സ്പീഡ് ഗവര്‍ണര്‍ ഇല്ലാതെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തേണ്െടന്ന് മന്ത്രി
Monday, September 9, 2013 4:23 AM IST
എം.ജെ ശ്രീജിത്ത്

തിരുവനന്തപുരം: അമിത വേഗം നിയന്ത്രിക്കുന്ന സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാതെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തേണ്െടന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ കര്‍ശന നിര്‍ദ്ദേശം. എത്രയും വേഗം സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കണമെന്നും ഇല്ലാത്ത ബസുകള്‍ക്ക് ഉടനടി വാങ്ങി ഘടിപ്പിക്കണമെന്നുമാണ് കെ.എസ്.ആര്‍.ടി.സി എം.ഡിയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതു ഘടിപ്പിക്കണമെന്നും കേടായിട്ടുള്ളത് നന്നാക്കി ഘടിപ്പിക്കണമെന്നുമാണ് നിര്‍ദ്ദേശം. സ്പീഡ് ഗവര്‍ണര്‍ ഊരിയിട്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈക്കാര്യം മന്ത്രി എം.ഡിയോട് ആരാഞ്ഞു. ഇതേക്കുറിച്ച് അന്വേഷിക്കാമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കാമെന്നും എം.ഡി മന്ത്രിയ്ക്ക് ഉറപ്പ് നല്‍കി.

അമിത വേഗതയില്‍ പാഞ്ഞ് കെ.എസ്.ആര്‍.ടി.സിയോ സ്വകാര്യ ബസുകളോ അപകടം വരുത്തുന്നത് തടയാന്‍ കര്‍ശന നടപടി തന്നെ സ്വീകരിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി.