റെയിൽവേയുടെ ടിക്കറ്റ് ദുരന്തത്തിലേക്കാകരുത്
Thursday, June 20, 2024 12:00 AM IST
ഏതാനും ആഡംബര ട്രെയിനുകളുടെ വർണശബളിമയും റെയിൽവേ സ്റ്റേഷനുകളിലെ ഫോട്ടോ പോയിന്റുകളും ഉദ്ഘാടന മഹാമഹങ്ങളും നമ്മുടെ റെയിൽവേയെ ശ്രദ്ധേയമാക്കിയേക്കും; മികച്ചതാക്കില്ല. അതിന് ആദ്യം യാത്രക്കാരുടെ സുരക്ഷയും പിന്നെ സൗകര്യങ്ങളും ഉറപ്പാക്കണം.
തീ കത്തിച്ച് ഓടിച്ചിരുന്ന തീവണ്ടികൾ ഇല്ലാതായെങ്കിലും യാത്രക്കാരുടെ നെഞ്ചിലെ തീയണയ്ക്കാൻ ഇന്ത്യൻ റെയിൽവേക്ക് കഴിഞ്ഞിട്ടില്ല. വന്ദേഭാരത് ഉൾപ്പെടെ വേഗത്തിലും സൗകര്യങ്ങളിലും മികച്ച ട്രെയിനുകൾ അവതരിപ്പിച്ചതൊക്കെ കൊള്ളാം. പക്ഷേ, ടിക്കറ്റെടുത്ത് ട്രെയിനിൽ കയറുന്നയാളെ നിശ്ചിത സ്ഥാനത്തു സുരക്ഷിതമായി ഇറക്കിവിടാനും കഴിയണം. കഴിഞ്ഞദിവസം പശ്ചിമബംഗാളിലെ ജൽപായ്ഗുഡി സ്റ്റേഷനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോക്കോ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 15 പേരാണു മരിച്ചത്. ഒരു അനുശോചനവും രണ്ടു പൊള്ള വാഗ്ദാനങ്ങളും ചെറിയൊരു നഷ്ടപരിഹാരവും കൊടുത്ത് ഒതുക്കിത്തീർക്കേണ്ടതല്ല യാത്രക്കാരുടെ സുരക്ഷ.
സുരക്ഷയ്ക്കു പ്രാധാന്യം നൽകിയാണ് പുതിയ ട്രെയിനുകൾ പുറത്തിറക്കുന്നതെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും അപകടങ്ങൾ ആവർത്തിക്കുകയാണ്. തിങ്കളാഴ്ച രാവിലെയാണ് ത്രിപുരയിലെ അഗർത്തലയിൽനിന്നു കോൽക്കത്തയിലേക്കുള്ള യാത്രാമധ്യേ ജൽപായ്ഗുഡിയിൽ നിർത്തിയിട്ടിരുന്ന കാഞ്ചൻജംഗ എക്സ്പ്രസിൽ സിഗ്നൽ തെറ്റിച്ചെത്തിയ ഗുഡ്സ് ട്രെയിൻ ഇടിച്ചുകയറിയത്. 15 പേർ മരിക്കുകയും 60 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
മൂന്നു ബോഗികൾ പാളം തെറ്റിയതിൽ രണ്ടെണ്ണം തെറിച്ചുപോയി; മറ്റൊന്ന് ഗുഡ്സ് ട്രെയിനിന്റെ എൻജിനു മുകളിലായി. പതിവുപോലെ അനുശോചനങ്ങൾക്കു കുറവില്ല. സർക്കാർ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ജൂണിൽ ഒഡീഷയിലെ ബാലസോറിൽ കൊറമാണ്ഡൽ എക്സ്പ്രസും ബംഗളൂരു-ഹൗറ എസ്എഫ് എക്സ്പ്രസും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 295 പേർ മരിക്കുകയും 1100 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 27 വർഷത്തിനിടയിലെ ഏറ്റവും വലിയ അപകടമായിരുന്നു അത്. പക്ഷേ, വാഗ്ദാനങ്ങളും പ്രസ്താവനകളുമിറക്കി ആളുകളെ പറ്റിച്ചതല്ലാതെ സർക്കാർ പഠിക്കുകയോ തിരുത്തുകയോ ചെയ്തില്ല.
തുടർച്ചയായ ട്രെയിനപകടങ്ങൾ രണ്ടു വിഷയങ്ങളിലേക്കു വിരൽ ചൂണ്ടുന്നുണ്ട്. റെയിൽവേയിലെ ജീവനക്കാരുടെ കുറവും ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കുന്ന ‘കവച് ’ സംവിധാനം ഇല്ലായ്മയുമാണത്. കഴിഞ്ഞ 10 വർഷത്തിനിടെ റെയിൽവേയിൽ ഉണ്ടായ മൂന്നു ലക്ഷത്തോളം ഒഴിവുകൾ നികത്താത്തത് എന്തുകൊണ്ടാണെന്ന കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ ചോദ്യം പ്രസക്തമാണ്. ആവശ്യത്തിനു ലോക്കോ പൈലറ്റുമാർ ഇല്ലാത്തതിനാൽ ഉള്ളവർ അധികസമയം ജോലി ചെയ്യേണ്ടിവരുന്നത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ടെന്നു റെയിൽവേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതായത്, അറിഞ്ഞുകൊണ്ടുതന്നെയാണ് അപകടസാധ്യത നിലനിർത്തിയിരിക്കുന്നത്.
ഒരേ പാളത്തിൽ രണ്ടു ട്രെയിനുകൾ നേർക്കുനേർ എത്തിയാൽ ഓട്ടോമാറ്റിക് ബ്രേക്കിംഗ് സംവിധാനത്തിലൂടെ ട്രെയിനുകൾ നിർത്തി അപകടം ഒഴിവാക്കുന്ന ‘കവച് ’ സംവിധാനം എവിടെ പോയി? ഇന്ത്യ 2012ൽ വികസിപ്പിച്ച കൊളീഷൻ അവോയ്ഡ് സിസ്റ്റമായ ‘കവച് ’ 2016ലാണ് നടപ്പാക്കിയത്. ട്രെയിൻ എൻജിനുകളിലും പാളങ്ങളിലും സ്റ്റേഷനുകളിലും സിഗ്നൽ സംവിധാനത്തിലുമൊക്കെയായിട്ടാണ് ഇതു ക്രമീകരിക്കുന്നത്. രാജ്യത്ത് ആകെയുള്ള 68,000 കിലോമീറ്റർ റെയിൽ പാതയിൽ 6000 കിലോമീറ്ററിലും 70 ട്രെയിനുകളിലും മാത്രമാണ് കവച് ഏർപ്പെടുത്തിയിട്ടുള്ളത്.
ഇതു വിപുലീകരിക്കുമെന്നു പറയുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല. വന്ദേഭാരതിൽ കവച് ഉണ്ടെങ്കിലും ദക്ഷിണമേഖലയിലെ പാളങ്ങളിലും സിഗ്നൽ സംവിധാനങ്ങളിലും അതിനുള്ള ക്രമീകരണങ്ങളില്ല. പിന്നെന്തു പ്രയോജനം? ഏതാനും ആഡംബര ട്രെയിനുകളുടെ വർണശബളിമയും റെയിൽവേ സ്റ്റേഷനുകളിലെ ഫോട്ടോ പോയിന്റുകളും ഉദ്ഘാടന മഹാമഹങ്ങളും നമ്മുടെ റെയിൽവേയെ ശ്രദ്ധേയമാക്കിയേക്കും; മികച്ചതാക്കില്ല. ചില അതിവേഗ ട്രെയിനുകളുടെ സമയം പാലിക്കാൻവേണ്ടി പാളങ്ങളിൽ പിടിച്ചിടുന്ന അനേകം ട്രെയിനുകളിലെ യാത്രക്കാരുടെ ദുരിതങ്ങളും റെയിൽവേ ഗൗരവത്തിലെടുത്തിട്ടില്ല.
സമയം പാലിക്കുന്ന ട്രെയിനുകൾ വിരലിലെണ്ണാവുന്നവ പോലുമില്ല. ബുക്ക് ചെയ്തവർക്കു സീറ്റ് കിട്ടുമെന്ന് യാതൊരുറപ്പുമില്ലാതായി. എസി കോച്ചുകളിൽ പോലും റിസർവേഷനില്ലാതെ കയറിക്കൂടുന്നവരെ ഒഴിപ്പിക്കാൻ പോലീസോ ഉദ്യോഗസ്ഥരോ പലപ്പോഴും ഉണ്ടാകാറില്ല. ശുചിത്വമില്ലായ്മയാണ് ഇന്ത്യൻ റെയിൽവേയുടെ മറ്റൊരു കുപ്രസിദ്ധി. പുറപ്പെട്ട് മണിക്കൂറുകൾക്കകം ഉപയോഗിക്കാനാവാത്തവിധം വൃത്തിഹീനമാകും മിക്ക ട്രെയിനുകളിലെയും ശുചിമുറികൾ.
ആദ്യത്തെ ആഘോഷമൊക്കെ കഴിഞ്ഞതോടെ വന്ദേഭാരതിൽപോലും സ്ഥിതി ഭിന്നമല്ല. പലതും അഴുക്കിൽ കുളിച്ചിരിക്കുന്നു. സീറ്റുകളിൽ ഉൾപ്പെടെ അറ്റകുറ്റപ്പണികളില്ല. മാസങ്ങൾക്കു മുന്പുപോലും റിസർവേഷൻ കിട്ടാത്ത ട്രെയിനുകൾ നിരവധിയുണ്ട്. പക്ഷേ, കൂടുതൽ ട്രെയിനുകളോ കോച്ചുകളോ ഏർപ്പെടുത്തുന്ന കാര്യത്തിൽ സർക്കാരിനു ശ്രദ്ധയില്ല.
എന്നത്തെയുമെന്നപോലെ, ഇന്നും രണ്ടരക്കോടിയോളം യാത്രക്കാർ ട്രെയിനിൽ കയറും. പണം വാങ്ങി അവർക്കു കൊടുക്കുന്ന ടിക്കറ്റ് ദുരന്തത്തിലേക്കല്ലെന്നുകൂടി റെയിൽവേ ഉറപ്പാക്കണം. ജയ്പാൽഗുഡിയിൽനിന്ന്, അനാഥമായ കുടുംബങ്ങളിലേക്കു നിങ്ങൾ കൊടുത്തയച്ച മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം നിങ്ങളുടെ യാത്രക്കാരായിരുന്നു; മറക്കരുത്.