കരോള്‍ഗാന മത്സരത്തില്‍ ഹെര്‍മോന്‍ മാര്‍ത്തോമാ പള്ളി ഗായകസംഘത്തിന് ഒന്നാം സമ്മാനം
Monday, December 16, 2019 12:43 PM IST
ബര്‍മിംഗ്ഹാം: ഗര്‍ഷോം ടിവിയും ലണ്ടന്‍ അസഫിയന്‍സും ചേര്‍ന്ന് നടത്തിയ ജോയ് റ്റു ദി വേള്‍ഡ് മൂന്നാമത് ഓള്‍ യുകെ കരോള്‍ സംഗീത ഗാന മത്സരത്തില്‍ മിഡ്‌ലാന്‍ഡ്‌സ് ഹെര്‍മോന്‍ മാര്‍ത്തോമാ പള്ളി ഗായക സംഘം അലൈഡ് മോര്‍ട്‌ഗേജ് സര്‍വീസ് സ്‌പോണ്‍സര്‍ ചെയ്ത ആയിരം പൗണ്ട് കാഷ് അവാര്‍ഡിന് അര്‍ഹരായി.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ പള്ളികളെയും, സംഘടനകളെയും പ്രതിനിധീകരിച്ചു പങ്കെടുത്ത പതിനഞ്ചു ഗായകസംഘങ്ങള്‍ പങ്കെടുത്ത പോരാട്ടത്തില്‍ ബ്രിസ്റ്റോള്‍ ക്‌നാനായ കത്തോലിക്ക അസോസിയേഷന്‍ ഗായക സംഘം , ഹെവന്‍ലി വോയിസ് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് , ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ഗായകസംഘം, എയില്‍സ്‌ഫോര്‍ഡ് സെന്റ് പാദ്രെ പിയോ മിഷന്‍ ഗായകസംഘം എന്നിവര്‍ യഥാക്രമം രണ്ടും , മൂന്നും , നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി. രണ്ടാം സ്ഥാനം നേടിയ ബ്രിസ്റ്റോള്‍ ടീമിന് അഞ്ഞൂറ് പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം നേടിയ ഹെവന്‍ലി വോയിസ് ടീമിന് ഇരുനൂറ്റി അമ്പതു പൗണ്ടും ട്രോഫിയും, നാലും അഞ്ചും ടീമുകള്‍ക്കു ട്രോഫിയും സമ്മാനിച്ചു .


കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി തുടര്‍ച്ചയായി നടക്കുന്ന ജോയ് റ്റു ദി വേള്‍ഡ് കരോള്‍ മത്സരവും ,സംഗീത നിശയും ഓരോ വര്‍ഷം കഴിയുന്തോറും പങ്കെടുക്കുന്ന ടീമുകളുടെ എണ്ണവും, ആളുകളും വര്‍ധിച്ചു വരുന്നതായാണ് കാണുന്നത് . ബ്രിസ്റ്റോള്‍ ബ്രാഡ്‌ലി സ്റ്റോക് മേയര്‍ ടോം ആദിത്യ പരിപാടിയില്‍ മുഖ്യാഥിതി ആയി പങ്കെടുക്കുകയും സമ്മേളനം ഉത്ഘാടനം ചെയ്യുകയും ചെയ്തു .യു കെ ക്രോസ്സ് കള്‍ച്ചര്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ജോ കുര്യന്‍ , ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഫാ. ടോമി എടാട്ട് എന്നിവര്‍ ക്രിസ്മസ് സന്ദേശം നല്‍കി.

മത്സരങ്ങള്‍ക്ക് ശേഷം നടന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ വെരി . റെവ . ഫാ. ജോര്‍ജ് ചേലക്കല്‍ , അലൈഡ് മോര്‍ട്ട് ഗേജ് മാനേജിങ് പാര്‍ട്ണര്‍ ബിജോ ടോം ചൊവ്വേലിക്കുടി , മേയര്‍ ടോം ആദിത്യ , ഗര്‍ഷോം ടി വി ഡിറക്ടര്മാരായ ജോമോന്‍ കുന്നേല്‍, ബിനു ജോര്‍ജ്, സുനീഷ് ജോര്‍ജ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. യുകെ മലയാളികള്‍ക്കിടയില്‍ സംഗീത രംഗത്ത് മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ച വച്ച് മുന്നേറുന്ന ടെസ്സ സൂസന്‍ ജോണ്‍, ടീന ജിജി എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി ചടങ്ങില്‍ ആദരിച്ചു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍