2024ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ സൗത്ത് കൊറിയൻ വനിതയാണ് ഹാൻ കാംഗ്. സാഹിത്യവാസനയുള്ള കുടുംബമാണ് ഹാനിന്റേത്. ഹാനിന്റെ പിതാവും മൂത്ത സഹോദരനും നോവലിസ്റ്റുകളാണ്. ഇളയ സഹോദരൻ നോവലിസ്റ്റും കാർട്ടൂണിസ്റ്റുമാണ്. കൊറിയൻ സാഹിത്യത്തിൽ ബിരുദം നേടിയിട്ടുള്ള ഹാൻ, യൂണിവേഴ്സിറ്റി ഓഫ് അയോവയുടെ ഇന്റർനാഷണൽ റൈറ്റിംഗ് പ്രോഗ്രാമിൽ പങ്കെടുത്തിട്ടുണ്ട്.
ഒരു മാസികയുടെ റിപ്പോർട്ടറായി ജോലി ആരംഭിച്ച ഹാൻ അതിവേഗം കവിതകളും നോവലുകളും രചിക്കാൻ തുടങ്ങി. ’ദ വെജിറ്റേറിയൻ’ എന്ന നോവലിന്റെ പ്രസിദ്ധീകരണത്തോടെ ഹാൻ അന്താരാഷ്ട്ര പ്രസിദ്ധി നേടി. ഈ നോവലിന് 2016ൽ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ലഭിച്ചു. 2011ൽ ഹാൻ പ്രസിദ്ധീകരിച്ച ഒരു നോവലായിരുന്നു ’ഗ്രീക്ക് ലെസൻസ്’. എന്നാൽ, 2023ൽ ആണ് ഇതിന്റെ ഇംഗ്ലീഷ് വിവർത്തനം പുറത്തിറങ്ങിയത്. ഇതെത്തുടർന്നാണ് ഈ നോവൽ 2024ലെ നൊബേൽ സമ്മാനം ഹാനിനു നേടിക്കൊടുത്തത്.
രണ്ടു പ്രധാന കഥാപാത്രങ്ങളാണ് ഈ നോവലിലുള്ളത്. ഒന്നാമത്തെയാൾ സംസാരശക്തി നഷ്ടപ്പെട്ട ഒരു സ്ത്രീയാണ്. അവളുടെ സംസാരശക്തി നഷ്ടപ്പെടാനുള്ള കാരണമായി പറയുന്നത് അവരുടെ അമ്മയുടെ മരണം, അവരുടെ വിവാഹത്തിന്റെ തകർച്ച, കസ്റ്റഡി തർക്കത്തിൽ മകനെ നഷ്ടപ്പെട്ടത് എന്നിവയൊക്കെയാണ്. ഈ സ്ത്രീയെ സംബന്ധിച്ചിടത്തോളം മൗനം എന്നത് ഒരു തടവറയും എന്നാൽ അതോടൊപ്പം ഒരു ആശ്വാസവുമാണ്. അവർ പറയുന്നു: “വാക്കുകൾ എന്നെ വിട്ടുപോയിരിക്കുന്നു. ഞാൻ വിളിക്കുന്പോൾ അവ വരുന്നില്ല.”
ഇപ്രകാരമൊരു പശ്ചാത്തലത്തിലാണ് ഈ സ്ത്രീ പുരാതന ഗ്രീക്ക് പഠിപ്പിക്കുന്ന ഒരു ക്ലാസിൽ പങ്കെടുക്കാൻ തീരുമാനിക്കുന്നത്. പുരാതന ഗ്രീക്ക് പഠിച്ചതുകൊണ്ട് തന്റെ സംസാരശക്തി വീണ്ടെടുക്കാൻ സാധിക്കുമെന്ന് അവർ കരുതുന്നില്ല. എന്നാൽ, നൂറ്റാണ്ടുകളായി ആരും സംസാരിക്കാത്ത ഈ ഭാഷയുടെ മൗനം അവർക്ക് ആകർഷകമായി തോന്നി. അങ്ങനെയാണ്, ഈ സാഹസത്തിന് അവർ തയാറായത്.
നൊബേൽ സമ്മാനം നേടിയ ഈ നോവലിലെ രണ്ടാമത്തെ പ്രധാന കഥാപാത്രം പുരാതന ഗ്രീക്ക് പഠിപ്പിക്കുന്ന അധ്യാപകനാണ്. ഗ്രീക്ക് പഠിക്കാൻ എത്തിയിരിക്കുന്ന സ്ത്രീ സംസാരശേഷി നഷ്ടപ്പെട്ടവളാണെങ്കിൽ അവരുടെ അധ്യാപകന്റെ പ്രശ്നം സാവധാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചശക്തിയാണ്. കാഴ്ചശക്തി നഷ്ടപ്പെടുന്നതുമൂലം എല്ലാം മങ്ങിയാണ് കാണുന്നതെങ്കിലും പുരാതന ഗ്രീക്ക് ഭാഷയുടെ വ്യാകരണവും ഭാഷാപ്രയോഗവും സംബന്ധിച്ച് അദ്ദേഹത്തിനു നല്ല വ്യക്തതയുണ്ട്. അദ്ദേഹം പറയുന്നു: “എന്റെ കാഴ്ച മങ്ങിപ്പോകുന്പോഴും ഈ വാക്കുകൾ കത്തിജ്വലിച്ച് എന്റെ മനസിൽ നിൽക്കുന്നു.”
രണ്ടു രീതിയിൽ ക്ലേശിക്കുന്ന രണ്ട് വ്യക്തികൾ. ഒരാൾക്ക് സംസാരശേഷിയില്ല. മറ്റെയാൾക്ക് കാഴ്ചക്കുറവും. ഒരാൾ സ്ത്രീ. മറ്റെയാൾ പുരുഷൻ. എങ്കിലും അവർ പരസ്പരം പ്രേമബദ്ധരല്ല. അവരുടെ സ്നേഹം റൊമാന്റിക്കുമല്ല. അവരുടെ പരസ്പരബന്ധം അവരുടെ നഷ്ടബോധത്തിൽനിന്നുണ്ടാകുന്നതാണ്. ആ ബന്ധമാകട്ടെ അഗാധമാണു താനും. ആ പരസ്പരബന്ധമാണ് അവർക്ക് നവജീവൻ നൽകുന്നത്.
രണ്ടുപേരും ഓരോ രീതിയിൽ ദുഃഖിതരാണ്. രണ്ടുപേർക്കം പരസ്പരം അവരുടെ ദുഃഖത്തിന്റെ ആഴം മനസിലാക്കാൻ സാധിക്കുന്നു. അതുവഴി, അവർ ചെയ്യുന്നതാകട്ടെ ഭാരം വഹിക്കാൻ പരസ്പരം സഹായിക്കുകയും. തന്റെ വിദ്യാർഥിയായ സ്ത്രീക്ക് സംസാരശേഷിയില്ലെങ്കിലും അവരെ മനസിലാക്കാൻ അയാൾക്ക് സാധിക്കുന്നുണ്ട്. അതു സാധിക്കുന്നതാകട്ടെ അയാൾക്ക് കാഴ്ചക്കുറവുള്ള പശ്ചാത്തലത്തിലും!
ഗലാത്തിയർക്കുള്ള ലേഖനത്തിൽ വിശുദ്ധ പൗലോസ് എഴുതുന്നു: “പരസ്പരം ഭാരം വഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ നിയമം പൂർത്തിയാക്കുവിൻ ”(6:2). എന്തു നിയമമാണ് നാം പൂർത്തിയാക്കേണ്ടത്? സ്നേഹത്തിന്റെ നിയമം. “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ, നിങ്ങളും പരസ്പരം സ്നേഹിക്കുക.” (യോഹ 13:34) എന്ന ക്രിസ്തുവിന്റെ പുതിയ നിയമം.
നാം എല്ലാവരും ഓരോ വിധത്തിലുള്ള ഭാരങ്ങൾ വഹിക്കുന്നവരാണ്. എന്നാൽ, ആ കാരണം പറഞ്ഞു മറ്റുള്ളവരെ സഹായിക്കുന്നതിൽനിന്നു നാം മാറിനിൽക്കരുത്. നേരേ മറിച്ച്, നാം നമ്മുടെ ഭാരങ്ങൾ വഹിക്കുന്പോഴും നമുക്കു സാധിക്കുന്ന രീതിയിൽ മറ്റുള്ളവരുടെ ഭാരങ്ങൾ വഹിക്കാൻ നാം തയാറാകണം. ഗ്രീക്ക് ലെസൻസ് എന്ന നോവലിലെ ഈ കഥാപാത്രങ്ങളും ഇതാണ് നമ്മെ അനുസ്മരിപ്പിക്കുന്നത്.
സംസാരശേഷി നഷ്ടപ്പെട്ടപ്പോൾ ആ സ്ത്രീക്ക് നഷ്ടപ്പെട്ടതു പുറംലോകവുമായി സംവദിക്കാനുള്ള ശക്തിയായിരുന്നു. എന്നാൽ, പുരാതന ഗ്രീക്ക് പഠിക്കുന്നതുവഴി തന്റെ മനസിനെ സജീവമാക്കാൻ സാധിക്കുമെന്ന് അവർ വിശ്വസിച്ചു. തന്റെ ജീവിതത്തിൽ അതിഗൗരവമായ ഒരു പ്രശ്നമുണ്ടായപ്പോൾ അതോർത്തു പരിതപിച്ചിരിക്കാതെ അതിനെ മറികടക്കാനാണ് അവർ ശ്രമിച്ചത്. അതിന് ഉൗർജം പകർന്നതാകട്ടെ മറ്റൊരു പ്രശ്നംമൂലം ജീവിതത്തോടു മല്ലടിച്ചുകൊണ്ടിരുന്ന ഒരു അധ്യാപകനും.
കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടുന്നതുമൂലം ക്ലേശിക്കുന്ന ഈ അധ്യാപകൻ ഒരിടത്ത് ഇപ്രകാരം പറയുന്നുണ്ട്: “സഹനങ്ങൾ നേരിടാൻ സാധിക്കുന്നു എന്നതുതന്നെ വലിയ ഒരു അനുഗ്രഹമല്ലേ?” അദ്ദേഹം പറയുന്നത് എത്രയോ ശരി! നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ക്ലേശങ്ങളും പ്രതിസന്ധികളും നേരിടാൻ നമുക്കു സാധിക്കുന്നുണ്ടെങ്കിൽ അതുതന്നെ വലിയൊരു ദൈവാനുഗ്രഹമാണ്.
വിശുദ്ധ പൗലോസിന്റെ വാക്കുകൾ ശ്രദ്ധിക്കുക: ഞങ്ങൾ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു. എങ്കിലും തകർക്കപ്പെടുന്നില്ല. വിഷമിക്കപ്പെടുന്നു; എങ്കിലും ഭഗ്നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചുവീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല” (2 കോറി 4:8-9). തന്റെ വിഷമങ്ങളിലും പ്രതിസന്ധികളിലും പിടിച്ചുനിൽക്കാൻ എങ്ങനെയാണ് പൗലോസിന് സാധിച്ചത്? ദൈവത്തിന്റെ കൃപ! ദൈവത്തിന്റെ അനുഗ്രഹം!
നാം പരസ്പരം ഭാരങ്ങൾ വഹിച്ചു മുന്നോട്ടുപോകുന്പോൾ ദൈവത്തിന്റെ കൃപ കൂടുതലായി നമ്മിലേക്ക് ഒഴുകും. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ഭാരം എത്ര ദുർവഹമാണെങ്കിലും അതു താങ്ങാനുള്ള ശക്തി നമുക്കു ലഭിക്കും. എന്നാൽ, അതിനു പരസ്പരം ഭാരം താങ്ങാൻ നാം തയാറാകണമെന്നു മാത്രം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ