യൂറോപ്പിൽ ഭീതിപരത്തി കൊറോണ വൈറസ്: ബ്രിട്ടീഷ് എയർവെയ്സ് സർവീസ് നിർത്തി, സ്വിറ്റ്സര്‍ലന്‍ഡില്‍ സര്‍ജിക്കല്‍ മാസ്കിനു ക്ഷാമം
Wednesday, January 29, 2020 10:35 PM IST
ലണ്ടൻ/ സൂറിച്ച്: കൊറോണ വൈറസ് ബാധ ഏഷ്യൻ ഭൂഗണ്ടത്തിൽ നിന്നും യൂറോപ്പിലേക്ക് കടന്നതോടെ യൂറോപ്യൻ രാജ്യങ്ങളും അതീവ ജാഗ്രതാ നിർദേശം നൽകിക്കഴിഞ്ഞു. മുൻകരുതൽ നടപടിയായി ബ്രിട്ടീഷ് എയർവെയ്സ് ചൈനയിലേക്കുള്ള നേരിട്ടുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. ബ്രിട്ടീഷ് വിദേശകര്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണിത്.

ഓസ്ട്രേലിയ, ജപ്പാൻ, അമേരിക്ക, ജർമനി തുടങ്ങിയ രാജ്യങ്ങൾ ഇതിനോടകം തങ്ങളുടെ പൗരന്മാരെ ചൈനയിൽനിന്നും നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ അയച്ചിരുന്നു.

യുണൈറ്റഡ് എയർലൈൻസ്, എയർ കാനഡ, പസഫിക് എയർവേസ് തുടങ്ങിയ വിമാനക്കമ്പനികൾ ചൈനയിലേക്കുള്ള സർവീസുകൾ കഴിഞ്ഞദിവസം നിർത്തിയിരുന്നു.

നൂറിലേറെ പേരുടെ മരണത്തിനിടയായ കൊറോണ വൈറസ് ഇതിനോടകം 16 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്.

സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡില്‍ ഇതുവരെ ആര്‍ക്കും കൊറോണവൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും രാജ്യത്ത് ആശങ്കയ്ക്ക് കുറവില്ല. മിക്ക കാന്‍റനുകളിലെയും ഫാര്‍മസികളില്‍ സര്‍ജിക്കല്‍ മാസ്കുകളുടെ സ്റ്റോക്ക് തീര്‍ന്നു.


ഇത്തരം മാസ്കുകള്‍ കൊറോണവൈറസിനെതിരേ ഫലപ്രദമല്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുള്ളതാണെങ്കിലും ആളുകള്‍ ഇവ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. സ്റ്റോക്കിന്റെ ഇരുപത് മടങ്ങാണ് ഇപ്പോള്‍ ഇവയുടെ ഡിമാന്‍ഡ്.

സൂറിച്ചില്‍ രണ്ടു പേര്‍ക്ക് വൈറസ് ബാധ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനയില്‍ നെഗറ്റീവ് റിപ്പോര്‍ട്ടാണ് വന്നത്. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പോലും രാജ്യത്തില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ