വിമാനത്തിൽ കുട്ടികൾ അടുത്തില്ലാത്ത സീറ്റ് നോക്കി ബുക്ക് ചെയ്യാൻ സൗകര്യം
Tuesday, October 8, 2019 9:16 PM IST
ബർലിൻ: ചെറിയ കുട്ടികളുടെ കരച്ചിൽ ശല്യമായി കരുതാൻ പാടില്ലെന്നാണ് പറയാറ്. എന്നാൽ, മണിക്കൂറുകൾ നീളുന്ന വിമാനയാത്രയിൽ മറ്റുള്ളവരുടെ കുട്ടികൾ അടുത്തിരുന്ന് കരയുന്നത് പലർക്കും ബുദ്ധിമുട്ടാകുന്നു എന്നതാണ് യാഥാർഥ്യം.

ഈ ’പ്രശ്നം’ പരിഹരിക്കാൻ ജപ്പാൻ എയർലൈൻസ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നു. സീറ്റ് ബുക്ക് ചെയ്യുന്പോൾ തന്നെ, കുട്ടികളുള്ള കുടുംബങ്ങൾ ബുക്ക് ചെയ്തിരിക്കുന്ന സീറ്റുകൾ തിരിച്ചറിയാനുള്ള ഇൻഡിക്കേഷൻ നൽകുന്നതാണിത്. ഇതു നോക്കി, പരമാവധി അകലത്തിലുള്ള സീറ്റ് ബുക്ക് ചെയ്യാൻ മറ്റുള്ളവർക്ക് അവസരം ലഭിക്കും.

സെലക്റ്റ് ചെയ്തു കഴിഞ്ഞ സീറ്റിൽ ചെറിയ കുട്ടികളുണ്ടെങ്കിൽ ചൈൽഡ് സിംബൽ കാണിക്കും. എട്ടു ദിവസം മുതൽ രണ്ടു വയസു വരെ പ്രായമുള്ള കുട്ടികളുണ്ടെങ്കിലാണ് ഇതു കാണിക്കുക.ഈ സംവിധാനം യൂറോപ്യൻ എയർലൈൻസുകളും മാതൃകയാക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ