെ ആട്ടിപ്പുറത്താക്കുന്ന അഹന്തയും അന്തർദേശീയ വിഷയങ്ങളിൽ പോലും പ്രീണനസാധ്യത കണ്ടെത്തുന്ന വക്രബുദ്ധിയും അതിലൂടെയും കരുത്താർജിക്കുന്ന വർഗീയരാഷ്ട്രീയവുമൊന്നും നിങ്ങളുടെ തിരിച്ചറിവിൽ ഇല്ല. തിരുത്തിയാൽ നിങ്ങൾക്കു കൊള്ളാം. തിരുത്തിയില്ലെങ്കിൽ എന്തു ചെയ്യണമെന്നു ജനങ്ങൾക്കുമറിയാം.
തെരഞ്ഞെടുപ്പു കഴിഞ്ഞതു മുതൽ ഇടതുപക്ഷത്തിന്റെ പരാജയകാരണങ്ങൾ സിപിഎമ്മിനുള്ളിലും ചർച്ചയായിരുന്നു. അതിന്റെ തുടർച്ചയാണ് സംസ്ഥാന സമിതി, സെക്രട്ടേറിയറ്റ് യോഗങ്ങളിലുണ്ടായതും പാർട്ടി സെക്രട്ടറി മാധ്യമങ്ങളോടു പറഞ്ഞതും. “കേരളത്തിൽ ഇടതുപക്ഷത്തിനു നല്ല പരാജയമാണുണ്ടായത്. ജനങ്ങളുടെ മനോഭാവം മനസിലാക്കാൻ സാധിച്ചില്ല. ബിജെപിക്കും ഒരു സീറ്റ് കിട്ടി എന്നതാണ് ഏറ്റവും അപകടകരം. ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവ ഒരു മുന്നണിപോലെ ഇടതുപക്ഷത്തിനെതിരേ പ്രവർത്തിച്ചു.
എസ്എൻഡിപിയിലേക്ക് ബിഡിജെഎസിലൂടെ ബിജെപി കടന്നുകയറി. ക്രൈസ്തവരിലെ ഒരു വിഭാഗം ബിജെപി അനുകൂല നിലപാടെടുത്തു. തൃശൂരിൽ കോൺഗ്രസിന്റെ വോട്ട് ചോർന്നത് അതുകൊണ്ടാണ്. പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ കൃത്യമായി നൽകാനായില്ല. വലതുമാധ്യമങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം നടത്തി. പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് ഇമേജ് തകർക്കാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തെയും ലക്ഷ്യമിട്ടു.
തോൽവിയുടെ പശ്ചാത്തലത്തിൽ രൂപരേഖ തയാറാക്കി പ്രവർത്തിക്കും. എല്ലാ ലോക്കൽ കമ്മിറ്റികളിലും ബഹുജന കൂട്ടായ്മകൾ നടത്തും.” ഗോവിന്ദൻ പറഞ്ഞതെല്ലാം നുണയല്ല, എല്ലാം സത്യവുമല്ല. ജനങ്ങളുടെ മനോഭാവം മനസിലാക്കാൻ സാധിച്ചില്ലെന്ന നിരീക്ഷണമാണ് ഏറ്റവും ശരിയായിട്ടുള്ളത്. എന്നാൽ, മുഖ്യമന്ത്രിക്കെതിരേയുള്ള ഒറ്റതിരിഞ്ഞാക്രമണമെന്ന ഇരവാദവും തീവ്രവാദ സംഘടനകളെക്കുറിച്ചുള്ള കൈകഴുകലുകളുമൊക്കെ കേവലം ന്യായീകരണങ്ങൾ മാത്രമാണ്.
യുഡിഎഫിൽനിന്നും എൽഡിഎഫിൽനിന്നും ബിജെപിക്ക് വോട്ട് ചോർന്നിട്ടുണ്ടാകും. അതു ജനാധിപത്യത്തിലെ സ്വാതന്ത്ര്യമാണ്. അതിന്റെ കാരണമെന്തെന്നു കണ്ടെത്താൻ വൈകുന്തോറും ചോർച്ച വർധിച്ചുകൊണ്ടേയിരിക്കും. തീവ്രചിന്തയുള്ളവരെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞതുപോലെയുള്ള സംഘടനകൾ വളർന്നതെങ്ങനെയെന്നു ചിന്തിച്ചുകൊള്ളുക. നിങ്ങളൊക്കെ ഇവിടെ ഭരിച്ചും പ്രതിപക്ഷത്തിരുന്നും കണ്ണുപൊത്തിക്കളി നടത്തുന്നതിനിടെയാണ് ഇപ്പോൾ തീവ്രവാദികളെന്നു കണ്ടെത്തിയ സംഘടനകൾ കൈവെട്ടിക്കളിച്ചും കൊലപാതക മുദ്രാവാക്യം വിളിച്ചും നാട്ടിൽ അഴിഞ്ഞാടിയത്.
കേന്ദ്രത്തിൽ ബിജെപിയില്ലായിരുന്നെങ്കിൽ പോപ്പുലർ ഫ്രണ്ടിനെതിരേ റെയ്ഡ് നടത്താനും നിരോധിക്കാനും ആരുമുണ്ടാകുമായിരുന്നില്ലെന്നു കരുതുന്നവർ ഹിന്ദുക്കളിലും ക്രിസ്ത്യാനികളിലും മുസ്ലിംകളിലുമുണ്ട്. ജനങ്ങളുടെ ആ മനോഭാവം തിരിച്ചറിയാൻ കഴിയാത്തവർക്കൊക്കെ തിരിച്ചടികളുണ്ടാകും. ന്യൂനപക്ഷമെന്നു പറഞ്ഞ് തീവ്രവാദ മനോഭാവത്തെ പ്രത്യക്ഷമായോ പരോക്ഷമായോ പ്രീണിപ്പിക്കാൻ സിപിഎമ്മും മത്സരിക്കാഞ്ഞിട്ടല്ല, പരാജയപ്പെട്ടതിനാലാണ് ഈ കൊതിക്കെറുവ്. ഏതു മതത്തിന്റെ പേരിലായാലും തീവ്രവാദ-വർഗീയ സംഘടനകളെ പ്രീണിപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയം രാജ്യവിരുദ്ധമാണ്.
മറ്റുള്ളവരുടെ അസഹിഷ്ണുതയും ഏകാധിപത്യ പ്രവണതയും കണ്ടുപിടിക്കുന്നതുപോലെ എളുപ്പമല്ല, സ്വന്തം നേതാക്കൾക്ക് അതുണ്ടോയെന്നു കണ്ടെത്തുന്നതും ചൂണ്ടിക്കാണിക്കുന്നതും. അതിന് നട്ടെല്ലും ജനാധിപത്യബോധവും വേണം. അത്തരം വിമർശനത്തിനു തുനിയുന്നവരെ ലോകത്ത് ഒരു കമ്യൂണിസ്റ്റ് പാർട്ടിയും വച്ചുപൊറുപ്പിക്കില്ല. നിങ്ങൾ സംസ്ഥാന സമിതിയും സെക്രട്ടേറിയറ്റുമൊക്കെ വിട്ട് സാധാരണക്കാരായ സിപിഎമ്മുകാരിലേക്കു കടന്നുചെല്ലൂ.
അവർ പറയും, വിലക്കയറ്റവും സപ്ലൈക്കോയിലെ ശൂന്യമായ അലമാരകളും കാർഷിക വിളകളുടെ വിലത്തകർച്ചയും വന്യജീവി ആക്രമണങ്ങളും മുടങ്ങിയ പെൻഷനും, കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും നിരക്കുവർധനയുമൊക്കെ ജീവിതത്തെ താറുമാറാക്കിയത് എങ്ങനെയാണെന്ന്. നിങ്ങളുടെ വിദ്യാർഥിസംഘടനയുടെ നേതാക്കൾ മുതൽ മുകളിലോട്ടുള്ളവരുടെ അഴിമതിയും അഹന്തയും നാട്ടുകാരെ വെറുപ്പിച്ചത് എങ്ങനെയാണെന്നറിയാനും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം.
സിപിഎമ്മിന്റെ നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയല്ല നാട്ടുകാരുടെ പണി. പക്ഷേ, അധികാരമുപയോഗിച്ച് നാടു നന്നാക്കുന്നതിലും ശ്രദ്ധ വീടു നന്നാക്കുന്നതിലാണെന്നു സംശയിച്ചാൽ ജനങ്ങളും അവർക്കുവേണ്ടി മാധ്യമങ്ങളും അതു വിളിച്ചുപറയും. പോരാളി ഷാജിമാരെപ്പോലെ ഒളിച്ചിരുന്നല്ല, മുഖത്തുനോക്കി പറയും. കേട്ടാൽ നിങ്ങൾക്കു കൊള്ളാം. അല്ലെങ്കിൽ ജനാധിപത്യത്തിൽ മരുന്നുണ്ട്; സമയമാകുന്പോൾ തന്നുകൊള്ളും. സംശയമുണ്ടെങ്കിൽ ബംഗാളിലെ സംസ്ഥാന സമിതിയോടു ചോദിച്ചാൽ മതി.